‘ശശി തരൂർ പാർട്ടിയോട് വിധേയത്വം കാണിക്കണം; വിശ്വപൗരൻ ആണെങ്കിലും എം.പി. ആക്കിയത് കോൺഗ്രസ്’; പി.ജെ. കുര്യൻ

ശശി തരൂരിനെതിരെ തുറന്നടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. വിശ്വപൗരൻ ആണെങ്കിലും എം.പി. ആക്കിയത് കോൺഗ്രസ് പാർട്ടി. ശശി തരൂർ പാർട്ടിയോട് വിധേയത്വം കാണിക്കണമെന്ന് പിജെ കുര്യൻ ആവശ്യപ്പെട്ടു. ഒരു വ്യക്തിയും പാർട്ടിയെക്കാൾ വലുതല്ല. മോദി ചെയ്യുന്ന നല്ല കാര്യങ്ങള് പറയുന്നതിൽ തെറ്റില്ല. എന്നാൽ മോദിയുടെ തെറ്റുകളും തുറന്ന് പറയണമെന്ന് പിജെ കുര്യൻ ട്വന്റിഫോറിനോട് പറഞ്ഞു.
ശശി തരൂർ പ്രഗത്ഭനായ വ്യക്തിയാണ്. എല്ലാ അംഗീകാരവും ലഭിക്കേണ്ടതാണ്. വിദേശപര്യടനത്തിനുള്ള സർവകക്ഷി സംഘത്തിലേക്ക് അദേഹത്തെ തിരഞ്ഞെടുകത്തതിൽ തെറ്റില്ലെന്നും പിജെ കുര്യൻ പറഞ്ഞു. പക്ഷേ ക്ഷണം കിട്ടിയ ഉടനെ സ്വീകരിക്കുന്നതിന് മുന്നേ പാർട്ടിയോട് പറയേണ്ടതുണ്ടെന്ന് അദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടിയിൽ എംപിയായിട്ടുള്ള എത്രയോ വിശ്വപൗരന്മാരുണ്ട്. അവരൊക്കെ പാർട്ടിയ്ക്ക് വിധേയരാണ്. ക്ഷണം സ്വീകരിക്കുന്നതിന് മുന്നേ പാർട്ടിയോട് അനുവാദം ചോദിക്കേണ്ടത് അദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു. പാർട്ടി അനുവാദം നൽകും. ഇക്കാര്യത്തിൽ ശശി തരൂരിന് വീഴ്ച സംഭവിച്ചു.
നരേന്ദ്ര മോദിയുടെ നല്ല കാര്യങ്ങൾ ചെയ്താൽ പറയുന്നതിൽ തെറ്റില്ല. അങ്ങനെ പറയണമെന്നതാണ് തന്റെ അഭിപ്രായമെന്ന് പിജെ കുര്യൻ പറഞ്ഞു. എന്നാൽ മോദിയുടെ നന്മ മാത്രം കാണുകയും തെറ്റുകൾ കാണാതിരിക്കുകയും ചെയ്യുമ്പോൾ അതിൽ എന്തോ കുഴപ്പമുണ്ട്. വിമർശനം ഉണ്ടാകാതെ സ്തുതി മാത്രം ഉണ്ടാകുമ്പോൾ അത് ആ ഭാഗത്തേക്കുള്ള ചായ്‌വ് ആയി മാത്രമേ കാണാൻ കഴിയുകയുള്ളൂവെന്ന് പിജെ കുര്യൻ പറഞ്ഞു. ഇത്തരം കാര്യങ്ങൾ ശശി തരൂർ തിരുത്തണമെന്ന് പിജെ കുര്യൻ ആവശ്യപ്പെട്ടു.
പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സർക്കാരിൻറെ വിദേശ പര്യടന സംഘത്തിലേക്ക് കോൺഗ്രസ് നിർദ്ദേശിക്കാത്ത ശശി തരൂരിനെ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. വിദേശയാത്രയുമായി ബന്ധപ്പെട്ട് ശശി തരൂർ പാർട്ടിയുടെ അനുമതി തേടിയിട്ടില്ലെന്ന് കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചിരുന്നു. അതേസമയം അതൃപ്തി പ്രകടിപ്പിക്കുമ്പോഴും,ശശി തരൂർ അടക്കമുള്ളവർക്ക് സർവകക്ഷി സംഘത്തിന്റെ ഭാഗമാകാൻ കോൺഗ്രസ് അനുമതി നൽകി.
Story Highlights : Congress leader P. J. Kurien against Shashi Tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here