‘ഓപ്പറേഷൻ സിന്ദൂർ: പ്രധാനമന്ത്രി സർവകക്ഷിയോഗം വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കണം’; ഡിഎംകെ

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സർവകക്ഷിയോഗം വിളിച്ച് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ രംഗത്തെത്തി. പഹൽഗാം ഭീകരാക്രമണത്തിന് മുൻപ് തീവ്രവാദ കേന്ദ്രങ്ങളെ തിരിച്ചറിയാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ടോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം എന്നായിരുന്നു ഇളങ്കോവന്റെ ആവശ്യം.
‘ഇത് പോലുള്ള സംഭവങ്ങളിൽ ജനങ്ങൾക്കായി വിശദീകരണം നൽകേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണ്,
തീവ്രവാദ ഭീഷണികൾ നേരിടുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നതാണ് രാജ്യത്തിന് വേണ്ടതെ’ന്നും ഡിഎംകെ വക്താവ് പ്രതികരിച്ചു.
ഇതിനിടെ ഇന്ത്യാ-പാക് വെടിനിർത്തലിന് പിന്നിലെ ഉപാധികൾ വ്യക്തമാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ആവശ്യപ്പെട്ടു. എന്തെല്ലാം ഉപാധികളുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തിയതെന്നും പഹൽഗാമിൽ കൂട്ടക്കൊല നടത്തിയ ഭീകരരെ എന്തുചെയ്തു എന്നത് ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. പാർലമെൻറ് വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കണെമന്നും കെ.സി വേണുഗോപാൽ ട്വന്റിഫോറിനോട് പറഞ്ഞു.
പ്രത്യേക പാർലമെന്റ് സമ്മേളനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കോൺഗ്രസ് കത്തയച്ചിരുന്നു. സർവകക്ഷി യോഗവും പ്രത്യേക പാർലമെന്റ് സമ്മേളനവും വിളിക്കണമെന്നായിരുന്നു ആവശ്യം. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, വെടിനിർത്തൽ ധാരണ എന്നിവ സംബന്ധിച്ച് ചർച്ച നടത്തണമെന്നാണ് ആവശ്യപ്പെട്ടായിരുന്നു കത്തയച്ചിരുന്നത്. മൂന്നാം കക്ഷി മധ്യസ്ഥതയ്ക്ക് വാതിലുകൾ തുറന്നിട്ടോ, സിംല കരാർ റദ്ദാക്കിയോ തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തി കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തിയിരുന്നു.
Story Highlights : DMK TKS Elangovan seeks clarification from BJP government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here