എന്താണ് ബൈഡനെ പിടികൂടിയ പ്രോസ്റ്റേറ്റ് കാൻസർ ? അറിയാം രോഗവും ചികിത്സ രീതികളും

കഴിഞ്ഞ ദിവസമാണ് മുൻ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോ ബൈഡൻ പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചത്. കാൻസർ രോഗം അദ്ദേഹത്തിന്റെ അസ്ഥികളിലേക്ക് ബാധിച്ചതായും ഞായറാഴ്ച അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.രോഗം മൂർച്ഛിച്ച് കൊണ്ടിരിക്കുകയാണെന്നും ഗ്ലീസൺ സ്കോർ 9 ആണെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
രോഗത്തിന്റെ വാർത്ത ലോകം മുഴുവൻ അറിഞ്ഞതിന് ശേഷം കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് ബൈഡൻ തന്നെ രംഗത്തെത്തിയിരുന്നു. ‘കാൻസർ നമ്മളെല്ലാവരെയും ബാധിച്ചേക്കാമെന്നും , ഞാനും ജില്ലും ശക്തരാണെന്നും സ്നേഹവും പിന്തുണയുമായി ഒപ്പം നിന്നവർക്ക് നന്ദി ഉണ്ടെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
എന്താണ് പുരുഷന്മാരെ ബാധിക്കുന്ന പ്രോസ്റ്റേറ്റ് കാൻസർ ?
അമ്പത് വയസ്സിന് മുകളിലുള്ള പുരുഷന്മാരിലാണ് പ്രോസ്റ്റേറ്റ് കാൻസർ കൂടുതലായി കണ്ടു വരുന്നത്. പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ധിയിലാണ് ക്യാൻസർ ഉണ്ടാകുന്നത്.പ്രോസ്റ്റേറ്റ് കോശങ്ങൾ അനിയന്ത്രിതമായി വളരുകയും വിഭജിക്കുകയും ചെയ്യുമ്പോൾ അവിടെ ട്യൂമർ രൂപപ്പെടുകയും പിന്നീട് അസ്ഥികൾ അല്ലെങ്കിൽ ലിംഫ് നോഡുകൾ പോലുള്ള ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അതിവേഗം വ്യാപിക്കുകയും ചെയ്യുന്നു. പ്രാരംഭ ഘട്ടങ്ങളിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തുക പ്രയാസമായാണ് ഇത് തന്നെയാണ് രോഗ നിർണയത്തിന് വെല്ലുവിളിയാകുന്നതും. മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടാണ് രോഗത്തിന്റെ ആദ്യ ലക്ഷണം.ചിലപ്പോൾ മൂത്രമൊഴിക്കുമ്പോൾ രക്തം കാണപ്പെടുകയും ചെയ്യാം.
എന്താണ് ഗ്ലീസൺ സ്കോർ ?
ബൈഡന്റെ രോഗവിവരം പുറത്തുവന്നപ്പോൾ മുതൽ കേട്ട വാക്കാണ് ഗ്ലീസൺ സ്കോർ .മൈക്ക്രോസ്കോപ്പിലൂടെ ക്യാൻസർ കോശങ്ങളെ അടിസ്ഥാനമാക്കി പ്രോസ്റ്റേറ്റ് കാൻസറിനെ ഗ്രേഡ് ചെയ്യാനായി ഡോക്ടർമാർ ഉപയോഗിക്കുന്ന സംവിധാനമാണ് ഗ്ലീസൺ സ്കോർ.ബയോപ്സി സാമ്പിളിൽ കാൻസർ കോശങ്ങളുടെ വളർച്ച എങ്ങനെയാണെന്ന് കണ്ടെത്താൻ ഗ്ലീസൺ സ്കോർ സഹായിക്കുന്നു.കൂടാതെ ശരീരത്തിന്റെ ഏതൊക്കെ ഭാഗങ്ങളിലേക്ക് ഇത് വ്യാപിക്കപെട്ടു എന്നും ഇതുവഴി കണ്ടെത്താൻ കഴിയും.ഗ്ലീസൺ സ്കോറിന്റെ അടിസ്ഥാനത്തിലാണ് രോഗം എത്രത്തോളം തീവ്രമാണ് എന്ന് ഡോക്ടർമാർ വിലയിരുത്തുന്നത്.
ഗ്ലീസൺ സ്കോർ 6 അല്ലെങ്കിൽ അതിൽ താഴെയാണെങ്കിൽ ഇത് ലോ-ഗ്രേഡ് കാൻസറായി കണക്കാക്കുന്നു.ഇത് വളരാനും മാറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കാനുമുള്ള സാധ്യത കുറവാണ്. ഗ്ലീസൺ സ്കോർ 7 ആണെങ്കിൽ അത് ഇന്റർമീഡിയേറ്റ് കാൻസറാണ്. ഈ സ്റ്റേജിൽ രോഗം ഭേദമാകാൻ കൂടുതൽ ചികിത്സ രീതികൾ പ്രയോഗികമാണ്.ഗ്ലീസൺ സ്കോർ 8-10 വരെയാണെങ്കിൽ ഇത് ഉയർന്ന ഗ്രേഡുള്ള കാൻസറായി കണക്കാക്കും. ഈ സ്റ്റേജിൽ ട്യൂമർ വലുതാവുകയും ,മറ്റ് ശരീരഭാഗങ്ങളിലേക്ക് രോഗം വ്യാപിക്കുകയും ചെയ്യും.ഇവിടെ രോഗത്തിന്റെ വ്യാപ്തി അനുസരിച്ച് മാത്രമായിരിക്കും ചികിത്സ നിർണയിക്കാൻ സാധിക്കു.
ചികിത്സ രീതികൾ എന്തെല്ലാം ?
ട്യൂമറിന്റെ വളർച്ച ,രോഗവ്യാപനം ,രോഗിയുടെ പ്രായം ,ആരോഗ്യം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ചികിത്സ നിർണയിക്കുന്നത്.
ചികിത്സ രീതികളിൽ ഉൾപെടുന്നവ ;
- റേഡിയേഷൻ തെറാപ്പി : കാൻസർ കോശങ്ങളെയും ട്യൂമറിനെയും റേഡിയേഷൻ ഉപയോഗിച്ച് നശിപ്പിക്കുന്നു.
- ഹോർമോൺ തെറാപ്പി: കാൻസറിന്റെ വളർച്ചയെ സഹായിക്കുന്ന പുരുഷ ഹോർമോണുകളുടെ എണ്ണം കുറയ്ക്കുന്നു.
- ശസ്ത്രക്രിയ: പ്രാരംഭഘട്ടത്തിലാണ് ശസ്ത്രക്രിയ ഫലപ്രദമാകുന്നത്. ഉയർന്ന ഗ്ലീസൺ സ്കോർ ഉള്ളവർക്ക് പലപ്പോഴും ശസ്ത്രക്രിയ നിർദ്ദേശിക്കാറില്ല.
- കീമോതെറാപ്പി /മരുന്നുകൾ : രോഗവ്യാപനത്തിന്റെ വേഗത മന്ദഗതിയിലാക്കാനും , നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു.
Story Highlights : What is the prostate cancer that has struck Biden? Know the disease and treatment methods
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here