ആശാവര്‍ക്കേഴ്‌സിന്റെ നൂറാം സമര ദിനം; ഇന്ന് 100 സമരപ്പന്തങ്ങള്‍ സെക്രട്ടറിയേറ്റ് നടയില്‍ ഉയര്‍ത്തും

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനമായ ഇന്ന് ആശാവര്‍ക്കേഴ്‌സിന്റെ നൂറാം സമര ദിനം കൂടിയാണ്. ഈ സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ പ്രതിരോധത്തില്‍ ആക്കിയ സമരം 100 എന്ന നാഴിക കല്ല് പിന്നിടുന്നത് ഇതേദിവസം എന്നത് യാദൃശ്ചികത. കേരളത്തിന്റെ സ്ത്രീ സമര ശക്തി സര്‍ക്കാരിന് ബോധ്യപ്പെട്ട 100 ദിവസങ്ങളാണ് കഴിഞ്ഞ് പോയത്.
സംസ്ഥാന സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ സമരമാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നയിച്ച ആശാ സമരം. ഈ വര്‍ഷം ഫെബ്രുവരി 10നാണ് സമരം ആരംഭിച്ചത്. പത്ത് ആവശ്യങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ആശാവര്‍ക്കേഴ്‌സിന്റെ ഓണറേറിയം 7000 രൂപ. സമരം തുടങ്ങുമ്പോള്‍ മൂന്നുമാസമായി ആ തുക കുടിശികയായിരുന്നു. കുടിശിക തീര്‍ക്കണം എന്നതായിരുന്നു സമരാവശ്യങ്ങളില്‍ ഒന്ന്. 7000 രൂപ ലഭിക്കാന്‍ പത്തു മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരുന്നു. അത് പിന്‍വലിക്കണം എന്നതായിരുന്നു മറ്റൊരു സമരാവശ്യം. ഏഴായിരത്തില്‍ നിന്ന് 21,000 ആക്കി ഓണറേറിയം വര്‍ധിപ്പിക്കണമെന്നത് മറ്റൊരാവാശ്യം. വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ അനുവദിക്കുക, അധിക ജോലിഭാരം ഒഴിവാക്കുക തുടങ്ങി പിന്നെയും ആവശ്യങ്ങള്‍ ഉണ്ടായിരുന്നു.
സമരം തുടങ്ങി അഞ്ചാം നാള്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടറേറ്റില്‍ നിന്നും സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചു. ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഫെബ്രുവരി 15ന് സമരത്തിന്റെ ആറാം ദിവസം ആശാവര്‍ക്കേഴ്‌സ് കുടുംബ സംഗമം നടത്താനായിരുന്നു തീരുമാനം. അന്ന് രാവിലെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സമര നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചു. പ്രതീക്ഷയോടെ ചര്‍ച്ചയ്ക്ക് പോയവര്‍ക്ക് നിരാശയായിരുന്നു ഫലം. സമരക്കാരുടെ ആവശ്യങ്ങള്‍ പോലും മനസിലാക്കാതെ വിളിച്ച പ്രഹസന ചര്‍ച്ച. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം കുടിശിക പോലും ഉടന്‍ ലഭിക്കില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ചര്‍ച്ചയ്ക്ക് പിന്നാലെ സമരം കടുപ്പിച്ചു. സമരത്തിന് ശ്രദ്ധ കിട്ടി. ആദ്യം മുഖം തിരിച്ചു പ്രതിപക്ഷ നേതാക്കള്‍ സമരപ്പന്തലിലേക്ക് എത്താന്‍ മത്സരിച്ചു.
ഫെബ്രുവരി 20ന് നടന്ന മഹാസംഗമത്തിലെ ആള്‍ക്കൂട്ടം സര്‍ക്കാരിനെയും വിറപ്പിച്ചു. ഒരു കടലാസ് സംഘടനയ്ക്ക് തലസ്ഥാന നഗരിയെ നിശ്ചലമാക്കും വിധം ആളെത്തിക്കാന്‍ കഴിഞ്ഞു. പിന്നാലെ മൂന്നുമാസം കുടിശികയില്‍ നിന്ന് രണ്ടുമാസത്തെ കുടിശികയുടെ തുക അനുവദിച്ചു. സമരത്തിന്റെ ആദ്യ വിജയം. ദിവസങ്ങള്‍ക്ക് ശേഷം ഒരു മാസത്തെ ഓണറേറിയം കൂടി അനുവദിച്ചതോടെ കുടിശിക തീര്‍ന്നു. അതിനിടയില്‍ ഓണറേറിയം മാനദണ്ഡങ്ങളും ഒഴിവാക്കുന്നുവെന്ന് അറിയിപ്പ് വന്നു. പക്ഷേ ഓണറേറിയം വര്‍ധനവില്ലാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടില്‍ ആശാ വര്‍ക്കേഴ്‌സ് തുടരുകയാണ്.
നിയമസഭാ മാര്‍ച്ചും, വനിതാ സംഗമവും , സെക്രട്ടറിയേറ്റ് ഉപരോധവും, മുടി മുറിക്കല്‍ സമരവും ഉള്‍പ്പെടെ പല സമര രീതികളും കണ്ടു. ഇതിനിടയില്‍ മാര്‍ച്ച് 20ന് അനിശ്ചിതകാല നിരാഹാര സമരവും ആരംഭിച്ചു. മെയ് ഒന്നു വരെ തുടര്‍ന്ന് നിരാഹാര സമരം അവസാനിപ്പിച്ചത് പുതിയ സമരം പ്രഖ്യാപനത്തോടെയായിരുന്നു. എല്ലാ ജില്ലകളും കടന്നുപോകുന്ന രാപ്പകല്‍ സമര യാത്ര പ്രഖ്യാപിച്ചു. സമര യാത്ര വടക്കന്‍ ജില്ലയില്‍ പര്യടനം തുടരുകയാണ്. നൂറാം ദിവസമായ ഇന്ന് 100 സമരപ്പന്തങ്ങള്‍ സെക്രട്ടറിയേറ്റ് നടയില്‍ ഉയര്‍ത്താനാണ് തീരുമാനം.
Story Highlights : 100th day of ASHA workers’ strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here