ഐപിഎല്ലില്‍ മിന്നും ജയത്തോടെ പഞ്ചാബ് കിംഗ്‌സ് ക്വാളിഫയര്‍ വണ്ണിലേക്ക്; മുംബൈ ഇന്ത്യന്‍സിനെ 7 വിക്കറ്റിന് തോല്‍പ്പിച്ചു

ഐപിഎല്ലില്‍ മിന്നും ജയത്തോടെ പഞ്ചാബ് കിംഗ്‌സ് ക്വാളിഫയര്‍ വണ്ണിന് യോഗ്യത നേടി. മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിനാണ് പഞ്ചാബ് തകര്‍ത്തത്. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തായ മുംബൈ എലിമിനേറ്റര്‍ കളിക്കണം.
185 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പഞ്ചാബിന് പ്രഭ്‌സിമ്രനെ എളുപ്പം നഷ്ടമായെങ്കിലും പ്രിയാന്‍ഷ് ആര്യ, ജോഷ് ഇന്ഗ്ലിസ് ജോഡി ഒത്തുചേര്‍ന്നതോടെ കാര്യങ്ങള്‍ എളുപ്പമായി. അര്‍ധസെഞ്ചുറി നേടിയ ഇരുതാരങ്ങളും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 109 റണ്‍സ് നേടി. ഒടുവില്‍ ക്യാപ്റ്റന്‍ ശ്രേയസിന്റെ ഫിനിഷിംഗ് ടച്ച് കൂടിയായപ്പോള്‍ ഒന്‍പത് പന്ത് ബാക്കി നിര്‍ത്തി പഞ്ചാബ് ലക്ഷ്യം കണ്ടു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് സൂര്യകുമാര്‍ യാദവിന്റെ അര്‍ധസെഞ്ചുറി മികവിലാണ് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സിലെത്തിയത്. രണ്ട് വിക്കറ്റ് വീതം അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സന്‍, വൈശാഖ് എന്നിവര്‍ ചേര്‍ന്നാണ് മുംബൈയുടെ പേരുകേട്ട ബാറ്റിംഗ് നിരയെ 200 കടത്താതെ പിടിച്ചു കെട്ടിയത്.
ജയത്തോടെ 19 പോയിന്റുമായി പഞ്ചാബ് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ 16 പോയിന്റുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ എലിമിനേറ്റര്‍ കളിക്കണം.
Story Highlights : Punjab Kings won against Mumbai Indians in IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here