സൂര്യയും മമിത ബൈജുവും ഒന്നിക്കുന്നു ; ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി

നടിപ്പിൻ നായകൻ സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നു. ദുൽഖർ സൽമാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്‍കറിന്റെ സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത് മമിത ബൈജുവാണ്. മമിതാ ബൈജു ഇതിനുമുൻപ് സൂര്യയ്‌ക്കൊപ്പം ബാലയുടെ സംവിധാനത്തിൽ അഭിനയിച്ച വണങ്കാൻ എന്ന ചിത്രം പകുതിക്ക് വെച്ച് മുടങ്ങി പോകുകയും മറ്റ് അഭിനേതാക്കളെ വെച്ച് വീണ്ടും ചിത്രീകരിക്കുകയും ചെയ്തിരുന്നു. വണങ്കാനിൽ സൂര്യയുടെ സഹോദരിയുടെ വേഷമായിരുന്നു മമിത ബൈജു അവതരിപ്പിച്ചിരുന്നത്.
ഇപ്പോൾ ആർ.ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷമാണു സൂര്യ വെങ്കി അറ്റ്ലൂരിയുടെ ചിത്രത്തിൽ അഭിനയിക്കാൻ തയാറെടുത്തിരിക്കുന്നത്. നിലവിൽ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന റെട്രോ എന്ന ചിത്രം പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാൽ സൂര്യ ആരാധകർ നിരാശയിലാണ് എന്നതും ശ്രദ്ധേയമാണ്.

സൂര്യക്കും മമിതാ ബൈജുവിനും ഒപ്പം രാധിക ശരത്കുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. സൂര്യയുടെ 46 എന്ന താൽക്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പേരോ പ്രമേയ സ്വഭാവമോ ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. റോഷാക്ക്, കുറുപ്പ്, കിംഗ് ഓഫ് കൊത്ത തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച നിമിഷ രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
ജി.വി പ്രകാശ് കുമാർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയം ചിത്രീകരിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. സൂര്യ 46 ന് ശേഷം സിനിമ പ്രേക്ഷകർ വർഷങ്ങളായി കാത്തിരിക്കുന്ന വെട്രിമാരൻ – സൂര്യ ചിത്രം വാടിവാസലിന്റെ ചിത്രീകരണമാരംഭിക്കും. വാടിവാസലിലും ജിവി പ്രകാശ് കുമാർ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

Story Highlights :Suriya and Mamitha Baiju team up; Venky Atluri after Lucky Bhaskar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here