കൊപ്ര ക്ഷാമം; സംസ്ഥാനത്ത് മൊത്ത മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ വില കുതിച്ചുയരുന്നു

സംസ്ഥാനത്ത് മൊത്ത മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. കൊച്ചിയില്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 287 രൂപ വരെ വിലയെത്തി. കോഴിക്കോട് വില 307 കടന്നു. ചില്ലറ വിപണിയില്‍ ശരാശരി വില്‍പന കിലോയ്ക്ക് 340 മുതല്‍ 360 വരെ നിരക്കിലാണ്. കൊപ്ര ക്ഷാമമാണ് കേരളത്തിലെ വെളിച്ചെണ്ണ വില ഉയരാന്‍ പ്രധാനകാരണം.
സംസ്ഥാനത്തേക്ക് കൊപ്രയുടെ വരവു കുറഞ്ഞതോടെയാണ് വെളിച്ചെണ്ണ വിപണി പൊള്ളി തുടങ്ങിയത്. 2017 – 18 വര്‍ഷത്തിലാണ് മൊത്തവില 204 രൂപ എന്ന റെക്കോര്‍ഡില്‍ എത്തിയിരുന്നത്. ഇതു മറികടന്നാണ് ഇന്നലെ കൊച്ചിയില്‍ ഒരു കിലോ വെളിച്ചെണ്ണയുടെ വില 287 രൂപയായത്. തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും കൊപ്ര വരവ് പകുതിയിലേറെയായി കുറഞ്ഞിട്ടുണ്ട്. വിപണിയില്‍ വിദേശത്ത് നിന്ന് വരുന്ന കോപ്രയ്ക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
ഇതോടെയാണ് പ്രതിദിനം വില കൂടുന്നത്.നിലവില്‍ ചില്ലറ വിപണിയില്‍ 340 മുതല്‍ 360 രൂപ വരെയാണ് വെളിച്ചെണ്ണ വില. ‘ വരും ദിവസങ്ങളില്‍ ഈ വിലയിലും വര്‍ധനവ് ഉണ്ടാകും. വെളിച്ചെണ്ണ വില ഉയര്‍ന്നതോടെ വിവിധ കമ്പനികള്‍ അളവ് കുറച്ച് വെളിച്ചെണ്ണ പാക്കറ്റുകള്‍ വിപണിയില്‍ എത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 200ഗ്രാം 300 ഗ്രാം കവറുകളിലാണ് പുതുതായി വെളിച്ചെണ്ണ വിപണിയില്‍ എത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ അടുത്തൊന്നും വെളിച്ചെണ്ണ വില കുറയാന്‍ സാധ്യതയില്ല എന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍.
Story Highlights : Coconut oil prize increases in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here