സുരക്ഷിതരായി, ഒറ്റക്കെട്ടായി, സജ്ജമായി ഇന്ത്യ; സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ പൂര്‍ത്തിയായി

രാജ്യവ്യാപക സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ പൂര്‍ത്തിയായി. കേരളത്തിലെ 14 ജില്ലകളിലും മോക്ഡ്രില്‍ നടന്നു. നാല് മണിക്ക് തന്നെ മോക് ഡ്രില്ലിന്റെ ഭാഗമായി മുന്നറിയിപ്പ് നല്‍കുന്ന സൈറണ്‍ മുഴങ്ങി. സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയുടെ ആസ്ഥാനത്തുനിന്നാണ് സൈറണുകള്‍ നിയന്ത്രിച്ചത്. കവചം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 126 സൈറണുകളാണ് മുഴങ്ങിയത്. 4.30ന് മോക്ഡ്രില്‍ അവസാനിച്ചു. (kerala civil defence mock drill updates)
കൃത്യം 4 മണിക്ക് അപായസൂചന നല്‍കുന്ന നീണ്ട സൈറണ്‍ മുഴങ്ങിയ ശേഷം കൃത്യം 4.28ന് ക്ലോസിങ് സൈറണും മുഴങ്ങി. 30 സെക്കന്റ് നേരം മാത്രമാണ് ക്ലോസിങ് സൈറണ്‍ നീണ്ടുനിന്നത്. അപകടമൊഴിവായെന്നും ഇനി സുരക്ഷിതരായി പുറത്തേക്കിറങ്ങാമെന്നും അറിയിച്ചുകൊണ്ടാണ് 4.28ന് ക്ലോസിങ് സൈറണ്‍ മുഴങ്ങിയത്. അപകടമേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടതെങ്ങനെയെന്നും വീടുകളില്‍ സുരക്ഷിതരായിരിക്കേണ്ടത് എങ്ങനെയെന്നും പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കേണ്ടത് എങ്ങനെയെന്നും കാണിച്ചുതരുന്നതായിരുന്നു അരമണിക്കൂര്‍ നീണ്ടുനിന്ന മോക്ഡ്രില്‍.
Read Also: ഇന്ന് നടക്കുന്ന സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ എങ്ങനെ? പൊതുജനങ്ങള്‍ എന്തൊക്കെ ചെയ്യണം?
1971ല്‍ ഇന്ത്യ പാക് യുദ്ധത്തിന് മുന്‍പായിരുന്നു മോക് ഡ്രില്‍ ഇതിന് മുന്‍പ് നടത്തിയത്. ആക്രമണമുണ്ടായാല്‍ സ്വയം സുരക്ഷ ഉറപ്പാക്കാനുള്ള ബോധവത്കരണമാണ് മോക് ഡ്രില്ലിലൂടെ ഉദ്ദേശിക്കുന്നത്. ആംബുലന്‍സുകളും ആശുപത്രികളും അധികൃതരും ജനപ്രതിനിധികളും പൊതുജനങ്ങളും ഉള്‍പ്പെടെ മോക്ഡ്രില്ലിനോട് പൂര്‍ണമായി സഹകരിച്ചു. ജില്ലകളിലെ കലക്ടര്‍മാരും ജില്ലാ ഫയര്‍ ഓഫീസര്‍മാരുമാണ് മോക്ഡ്രില്ലിന് നേതൃത്വം നല്‍കിയത്.
ശത്രുരാജ്യം വ്യോമാക്രമണം നടത്താന്‍ മുതിര്‍ന്നാല്‍ നല്‍കുന്ന മുന്നറിയിപ്പ് സംവിധാനമാണ് നീണ്ട അപായ സൈറണ്‍. എയര്‍ റെയ്ഡ് സൈറന്‍ എന്നാണിത് അറിയപ്പെടുന്നത്. യുക്രെയ്ന്‍ റഷ്യ, ഇസ്രയേല്‍ പലസ്തീന്‍ യുദ്ധ സമയങ്ങളിലെല്ലാം ജനങ്ങള്‍ക്ക് സൈറന്‍ നല്‍കി വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്നത് നേരത്തെ കണ്ടിരുന്നതാണ്. സ്ഥിരമായി യുദ്ധമുണ്ടാകുന്നയിടങ്ങളില്‍ ബങ്കറുകളിലേക്കാണ് ജനങ്ങള്‍ സുരക്ഷയ്ക്കായി മാറുക. മോക്ഡ്രില്ലില്‍ സൈറന്‍ കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നാണ് നിര്‍ദേശം.
Story Highlights : kerala civil defence mock drill updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here