Advertisement

CPIMനെ വെട്ടിലാക്കി ജി സുധാകരൻ; കോൺ​ഗ്രസിൽ ഇടഞ്ഞ് കെ സുധാകരൻ; തലവേദനയായി സുധാകരന്മാർ

May 16, 2025
Google News 2 minutes Read

മുൻമന്ത്രിയും സി പി എം നേതാവുമായ ജി സുധാകരനും മുൻ കെ പി സി സി പ്രസിഡന്റും കണ്ണൂർ എം പിയുമായ കെ സുധാകരനുമാണ് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. വ്യക്തവും ശക്തവുമായ നിലപാടുകളാണ് പലപ്പോഴും ഇവർ പാർട്ടിയെ വെട്ടിലാക്കാറ്. ജി സുധാകരൻ കണ്ണൂരിൽ സി പി ഐ എമ്മിന്റെ പര്യായമായിരുന്നു. കെ സുധാകരൻ കണ്ണൂരിൽ കോൺഗ്രസിന്റെ ശക്തിയായിരുന്നു. ഇരുവരും സ്വന്തം അഭിപ്രായം തുറന്നുപറയും, ആരെയും കൂസാത്ത സ്വഭാവം.

കാര്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ പലപ്പോഴായി നേതൃത്വത്തിന് തലവേദനയായി മാറിയ രണ്ട് നേതാക്കളാണ് ജി സുധാകരനും കെ സുധാകരനും. ഒരാൾ സി പിഐ എം നേതാവും മറ്റെയാൾ കോൺഗ്രസ് നേതാവുമാണെങ്കിലും ഇരുവരും ശക്തമായ നിലപാടുകളും, സത്യസന്ധതയും പുലർത്തുന്നവരാണ്. മന്ത്രിയായിരുന്നപ്പോൾ ജീവനക്കാരെ വിറപ്പിച്ചു നിർത്തിയ ഭരണാധികാരിയായിരുന്നു ജി സുധാകരൻ. ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താനും, അഴിമതിനിയന്ത്രിക്കാനും ശ്രമിച്ച മന്ത്രിയായിരുന്നു ജി സുധാകരൻ.

മന്ത്രിയെന്ന നിലയിൽ ഒരു വിട്ടുവീഴ്ചയും സ്വീകരിക്കില്ല, എതിരാളികൾക്കെതിരെ ഏതറ്റംവരെയും പോവും, സ്വന്തം പാർട്ടിക്കാരാണെങ്കിലും അല്ലെങ്കിലും സത്യം സത്യമായിതന്നെ അഭിപ്രായം പറയും. ഇതാണ് ജി സുധാകരന്റെ രീതി. വിവാദ പ്രസ്താവന നടത്തുന്നതിലൂടെ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതും ജി സുധാകരന്റെ രീതിയായിരുന്നു.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിൽ കൃത്രിമം കാട്ടിയെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് ജി സുധാകരൻ നടത്തിയിരിക്കുന്നത്. 1989 ലെ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകൾ ഇടത് സ്ഥാനാർത്ഥിക്ക് അനുകൂലമാക്കാനായി നടത്തിയ ക്രമക്കേടിനെക്കുറിച്ചുള്ള സുധാകരന്റെ വെളിപ്പെടുത്തലാണ് സി പി എമ്മിനെ വെട്ടിലാക്കുന്നത്. ബാലറ്റ് പാർട്ടി ഓപീസിൽ കൊണ്ടുപോയി തിരുത്തിയെന്ന വെളിപ്പെടുത്തലിൽ സുധാകരനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ് തിരഞ്ഞെടുപ്പുകമ്മീഷൻ.

ഗുരുതര നിയമലംഘനമാണ് നടത്തിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തൽ. ഇതുസംബന്ധിച്ച് അമ്പലപ്പുഴ തഹസിൽദാർ ജി സുധാകരന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരിക്കയാണ്. ഇന്ത്യൻ ജനാധിപത്യനിയമ പ്രകാരം ബാലറ്റിൽ തിരുത്തൽ നടത്തുന്നത് തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വെളിപ്പെടുത്തലിൽ കേസെടുക്കുന്നുവെങ്കിൽ കേസെടുക്കട്ടെ എന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം. സ്വന്തം പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കയാണ് സുധാകരന്റെ വെളിപ്പെടുത്തൽ. ജി സുധാകരൻ നേരത്തെയും വിവാദ പ്രസ്താവനകൾ നടത്തി സി പി എമ്മിനെ വെട്ടിലാക്കിയിരുന്നു. പോസ്റ്റൽ വോട്ടുകൾ പാർട്ടി ഓഫീസിൽ കൊണ്ടുപോയി തിരുത്തിയിരുന്നുവെന്ന വെളിപ്പെടുത്തൽ സി പി എം പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിപ്പിച്ചിരിക്കയാണ്. രാഷ്ട്രീയ പ്രതിയോഗികൾക്ക് അക്രമിക്കാനുള്ള അവസരമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ജി സുധാകരന്റെ വെളിപ്പെടുത്തലിൽ പാർട്ടി വിലയിരുത്തിയിരിക്കുന്നത്. സുധാകരന്റെ വെളിപ്പെടുത്തിലിൽ പാർട്ടി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read Also: തപാല്‍ വോട്ട് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ കേസ് എടുത്ത് പൊലീസ്

പാർട്ടി നേതൃത്വവുമായി കഴിഞ്ഞ നാലുവർഷമായി അത്രനല്ല ബന്ധത്തിലല്ല ജി സുധാകരൻ. നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങൾ തൊടുത്തുവിടുന്നതും അത് വിവാദമാവുന്നതും പതിവായിരുന്നു. ഒരു കാലത്ത് ആലപ്പുഴയിലെ പാർട്ടിയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു ജി സുധാകരൻ. പാർട്ടി നേതൃത്വം തുടർച്ചയായി അവഗണിക്കുന്നതാണ് ജി സുധാകരന്റെ വെളിപ്പെടുത്തലിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. എം എം മണി ഇടുക്കിയിൽ വർഷങ്ങൾക്ക് മുൻപ് നടന്ന രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ വൺ ടു ത്രീ പ്രയോഗം പോലെ ജി സുധാകരന്റെ പോസ്റ്റൽ വോട്ട് വിവാദം സി പി ഐ എമ്മിന് തലവേദനയായി മാറുകയാണ്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ അടക്കം സുധാകരന്റെ വെളിപ്പെടുത്തലിൽ ഇടപെട്ടതോടെ വിഷയം ദേശീയതലത്തിൽ ചർച്ചചെയ്യപ്പെടും. സി പി എമ്മിന്റെ ഉന്നത നേതാക്കളാരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ആലപ്പുഴ ജില്ലാ സെക്രട്ടറിയെകൊണ്ട് ഒരു പ്രസ്താവന നടത്തിച്ച് തൽക്കാലം വിഷയത്തിൽ നിന്നും വഴിമാറുകയാണ് സംസ്ഥാന നേതൃത്വം.

കെ പി സി സി അധ്യക്ഷനായിരുന്ന കെ സുധാകരന്റെ നിലപാടുകളാണ് കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്. അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റിയത് ചിലരുടെ താല്പര്യപ്രകാരമാണെന്നും, എ കെ ആന്റണിയുടെ നിർദേശപ്രകാരമാണ് എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഹൈക്കമാന്റിന് റിപ്പോർട്ട് നൽകിയതെന്നുമായിരുന്നു കെ സുധാകരന്റെ അഭിപ്രായപ്രകടനം. തന്നെ മാറ്റിയത് ശരിയായ നടപടിയായിരുന്നില്ലെന്നും, ചില തല്പര കക്ഷികളുടെ ഇടപെടലാണ് പെട്ടെന്നുള്ള മാറ്റങ്ങൾക്ക് കാരണമെന്നുമായിരുന്നു കെ സുധാകരന്റെ ആരോപണം.

നേരത്തെ ആർ എസ് എസുകാരുടെ ശാഖയക്ക് കാവൽ നിന്നിട്ടുണ്ടെന്നതടക്കമുള്ള നിരവധി വിവാദ വെളിപ്പെടുത്തൽ നടത്തി വെട്ടിലായ കോൺഗ്രസ് നേതാവാണ് കെ സുധാകരൻ. നേതൃമാറ്റം താനുമായി കൂടിയാലോചിച്ചില്ലെന്നാണ് സുധാകരന്റെ പരാതി. എന്നാൽ രണ്ടുവട്ടം നേതൃമാറ്റം ചർച്ച ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കയാണ് കെ പി സി സി നേതൃത്വം. എ ഐ സി സി പ്രത്യേകം ക്ഷണിതാവാക്കിയിട്ടും ഇടഞ്ഞു നിൽക്കുന്ന സുധാകരൻ കോൺഗ്രസിന് തലവേദനയായി മാറിയിരിക്കുകയാണ്.

Story Highlights : Controversy in CPIM and Congress K Sudhakaran and G Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here