ഹക്കിം ഷായും, കതിരും, ഷൈൻ ടോമും ഒന്നിക്കുന്നു ; മീശയുടെ ടീസർ എത്തി

ഹക്കിം ഷാ, ഷൈൻ ടോം ചാക്കോ, പരിയെറും പെരുമാൾ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ കതിർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മീശ’യുടെ ടീസർ റിലീസ് ചെയ്തു. വികൃതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എംസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നതെന്ന് ടീസർ സൂചിപ്പിക്കുന്നുണ്ട്.
“ടു മിങ്കിൾ ഫ്രണ്ട്ഷിപ്പ് ഫാർ ഈസ് മിങ്കിളിങ് ബ്ലഡ്സ്” എന്ന ഷേക്സ്പിയറിന്റെ വചനം എഴുതിക്കാണിച്ചുകൊണ്ടാണ് ടീസർ ആരംഭിക്കുന്നത്. ഹക്കീം ഷായുടെയും കതിരിന്റെയും കഥാപാത്രങ്ങളുടെ സൗഹൃദത്തിന്റെ കഥയും അതിനിടയിൽ വീഴുന്ന വിള്ളലുമാണ് ചിത്രത്തിന്റെ പ്രമേയമെന്നത് ടീസർ സൂചിപ്പിക്കുന്നു.
മൂവർക്കും ഒപ്പം സുധി കോപ്പ, സുധി ലാലു, ശ്രീകാന്ത് മുരളി, ജിയോ ബേബി എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മീശയുടെ ഒരു നല്ല ഭാഗം രംഗങ്ങളും നടക്കുന്നത് രാത്രിയിലാണെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് മീശയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്ന മീശയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് സുരേഷ് രാജനാണ്. മനോജ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിൽ കതിർ ഒരു മലയാളിയായാണ് അഭിനയിച്ചിരിക്കുന്നത്. ജൂലൈയിൽ റിലീസ് തീരുമാനിച്ചിരിക്കുന്ന മീശയുടെ ടീസർ സരിഗമ മലയാളത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
Story Highlights :Hakim Shah, Kathir and Shine Tom team up; Meesha teaser is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here