‘വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി കുടിക്കെന്ന് മറുപടി’; മോഷണം ആരോപിച്ച് ദളിത് സ്ത്രീയ്ക്ക് നേരെ പൊലീസിന്റെ ക്രൂരത

ഇല്ലാത്ത മോഷണത്തിന്റെ പേരിൽ തിരുവനന്തപുരം പേരൂർക്കടയിൽ വീട്ടുജോലിക്കാരിയായ ദളിത് സ്ത്രീയ്ക്ക് പൊലീസിന്റെ മാനസിക പീഡനം. സ്വർണമാല കാണാനില്ലെന്ന പരാതിയിൽ പനയമുട്ടം സ്വദേശി ആർ ബിന്ദുവിനെ ഇക്കഴിഞ്ഞ മാസം 23ന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വെള്ളംപോലും നൽകാതെ 20 മണിക്കൂറോളം ചോദ്യം ചെയ്യുകയായിരുന്നു. കാണാതായ സ്വർണമാല അതേ വീട്ടിൽ നിന്ന് കണ്ടെത്തിയെങ്കിലും, പൊലീസ് എഫ്‌ഐആർ റദ്ദാക്കിയിട്ടില്ല. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും ബിന്ദു പരാതി നൽകി.
ബിന്ദുവിന്റെ വാക്കുകൾ
മാല ഞാന്‍ എടുത്തിട്ടില്ലെന്ന് ഒരുപാടുതവണ പറഞ്ഞു. വനിതാ പോലീസ് എൻറെ വസ്ത്രം അഴിച്ച് പരിശോധിച്ചു. മറ്റ് പോലീസുകാര്‍ എന്നെ അസഭ്യം പറഞ്ഞ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. മാനസികമായി ഏറെ സമ്മര്‍ദം നേരിട്ടു. ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവാങ്ങിവെച്ചു. രാത്രി ഒന്‍പത് മണിയോടെ പരാതിക്കാരി സ്റ്റേഷനിലെത്തി. പിന്നീട് സ്റ്റേഷനില്‍നിന്ന് പനയമുട്ടത്തെ എന്റെ വീട്ടില്‍ തിരച്ചിലിനായി എത്തിച്ചു. അവിടെയാകെ പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ല. ഒടുവില്‍ വീണ്ടും സ്റ്റേഷനില്‍ എത്തിച്ചു.
പുലരുവോളം എന്നെ സ്റ്റേഷനിലിരുത്തി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ചില്ലെങ്കില്‍ കുടുംബം മുഴുവന്‍ അകത്താകും എന്ന് ഉൾപ്പെടെ ഭീഷണിയുണ്ടായിരുന്നു. പെൺമക്കളെ രണ്ട് പേരെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും പലപ്രാവശ്യം തല്ലാന്‍ കൈ ഓങ്ങിയിരുന്നു. ബന്ധുക്കള്‍ ഭക്ഷണം കൊണ്ടുവന്നെങ്കിലും എനിക്ക് നല്‍കിയില്ല. ശുചിമുറിയില്‍ പോയി വെള്ളം കുടിക്കാനാണ് എന്നോട് പറഞ്ഞത്. ഏപ്രില്‍ 23-ന് വൈകുന്നേരം കസ്റ്റഡിയില്‍ എടുത്ത എന്നെ 24 ഉച്ചവരെ സ്റ്റേഷനില്‍ ഇരുത്തി. ഉച്ചയോടെ പരാതിക്കാരി സ്റ്റേഷനിലെത്തി എസ്‌ഐയോട് സംസാരിക്കുന്നത് ഞാന്‍ കണ്ടു. പിന്നാലെ എന്നോട് പോകാന്‍ പറഞ്ഞു. പരാതിക്കാരി പറഞ്ഞതിനാല്‍ വിട്ടയയ്ക്കുന്നു എന്നും ഇനി അമ്പലമുക്കിന്റേയും കവടിയാറിന്റേയും ഭാഗങ്ങളില്‍ കാണരുതെന്നും പറഞ്ഞു. എനിക്ക് നീതി കിട്ടണം, സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നൽകി.
Story Highlights : Dalit Woman Alleges Police Harassment Over False Theft Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here