ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് അപേക്ഷ പരിഗണിക്കുന്നത്. ജാമ്യാപേക്ഷയെ എതിര്‍ത്ത് തിരുവനന്തപുരം പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷിചേര്‍ന്ന യുവതിയുടെ അമ്മയുടെ വാദവും ഹൈക്കോടതി കേള്‍ക്കും.
പേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബലാത്സംഗ കുറ്റമാണ് സുകാന്ത് സുരേഷിനെതിരെ ചുമത്തിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ മുതല്‍ സുകാന്ത് സുരേഷ് ഒളിവിലാണ്. കേസില്‍ നിരപരാധിയാണെന്നും മരണത്തില്‍ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിന്റെ വാദം. കേസില്‍ ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയ സാഹചര്യത്തില്‍ സുകാന്ത് സുരേഷിനെ ഐബി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. അറസ്റ്റിന് ഹൈക്കോടതി വിലക്കില്ലെങ്കിലും പൊലീസിന് ഇതുവരെയും സുകാന്ത് സുരേഷിനെ കണ്ടെത്താനായിട്ടില്ല.
പെണ്‍കുട്ടിയെ സാമ്പത്തികമായി ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തില്‍ നിന്നും പിന്‍മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. മൂന്നര ലക്ഷത്തിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ലൈംഗിക ചൂഷണം നടന്നതിന്റെ തെളിവുകള്‍ പൊലീസില്‍ ഹാജരാക്കിയിട്ടുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു.
Story Highlights : IB officer’s death; High Court to consider Sukanth Suresh anticipatory bail plea today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here