Advertisement

ഇന്ത്യ – പാക് വെടിനിര്‍ത്തല്‍; പാക് സൈനിക മേധാവി യുഎസ്, ചൈന, സൗദി രാജ്യങ്ങളില്‍ നേരിട്ടെത്തി ഇടപെടല്‍ അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ട്

1 day ago
2 minutes Read
asim muneer

ഇന്ത്യ – പാക് വെടിനിര്‍ത്തലിനായി പാക് സൈനിക മേധാവി യുഎസ്, ചൈന, സൗദി എന്നീ രാജ്യങ്ങളില്‍ നേരിട്ടെത്തി ഇടപെടല്‍ അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ട്. പാകിസ്താന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയുടെ ആക്രമണത്തില്‍ തകര്‍ന്നതിനു പിന്നാലെയാണ് അനുനയം നടത്തണമെന്ന് ആവശ്യപ്പെട്ട് പാക് സൈനിക മേധാവി രാജ്യം വിട്ടത്. അതിനിടെ ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന്‍ വ്യോമതാവളം തകര്‍ന്നതായി ദൃശ്യങ്ങള്‍ സഹിതം പാക് മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.

അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ഇന്ത്യ തിരിച്ചടിക്കുമ്പോള്‍ പാക് സൈനിക മേധാവി രാജ്യത്ത് ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അസിം മുനീര്‍ വിദേശ രാജ്യങ്ങളില്‍ ഇടപെടല്‍ തേടി പോയിരിക്കുക ആയിരുന്നു എന്നാണ് വിവരം. അമേരിക്ക, ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളോടാണ് ഇന്ത്യയെ അനുനയിപ്പിക്കാന്‍ ഇടപെടണമെന്ന് നേരിട്ടത്തി ആവശ്യപ്പെട്ടത്. പാക് വ്യോമപ്രതിരോധ സംവിധാനം ഇന്ത്യ തകര്‍ത്തതിന് പിന്നാലെ, സംഘര്‍ഷം തുടര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന തിരിച്ചടികള്‍ ഭയന്നാണ് പ്രോട്ടൊക്കോല്‍ ലംഘിച്ചുള്ള പാക് സൈനിക മേധാവിയുടെ യാത്ര. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളുമായി ചര്‍ച്ച നടന്നതും വെടി നിര്‍ത്തല്‍ കരാറില്‍ എത്തിയതും.

Read Also: ‘ഭീകരതയുടെ മണ്ണ് സുരക്ഷിതമല്ല, ഭീരകരരെ പിന്തുടർന്ന് വേട്ടയാടും; പാകിസ്താന് ഉള്ളിൽ ചെന്ന് സായുധ സേന മറുപടി നൽകി’;രാജ്‌നാഥ് സിങ്

ധാരണയില്‍ എത്താന്‍ ആദ്യം മുന്‍കൈ എടുത്തത് പാകിസ്താന്‍ ആണെന്ന് വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താനിലെ റഹിം യാര്‍ ഖാന്‍ വ്യോമതാവളം തകര്‍ന്നതായി പാക് മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു . ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് പാക് പഞ്ചാബിലെ വിമാനത്താവളം തകര്‍ന്നത്. പാക് – യുഎഇ നയതന്ത്ര പങ്കാളിത്തത്തോടെ നിര്‍മിച്ച വ്യോമതാവളമാണിത്. വിമാനത്താവളം തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തില്‍ യുഎഇ പ്രസിഡന്റും കുടുംബവും ഉപയോഗിച്ചിരുന്ന റോയല്‍ ലോഞ്ച് ഉള്‍പ്പെടെ കാര്യമായ നാശനഷ്ടമുണ്ടായി. തിരിച്ചടിക്കും ഇന്ത്യ ബ്രഹമോസ് മിസൈലുകളും ഉപയോഗിച്ചതായി പാക് മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.

വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ പാകിസ്താന്‍ വ്യോമപാത തുറന്നു. അതേസമയം ഇന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ ഒന്നും പാക് പ്രകോപനം ഉണ്ടായില്ല. ശ്രീനഗര്‍ അടക്കമുള്ള അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന ബ്ലാക്ക് ഔട്ട് ജില്ലാ ഭരണകൂടം പിന്‍വലിച്ചു.

Story Highlights : India-Pakistan ceasefire; Pakistan Army Chief reportedly visits US, China, Saudi Arabia, requests intervention

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top