Advertisement

ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്താന് നേരെ ഇന്ത്യ പ്രയോഗിച്ചത് ബ്രഹ്മോസ് മിസൈലുകളെന്ന് റിപ്പോര്‍ട്ട്

12 hours ago
Google News 2 minutes Read
brahmos

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന് നേരെ ഇന്ത്യ പ്രയോഗിച്ചത് ബ്രഹ്മോസ് മിസൈലുകളെന്ന് റിപ്പോര്‍ട്ട്. മേയ് 9 – 10 തിയതികളില്‍ പാകിസ്താനി എയര്‍ബേസുകള്‍ ലക്ഷ്യമിട്ട് നടത്തിയ തിരിച്ചടിയില്‍ 15 ബ്രഹ്‌മോസ് മിസൈലുകള്‍ ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേന നടത്തിയ തിരിച്ചടിയില്‍ പാകിസ്താന്റെ 13 എയര്‍ബേസുകളില്‍ 11നും കേടുപാടുകള്‍ സംഭവിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദേശപ്രകാരമാണ് തിരിച്ചടിക്ക് ബ്രഹ്മോസ് തിരഞ്ഞെടുത്തത് എന്നാണ് വിവരം.

മെയ് 7-8 രാത്രിയില്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്താന്‍ വടക്കന്‍, പടിഞ്ഞാറന്‍ ഇന്ത്യയിലെ നിരവധി സൈനിക ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, ലുധിയാന, ഭൂജ് എന്നിവയായിരുന്നു പാക്‌സ്താന്‍ ലക്ഷ്യമിട്ട പ്രദേശങ്ങള്‍. എന്നാല്‍, ഇന്ത്യയുടെ സംയോജിത വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എല്ലാ ഭീഷണികളെയും വിജയകരമായി കണ്ടെത്തി നിര്‍വീര്യമാക്കി. ഇതിനു മറുപടിയായി, ഇന്ത്യന്‍ സായുധ സേന പിറ്റേന്ന് രാവിലെ ലാഹോറിലേതടക്കമുള്ള പാകിസ്താന്‍ വ്യോമ പ്രതിരോധ റഡാറുകള്‍ ലക്ഷ്യമിട്ട് ഏകോപിത ആക്രമണങ്ങള്‍ നടത്തുകയായിരുന്നു.

Read Also: ‘സഹകരണം മുന്നോട്ട് കൊണ്ടുപോകും’; എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി അഫ്ഗാൻ വിദേശകാര്യ മന്ത്രി

അതേസമയം, ഏറ്റുമുട്ടലില്‍ ജെയ്‌ഷെ ഭീകരരെ വധിച്ച ജമ്മുകശ്മീരിലെ ത്രാലില്‍ ജാഗ്രത തുടരുന്നു. കൂടുതല്‍ ഭീകരര്‍ക്കായി വനമേഖല കേന്ദ്രീകരിച്ച് സുരക്ഷാ സേനയുടെ ഇന്നും തിരച്ചില്‍ തുടരും. അതിനിടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഇന്ന് ഗുജറാത്തിലെത്തും. ഭുജിലെ വ്യോമത്താവളം പ്രതിരോധ മന്ത്രി സന്ദര്‍ശിക്കും.

ഇതിനിടെ, അഫ്ഗാനിസ്താനുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും ഇന്ത്യ ആരംഭിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി അഫ്ഗാന്‍ വിദേശകാര്യ മന്ത്രി മൗലവി അമീര്‍ഖാന്‍ മുത്തഖി. അടിസ്ഥാനരഹിതമായ പ്രചാരണം വഴി ഇരു രാജ്യങ്ങള്‍ക്ക് ഇടയില്‍ ഭിന്നത സൃഷ്ട്ടിക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം അപലപിച്ചു. അഫ്ഗാന്‍ ജനതയുടെ വികസന ആവശ്യങ്ങള്‍ക്കുള്ള പിന്തുണ ഇന്ത്യ വാഗ്ദാനം ചെയ്തു. കൂടിക്കാഴ്ചയില്‍ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി.

Story Highlights : Report: India used Brahmos missiles against Pakistan in Operation Sindoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here