മലയാളികളുടെ പ്രിയപ്പെട്ട വാർത്താചാനലായി ട്വന്റിഫോർ; സർവേ ഫലം

മലയാളം വാർത്താചാനലുകളിൽ പ്രേക്ഷകർക്കിഷ്ടം ട്വന്റിഫോർ. കേരളത്തിന്റെ പതിനാല് ജില്ലകളിൽ നടത്തിയ സർവേയിലാണ് പ്രേക്ഷകർ നേരിട്ട് അഭിപ്രായം രേഖപ്പെടുത്തിയത്.സർവേയിൽ പങ്കെടുത്ത 82 ശതമാനം പേർ ട്വന്റിഫോറിനൊപ്പം നിന്നപ്പോൾ തൊട്ടുപിന്നിൽ ഏഷ്യാനെറ്റ് ന്യൂസും മനോരമ ന്യൂസും ഇടംപിടിച്ചു
വാർത്താചാനലുകളുടെ നിലനിൽപും സ്വീകാര്യതയും വിശ്വാസ്യതയെ മുൻനിർത്തിയാണ്.വാർത്തയെ വസ്തുതാപരമായും കൃത്യതയോടെയും അവതരിപ്പിക്കുന്നതിനൊപ്പം കെട്ടിലും മട്ടിലും ഏറ്റവും ആകർഷകമായ രീതിയിൽ അവതരിപ്പിക്കാൻ ഇന്ന് ചാനലുകൾ കടുത്ത മത്സരത്തിലാണ്. അവിടെയാണ് കേരളത്തിൽ മലയാളികൾ വാർത്തകളറിയാൻ പ്രേക്ഷകർ ഏത് ചാനലിനൊപ്പം നിൽക്കുന്നു എന്ന പ്രധാനചോദ്യം. ആ ചോദ്യത്തിനുത്തരം തേടിയാണ് തിരുവനന്തപുരം മുതൽ കാസർഗോഡുവരെ പതിനാല് ജില്ലകളിൽ ട്വന്റിഫോർ നേരിട്ട് സർവേ നടത്തിയത്.തീർത്തും ജനകീയ സ്വഭാവമുള്ള സർവേ.
പത്ത് മുതൽ എൺപത് വയസിന് മുകളിൽ പ്രായമുള്ളവർ ഉൾപ്പെടുന്ന 2834 പേർ ഈ സർവേയിൽ പങ്കെടുത്തു. ഇതിൽ 1075 പുരുഷൻമാരും 1754 സ്ത്രീകളും ജെൻഡർ വെളിപ്പെടുത്താത്ത അഞ്ച് പേരും ഉൾപ്പെടുന്നു.വാർത്തകളറിയാൻ ആശ്രയിക്കുന്ന ചാനലായി സർവേയിൽ പങ്കെടുത്തവരിൽ 82 ശതമാനവും തിരഞ്ഞെടുത്തത് ട്വന്റിഫോറിനെയാണ്. രണ്ടാം ചോയിസായി ഏഷ്യാനെറ്റ് ന്യൂസിനെയും.
കേരളത്തിന്റെ യുവത്വത്തെ പ്രതിനിധീകരിച്ച് 21നും 40നും ഇടയിൽ പ്രായമുള്ള 833 പേരാണ് സർവേയിൽ പങ്കെടുത്തത്. 77.4 ശതമാനം യുവാക്കളും അഭിപ്രായപ്പെട്ടത് ട്വന്റിഫോർ ആണ് അവരുടെ ഇഷ്ടചാനൽ എന്നാണ്. ഏഷ്യാനെറ്റ് ന്യൂസിനെയും മനോരമ ന്യൂസിനെയും ഇഷ്ടപ്പെടുന്നുവെന്നാണ് ബാക്കിയുള്ളവർ രേഖപ്പെടുത്തിയത്.
സർവേയിൽ പങ്കെടുത്ത 1075 പുരുഷന്മാരിൽ 78.6 ശതമാനം പേരും ട്വന്റിഫോറിനൊപ്പമെന്ന് അഭിപ്രായപ്പെട്ടു.പിന്നാലെ ഉള്ളത് ഏഷ്യാനെറ്റ് ന്യൂസും മനോരമ ന്യൂസുമാണ്. സർവേയുടെ ഭാഗമായ 1754 സ്ത്രീകളിൽ 78.2 ശതമാനം പേരും വാർത്തകളറിയാൻ ട്വന്റിഫോർ സ്ക്രീനിനെ ആശ്രയിക്കുന്നു എന്ന് രേഖപ്പെടുത്തിയപ്പോൾ ഈ വിഭാഗത്തിൽ തൊട്ടുപിന്നിൽ ഏഷ്യാനെറ്റ് ന്യൂസും മനോരമ ന്യൂസും തന്നെ ഇടംപിടിച്ചു.
22നും 45നും ഇടയിൽ പ്രായമുള്ള 406 വീട്ടമ്മമാരാണ് സർവേയിൽ ഉൾപ്പെട്ടത്. അതിൽ 79.6 ശതമാനം പേരും ട്വന്റിഫോർ ആണ് ഇഷ്ടചാനൽ എന്ന് അഭിപ്രായപ്പെട്ടവരാണ്.ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടി വിയുമാണ് ഇഷ്ടചാനൽ എന്ന് പറഞ്ഞവരാണ് ഈ വിഭാഗത്തിലെ ബാക്കി വീട്ടമ്മമാരിൽ ഭൂരിഭാഗവും. അതേസമയം 5.4 ശതമാനം വീട്ടമ്മമാർ ഒരു വാർത്താചാനലും കാണാറില്ല എന്നും അഭിപ്രായപ്പെട്ടു.
ചുരുങ്ങിയ കാലം കൊണ്ട് ട്വൻറിഫോർ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയെന്ന് പ്രിയപ്പെട്ട പ്രേക്ഷകർക്ക് അറിയാം. അതുവരെ ഉണ്ടായിരുന്ന വാർത്താവഴികളിൽ നിന്ന് മാറി നടന്ന് മസിലു പിടിക്കാതെ പ്രേക്ഷകരോട് ചേർന്ന് നിന്നു. അതു മാത്രമല്ല വാർത്ത കേവലം വാർത്ത മാത്രമല്ലെന്നും അതു ഇടപെടൽ ആണെന്നും ആലംബഹീനരെ ചേർത്തുപിടിക്കലാണെന്നും തെളിയിച്ചത് പുതിയൊരു വാർത്താസംസ്കാരമായി .അതുണ്ടാകുന്ന ജനസമ്മതി ചെറുതല്ല. ദൃശ്യാനുഭവം പോലെ ഹൃദ്യമായി ശ്രവ്യാനുഭവും സമ്മാനിക്കാൻ കഴിഞ്ഞത് വീട്ടമ്മമാർക്കും വയോധികർക്കും ഏറെ സഹായകമായി. കൊച്ചുകുട്ടികൾ പോലും ട്വന്റിഫോറിന്റെ ഇഷ്ടക്കാരായി മാറിയെന്ന് സർവേ ഫലത്തിലൂടെ വ്യക്തമാകുന്നു.
Story Highlights : Survey Reveals 24 News as the Favorite Channel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here