Advertisement

പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത് 13 സാധാരണക്കാർ; വിവരങ്ങൾ പങ്കുവെച്ച് വിദേശകാര്യ മന്ത്രാലയം

2 days ago
Google News 2 minutes Read
poonch

ഇന്നലെ പൂഞ്ചിൽ പാകിസ്താൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം. 13 സാധാരണക്കാർക്കാണ് പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ട്ടമായത്. കൂടാതെ, നിയന്ത്രണ രേഖയിലുടനീളം പാകിസ്താൻ നടത്തിയ വെടിനിർത്തൽ ലംഘനങ്ങളുടെ ഫലമായി പൂഞ്ചിൽ 44 പേർ ഉൾപ്പെടെ 59 പേർക്ക് പരുക്കേറ്റു. നിയന്ത്രണ രേഖയിലെ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ് സൈന്യം. പാക് ഷെല്ലാക്രമണത്തിൽ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ലന്സ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഈ മേഖലയിലെ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് വലിയ രീതിയിലുള്ള ഷെല്ലാക്രമണമാണ് പൂഞ്ചിൽ അടക്കം പാകിസ്താൻ നടത്തിയിരുന്നത്. വീടുകളടക്കം ആക്രമണത്തിൽ നശിച്ചു. 1971 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിനുശേഷം ഇതാദ്യമായിട്ടാണ് ഈ മേഖലകളിൽ ഷെല്ലാക്രമണം ഉണ്ടാകുന്നത്. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാകിസ്താൻ മുമ്പും മോർട്ടാർ, പീരങ്കി ഷെല്ലാക്രമണം നടത്തിയിട്ടുണ്ടെങ്കിലും, അതിർത്തി പട്ടണത്തിനുള്ളിൽ, പ്രത്യേകിച്ച് ജനവാസ മേഖലകളിൽ, ഇത്രയും ആഴത്തിലുള്ള ഷെല്ലാക്രമണം ഒരിക്കൽപോലും ഉണ്ടായിട്ടില്ല.

Read Also: ഇന്ത്യ – പാക് സംഘർഷം; സർവകക്ഷി യോഗം ആരംഭിച്ചു

ഏപ്രിൽ 22 ന് 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിനുശേഷമാണ് പാകിസ്താൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. പൂഞ്ചിൽ, നിരവധി താമസക്കാരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ് ഇന്ത്യൻ സൈന്യം. ചന്ദക്, ലസ്സാന, സനായ്, സത്ര എന്നിവിടങ്ങളിലേക്കാണ് ഇവരെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചിരിക്കുന്നത്. പ്രകോപനത്തിന് ഉചിതമായ മറുപടി നൽകാൻ സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം കരസേന മേധാവി നൽകിയിട്ടുണ്ട്. നിയന്ത്രണ രേഖയിലെ സാഹചര്യങ്ങൾ കരസേന മേധാവി നിരീക്ഷിച്ചുവരുന്നു. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം കര വ്യോമ നാവികസേനകൾ വിലയിരുത്തി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേനകൾ സജ്ജമെന്ന് പ്രതിരോധ മന്ത്രാലയം. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളോട് അവശ്യവസ്തുക്കളുടെയും സേവനകളുടെയും ലഭ്യത ഉറപ്പുവരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി.

Story Highlights : Pakistan ceasefire violations: 13 civilian killed in J-K’s Poonch in firing and shelling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here