നിലമ്പൂരിൽ ബിജെപി മത്സരിക്കണം; ആവശ്യം ശക്തമാക്കി ഒരു വിഭാഗം ബിജെപി നേതാക്കൾ

നിലമ്പൂർ ബിജെപി മത്സരിക്കേണ്ട എന്ന തീരുമാനത്തിൽ ഒരു വിഭാഗത്തിന് അതൃപ്‌തി. ബിജെപി സ്ഥാനാർഥിയെ നിർത്തേണ്ട എന്ന് കോർ കമ്മറ്റിയിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. നിലമ്പൂർ ബിജെപി മത്സരിക്കണം എന്ന ആവശ്യം ശക്തമാക്കി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി.
പുതുപ്പള്ളി, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വരെ മത്സരിച്ചത് ഒരു വിഭാഗം നേതാക്കൾ ഓർമ്മപ്പെടുത്തി. 45.5% ഹിന്ദു വോട്ടും 10.5 ശതമാനം ക്രൈസ്തവ വോട്ടും നിലമ്പൂരിൽ ഉണ്ടായിട്ടും സ്ഥാനാർഥിയെ നിർത്താത്തത് തിരിച്ചടി ആകും എന്നു ഒരു വിഭാഗം നേതാക്കൾ അറിയിച്ചു.
അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഖില ഭാരത് ഹിന്ദു മഹാസഭ അറിയിച്ചു. ബിജെപി മത്സരരംഗത്തില്ലെങ്കിൽ ഹിന്ദു മഹാസഭ സ്വന്തം സ്‌ഥാനാർഥിയെ നിർത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് സ്വാമി ഭദ്രാനന്ദ അറിയിച്ചു.
ബിജെപി ആർക്കുവേണ്ടിയാണ് സ്ഥാനാർത്ഥിയെ നിർത്താതെ മാളത്തിൽ ഒളിക്കുന്നതെന്ന് വ്യക്തമല്ല. ഹിന്ദുവിന്റെ വോട്ട് വച്ച് കച്ചവടം ചെയ്യാൻ ആരെയും ഇനി ‘യഥാർത്ഥ ഹിന്ദുക്കൾ’ അനുവദിക്കില്ല. നിലമ്പൂരിൽ ബിജെപി ഉചിതമായ സ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ അഖിൽ ഭാരത് ഹിന്ദു മഹാസഭ സ്‌ഥാനാർഥിയെ നിർത്തുമെന്നും സ്വാമി ഭദ്രാനന്ദ അറിയിച്ചു.
വോട്ട് കച്ചവടം എന്ന പതിവ് പല്ലവി ഉയർത്താൻ ഇടത് – വലതു മുന്നണികൾക്ക് അവസരം ഉണ്ടാക്കുകയാണ് സംസ്ഥാന ബിജെപി. എല്ലാ തെരഞ്ഞെടുപ്പിലും വിജയം നേടിയത് കൊണ്ടല്ല ഈ നാട്ടിൽ ഭാരതീയ ജനതാ പാർട്ടി ഇത്രയും നാളും തിരഞ്ഞെടുപ്പിനെ നേരിട്ടതും പടിപടിയായി വളരുന്നതും.
മറിച്ച് ധർമ്മ ചിന്തകളുടെ ആശയം സമൂഹത്തിൽ പ്രചരിപ്പിക്കാനും പ്രവർത്തകർക്ക് ആവേശം നൽകാനുമാണ് പ്രധാനമായും തിരഞ്ഞെടുപ്പുകളെ ഉപയോഗിച്ചിട്ടുള്ളത്. ഇതുപോലും മനസ്സിലാക്കാൻ ശേഷിയില്ലാത്തവരാണോ ഇപ്പോൾ സംസ്ഥാന ബിജെപിക്ക് നേതൃത്വം നൽകുന്നതെന്ന് സ്വാമി ഭദ്രാനന്ദ ചോദിച്ചു.
Story Highlights : BJP to compete in nilambur byelection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here