ലിജോ ജോസ് പെല്ലിശേരിയും, ലിസ്റ്റിൻ സ്റ്റീഫനും കൈകോർക്കുന്ന മൂൺവോക്കിന്റെ ട്രെയ്‌ലർ വന്നു

വിനോദ് എ.കെ യുടെ സംവിധാനത്തിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ‘മൂൺവോക്കി’ന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഒരു കൂട്ടം പുതുമുഖങ്ങളെ വെച്ച് ബ്രെക്ക് ഡാൻസിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം അവതരിപ്പിക്കുന്നത് ലിജോ ജോസ് പെല്ലിശേരിയാണ്. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ ലിസ്റ്റിൻ സ്റ്റീഫനും കലാമൂല്യവും വാണിജ്യമൂല്യവുമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശേരിയും കൈകോർക്കുമ്പോൾ മികച്ചൊരു സിനിമ അനുഭവം പ്രതീക്ഷിക്കാം.
ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വിനോദ് കെയും, മാത്യു വർഗീസും, സുനിൽ ഗോപാലകൃഷ്ണനും ചേർന്നാണ്. ട്രെയിലറിൽ ഉടനീളം നിരവധി ത്രസിപ്പിക്കുന്ന നൃത്ത രംഗങ്ങൾ കാണാം. പോപ്പ് ചക്രവർത്തി മൈക്കിൾ ജാക്സന്റെ നിരവധി റെഫറന്സുകളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അൻസാർ ഷാ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന മൂൺവോക്ക് എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസഫും, കിരൺ ദാസും ചേർന്നാണ്. 2019ൽ ചിത്രീകരണമാരംഭിച്ച് റിലീസ് നീട്ടി വെക്കപ്പെട്ട ചിത്രമാണ് മൂൺവോക്ക്. 2022ൽ മനോരമ മ്യൂസിക്കിലൂടെ പുറത്തുവന്ന ചിത്രത്തിലെ ‘ഒരു കിനാക്കാലം’ എന്ന ഗാനം പ്രേക്ഷകപ്രീതി നേടിയിരുന്നു.
നൂറിലധികം പുതുമുഖങ്ങൾ ചിത്രത്തിൽ വിവിധ വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 1980 കളും 90 കളുടെ ആദ്യ പകുതിയിലുമാണ് മൂൺവോക്കിന്റെ കഥ നടക്കുന്നത്. ചിത്രം മെയ് 23 ന് തിയറ്ററുകളിലിലെത്തും.
Story Highlights :The trailer of Moonwalk is out now
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here