Advertisement

മൂന്ന് വയസുകാരിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി; കുഞ്ഞിനെ കൊലപ്പെടുത്തിയത് മാതാവെന്ന് മൊഴി

8 hours ago
Google News 3 minutes Read
dead body of 3 year old girl kalyani found from river

ആലുവയില്‍ മൂന്ന് വയസുകാരിയെ മാതാവ് പുഴയിലെറിഞ്ഞു എന്ന മൊഴിയ്ക്ക് പിന്നാലെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മറ്റക്കുഴി സ്വദേശി കല്യാണിയാണ് മരിച്ചത്. മൂഴിക്കുളം പുഴയില്‍ നിന്നാണ് കുട്ടിയുടെ ജഡം കണ്ടെത്തിയത്. പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും സ്‌കൂബ ഡൈവിങ് സംഘവും രാത്രി വൈകിയും പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. ഒന്‍പത് മണിക്ക് തുടങ്ങിയ തിരച്ചിലിനൊടുവിലാണ് മൂഴിക്കുളത്തെ കണ്ണീര്‍ക്കയമാക്കി പിഞ്ചോമനയുടെ മൃതദേഹം ലഭിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയും വെളിച്ചക്കുറവും ഉണ്ടായിരുന്നുവെങ്കിലും വെല്ലുവിളികളെയൊക്കെ മറന്ന് ഉറക്കമില്ലാതെ നാടൊന്നാകെ തിരഞ്ഞ ശേഷമാണ് എല്ലാവരേയും ദുഃഖത്തിലാഴ്ത്തി കല്യാണിയുടെ ചേതനയറ്റ ശരീരം പുഴയില്‍ നിന്ന് ലഭിക്കുന്നത്. (dead body of 3 year old girl kalyani found from river)

താന്‍ തന്നെയാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞതെന്ന് കുഞ്ഞിന്റെ അമ്മ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവര്‍ക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. കുടുംബ വഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

മുന്‍പും ഈ യുവതി മൂന്ന് വയസുകാരിയായ കല്യാണിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് വീട്ടുകാരുടെ മൊഴി. ഒരിക്കല്‍ കുട്ടിയ്ക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയിരുന്നു. അന്ന് ഇത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ കുഞ്ഞിനോട് ഐസ്‌ക്രീം കഴിക്കരുതെന്ന് പറഞ്ഞു. മറ്റൊരു ദിവസം ടോര്‍ച്ച് കൊണ്ട് യുവതി കല്യാണിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ കുടുംബപ്രശ്‌നമായി കണ്ട് രണ്ട് സംഭവങ്ങളും അധികമാരും അറിയാതെ അവസാനിപ്പിച്ചുവെന്നും കുടുംബം പുത്തന്‍കുരിശ് പൊലീസിന് മൊഴി നല്‍കി.

Read Also: മൂന്നുവയസുകാരിയെ കൊല്ലാന്‍ അമ്മ മുന്‍പും ശ്രമിച്ചതായി കുടുംബം; ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയെന്ന് ബന്ധുക്കളുടെ മൊഴി

തങ്ങള്‍ക്ക് കുടുംബ പ്രശ്‌നങ്ങളുണ്ടെന്നും കുഞ്ഞിനെ താന്‍ പുഴയിലെറിഞ്ഞെന്നും കല്യാണിയുടെ മാതാവ് തന്നെ ബന്ധുക്കളോട് പറഞ്ഞതായും വിവരമുണ്ട്. യുവതിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി അയല്‍വാസികളും സ്ഥിരീകരിക്കുന്നുണ്ട്. കുട്ടിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് യുവതി തന്നോട് പറഞ്ഞതായി ബന്ധു ട്വന്റിഫോറിനോട് പറഞ്ഞു.

കുട്ടിയുടെ അച്ഛനും അമ്മയും തമ്മില്‍ നിരന്തരം കലഹം ഉണ്ടാകാറുള്ളതായി അയല്‍വാസികളും പറയുന്നു. വഴക്കിന് ശേഷം രണ്ട് മാസത്തോളം യുവതി സ്വന്തം വീട്ടില്‍പ്പോയി നിന്നു. മാനസിക പ്രശ്‌നത്തിന്റെ ചില ലക്ഷണങ്ങളും ഇവര്‍ കാണിച്ചതായി അയല്‍ക്കാര്‍ പറഞ്ഞു. കനത്ത മഴ ആദ്യഘട്ടത്തില്‍ പുഴയിലെ തിരച്ചിലിന് തടസമായിരുന്നുവെങ്കിലും പിന്നീട് പുഴയിലെ ഒഴുക്ക് കുറഞ്ഞത് അനുകൂലഘടകമായി.

കുട്ടുമശ്ശേരി കുറുമശ്ശേരിയില്‍ നിന്നും മൂന്നുമണിക്ക് അംഗന്‍വാടിയില്‍ ഉണ്ടായിരുന്ന കുട്ടിയെ വിളിച്ച് കുട്ടിയുമായി മാതാവ് ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ആലുവയിലുള്ള തന്റെ വീട്ടിലേക്ക് പോകുന്നതിനാണ് തിരുവാങ്കുളത്തുനിന്നും കുട്ടിയുമായി മാതാവ് ബസില്‍ സഞ്ചരിച്ചത്. മൂഴിക്കുളത്ത് വച്ച് ബസിറങ്ങി പാലത്തിനടുത്തേക്ക് നടന്ന ശേഷം യുവതി കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു.

Story Highlights : dead body of 3 year old girl kalyani found from river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here