ഇല്ലത്തുനിന്ന് ഇറങ്ങി, അമ്മാത്ത് എത്തിയിട്ടുമില്ല; ശശി തരൂരിന്റെ നയതന്ത്ര യാത്ര

നല്ലതു കണ്ടാൽ നല്ലതെന്ന് പറയുന്നതാണ് തന്റെ രാഷ്ട്രീയമെന്ന് അടുത്ത കാലത്ത് പലതവണ വ്യക്തമാക്കിയിട്ടുണ്ട് ഡോ. ശശി തരൂർ എം പി. പക്ഷേ, വിശ്വപൗരന്റെ വിശ്വമാനവികത അവസരവാദപരമാണെന്ന് മുമ്പ് കോൺഗ്രസിലെ ചിലരും ഇപ്പോൾ സിപിഐഎമ്മും വിമർശിക്കുന്നു. സംസ്ഥാനത്തെ വ്യവസായ പുരോഗതിയെ പുകഴ്ത്തിക്കൊണ്ട് ലേഖനം എഴുതിയപ്പോഴാണ് ‘നല്ലത് പറയണ’മെന്ന നയം തരൂർ ആദ്യമായി അവതരിപ്പിച്ചത്. അന്ന് സിപിഐഎം അതിന് കയ്യടിച്ചു. കോൺഗ്രസ് പരിഭവിച്ചു. ഇപ്പോൾ സിപിഐഎം പരിഭവിക്കാനും കോൺഗ്രസ് അതിനെ പരിഹസിക്കാനും ബിജെപി കയ്യടിക്കാനും കാരണം ഡോ. ശശി തരൂർ കഴിഞ്ഞ ദിവസം എക്സിൽ പങ്കുവെച്ച കുറിപ്പാണ്.
ഭൂകമ്പത്തിൽ തകർന്ന തുർക്കിക്ക് 10 കോടി രൂപ സഹായം നൽകിയ സംസ്ഥാന സർക്കാരിന്റെ നടപടി അസ്ഥാനത്തെ ഉദാരതയെന്നാണ്
തരൂരിന്റെ വിമർശനം. ആ പണം വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് നൽകിയിരുന്നെങ്കിൽ നന്നായിരുന്നേനെ എന്നുകൂടി പറഞ്ഞതിലൂടെ വിമർശനം കൊള്ളേണ്ടിടത്ത് കൊള്ളുമെന്ന് ഉറപ്പിക്കുന്നുണ്ട് തരൂർ. ഈ വിമർശനം ആദ്യമായി ഉന്നയിച്ചത് ശശി തരൂരല്ല. കോൺഗ്രസുമല്ല. അത് സംഘപരിവാറാണ്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച തുർക്കിയോട് ഇന്ത്യയിലുടനീളം ജനരോഷമുണ്ടായി. അതിന്റെ ഭാഗമായാണ് രണ്ട് വർഷം മുമ്പ് കേരളം തുർക്കിക്ക് നൽകിയ സഹായം സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായത്. ഭൂകമ്പത്തിൽ മുച്ചൂടും മുടിഞ്ഞ ദേശത്തിന് പണ്ടെങ്ങോ നൽകിയ സഹായത്തെ ഇപ്പോഴത്തെ സാഹചര്യവുമായി കൂട്ടിക്കുഴക്കുന്നതാണോ ശശി തരൂർ പറയുന്ന തുറന്ന സമീപനമെന്നും മാനവികതക്ക് അതിര് നിശ്ചയിക്കുന്നത് വിശ്വപൗരന് യോജിച്ചതാണോ എന്നും ചോദ്യം. ശശി തരൂർ എംപിക്ക് സെലക്ടീവ് അമ്‌നീഷ്യയെന്ന് ജോൺ ബ്രിട്ടാസ് എംപിയുടെ പരിഹാസം. തുർക്കിയെ സഹായിക്കാൻ കേന്ദ്രം ഓപ്പറേഷൻ ദോസ്ത് സംഘടിപ്പിച്ചത് തരൂരിന് അറിയാമെന്നിരിക്കെ സംസ്ഥാന സർക്കാരിന് നേരെയുള്ള വിമർശനം അനാവശ്യമാണെന്നും ജോൺ ബ്രിട്ടാസ് പറയുന്നു.
ഇസ്താമ്പുളിലെ കോൺഗ്രസ് സെന്റർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഓഫീസാണെന്ന് പറഞ്ഞ അർണബ് ഗോസ്വാമി, അമിത് മാളവ്യ എന്നിവർക്കെതിരെ കോൺഗ്രസ് പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തതൊക്കെ ഈ ദിവസങ്ങളിൽ തന്നെയുണ്ടായ സംഭവവികാസങ്ങളാണ്. ഈ വിവാദങ്ങളിലൊന്നും ശശി തരൂർ വിമർശനങ്ങളുന്നയിച്ചില്ല. എന്ത് പറയണം, എന്ത് പറയേണ്ട എന്നത് തികച്ചും വ്യക്തിപരം. പക്ഷേ, ശശി തരൂർ ഇപ്പോൾ എന്ത് പറയുന്നു, എന്ത് പറയുന്നില്ല എന്നതിന് മുൻപെങ്ങുമില്ലാത്ത വിധം രാഷ്ട്രീയ കൗതുകമുണ്ട്. കാരണം, കോൺഗ്രസിന് സമാന്തരമായി തരൂർ സ്വന്തമായി വെട്ടുന്ന വഴിക്ക് ബിജെപിയിലേക്കുള്ള അകലം കുറയുന്നുണ്ടോ എന്ന് ഏവരും ഉറ്റുനോക്കുകയാണ്.
ബിജെപിയിൽ ചേരില്ലെന്ന് ശശി തരൂർ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് വിടില്ലെന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല, പാർട്ടിക്ക് വിധേയനാകാൻ കഴിയില്ലെന്ന് പ്രവൃത്തിയിലൂടെ വ്യക്തമാക്കുകയും ചെയ്യുന്നു ശശി തരൂർ. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചുകൊണ്ടാണ് ശശി തരൂർ പാർട്ടിയിൽ ആദ്യമായി വിമതസ്വരം ഉയർത്തിയത്. അന്ന്, ഹൈക്കമാൻഡ് നോമിനിയായ മല്ലികാർജുൻ ഖർഗെയോട് തോറ്റതിന് പിന്നാലെ കേരളത്തിൽ സജീവമാകാൻ ശ്രമം നടത്തി. യുവാക്കളിൽ ഒരു വിഭാഗത്തിന്റെ പിന്തുണയും വ്യക്തിപ്രഭാവവുമൊക്കെ ഗുണം ചെയ്യുമെന്ന് കരുതിയെങ്കിലും കോൺഗ്രസ് സംസ്ഥാന ഘടകത്തിൽ നിന്നുയർന്ന ശക്തമായ പ്രതിരോധത്തിൽ തട്ടി നീക്കം നിലച്ചു.
പിന്നെ കുറേക്കാലം തുടർന്ന ശാന്തത നഷ്ടമായത് സംസ്ഥാന സർക്കാരിന്റെ വികസന നയത്തെ പുകഴ്ത്തി ലേഖനം പ്രസിദ്ധീകരിച്ചതോടെയാണ്. പ്രതിപക്ഷത്തെ വെട്ടിലാക്കിയ ലേഖനം എൽഡിഎഫ് പ്രചരാണായുധമാക്കി. തരൂർ തിരുത്തണമെന്ന് വി ഡി സതീശനും അന്നത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും ആവശ്യപ്പെട്ടു. തന്റെ ബോധ്യങ്ങളാണ് എഴുതിയതെന്ന് തരൂർ ഉറച്ചുനിന്നു. ഈ സമയമൊക്കെയും ശശി തരൂരിന്റെ നിഷ്പക്ഷ രാഷ്ട്രീയത്തെ പ്രശംസിക്കാൻ സിപിഐഎം നേതാക്കൾ വരി നിൽക്കുകയായിരുന്നു. സ്വതന്ത്രനായി ശശി തരൂരിനെ സിപിഐഎം സ്വീകരിക്കുമോ എന്നുപോലും തോന്നിപ്പിച്ചു. അതിനിടെ, നരേന്ദ്ര മോദിയുടെ വിദേശ നയത്തിന് തരൂർ കയ്യടിച്ചത് കോൺഗ്രസിന് കൂടുതൽ ക്ഷീണമായി.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും അണിനിരന്നു. ഓപ്പറേഷൻ സിന്ദൂർ മോദിയുടെ വിജയമായി ബിജെപി പ്രചരിപ്പിക്കാൻ തുടങ്ങിയതോടെയാണ് പ്രതിപക്ഷത്തുനിന്ന് ചില ചോദ്യങ്ങൾ ഉയർന്നത്. സിംല കരാർ ലംഘിക്കപ്പെട്ടോ, വെടിനിർത്തലിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ആദ്യ പ്രഖ്യാപനം നടത്തിയത് എങ്ങനെ, പഹൽഗാമിൽ സുരക്ഷാ വീഴ്ചയുണ്ടായോ തുടങ്ങിയ ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി ഉൾപ്പെടെ ആവർത്തിക്കുന്നത്. സംയുക്ത പാർലമെന്ററി സമ്മളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കണമെന്ന പ്രതിപക്ഷ ആവശ്യവും കേന്ദ്രം ഗൗനിച്ചിട്ടില്ല. ഇക്കാര്യങ്ങളിലൊക്കെ ശശി തരൂരും മൗനം തുടരുകയാണ്.
അങ്ങനെയിരിക്കെയാണ്, ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ നിലപാട് മറ്റ് രാജ്യങ്ങളിൽ വിശദീകരിക്കാനുള്ള സർവകക്ഷി സംഘങ്ങളിലൊന്നിനെ നയിക്കാൻ കേന്ദ്രം ശശി തരൂരിനെ ക്ഷണിച്ചത്. കോൺഗ്രസ് നൽകിയ പട്ടികയിൽ തരൂരിന്റെ പേര് ഇല്ലായിരുന്നു. എന്നിട്ടും കേന്ദ്രം ക്ഷണിച്ചു. ക്ഷണം തനിക്ക് അഭിമാനമെന്ന് പറഞ്ഞ് ശശി തരൂർ യെസ് പറഞ്ഞു. മറ്റുള്ളവർ സ്വന്തം പാർട്ടിയിൽ നിന്ന് അനുവാദം വാങ്ങിയാണ് കേന്ദ്രത്തിന്റെ വിളിയോട് പ്രതികരിച്ചത്. കേന്ദ്രം സ്വന്തം നിലക്ക് ക്ഷണിച്ച യൂസഫ് പഠാനെ സർവകക്ഷി സംഘത്തിലേക്ക് അയക്കാൻ കഴിയില്ലെന്ന് തൃണമൂൽ കോൺഗ്രസ് നിലപാടെടുത്തു. പക്ഷേ കോൺഗ്രസിന് നിസഹായരായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. കേന്ദ്രം രാഷ്ട്രീയം കളിക്കുന്നുവെന്ന് എല്ലാവരും വിമർശിച്ചപ്പോഴും രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ എന്ന് പറഞ്ഞ് ശശി തരൂർ കോൺഗ്രസിന്റെ വായടപ്പിച്ചു. പണ്ട് തുർക്കിയെ സഹായിച്ച സംസ്ഥാന സർക്കാരിനെ വിമർശിച്ചതിലൂടെ സിപിഐഎമ്മിനെയും തരൂർ നിരാശരാക്കി.
ഡോ. ശശി തരൂരിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കണമെന്ന വാദത്തിന് ഒരു കാലത്ത് കോൺഗ്രസിനുള്ളിൽ പോലും സ്വീകാര്യത ലഭിച്ചിരുന്നു. എന്നാൽ ഇന്ന് ആ സ്ഥാനത്തേക്ക് ഒരുപാട് പേരുകളുണ്ട്. ആ മത്സരത്തിൽ തനിക്ക് വിദൂര സാധ്യത പോലും ഇല്ലെന്ന് ശശി തരൂർ തിരിച്ചറിഞ്ഞിട്ടുണ്ടാകണം. ലോക്സഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്ന് തരൂർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സംഘടനാ തലത്തിൽ പ്രവർത്തക സമിതി അംഗമെന്നതിനപ്പുറം ഇനിയൊരു കസേര കിട്ടാനും സാധ്യത കുറവാണ്. അപ്പോൾ നിഷ്പക്ഷ രാഷ്ട്രീയത്തിലൂടെ ശശി തരൂർ ലക്ഷ്യമിടുന്നത് എന്ത് എന്ന ചോദ്യം ബാക്കിയാകുന്നു. പലതരം നിരീക്ഷണങ്ങളാണ് ഇക്കാര്യത്തിലുള്ളത്. രാഷ്ട്രീയത്തിന് അതീതമായ ഒരു പദവി കേന്ദ്രത്തിൽ നിന്ന് ശശി തരൂർ പ്രതീക്ഷിക്കുന്നുണ്ടെന്നതാണ് പ്രബലമായ അനുമാനം. അത് ചിലപ്പോൾ കേന്ദ്രത്തിന്റെ വിദേശകാര്യ പ്രതിനിധിയായിട്ടാകാം. ചിലപ്പോൾ ഉപരാഷ്ട്രപതിപദം പോലുമാകാം. എന്തായാലും നേരിട്ട് ബിജെപിയിൽ ചേർന്ന് മതനിരപേക്ഷ ബുദ്ധിജീവിയെന്ന തന്റെ പ്രതിച്ഛായ തകർക്കാൻ ശശി തരൂർ മുതിർന്നേക്കില്ല. ഒന്നുമില്ലാതെ കോൺഗ്രസിന് വിധേയപ്പെടുമെന്നും തോന്നുന്നില്ല.
Story Highlights : Shashi Tharoor’s diplomatic journey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here