‘ഖദർ കൂടുതൽ ചെലവ്, കാലം മാറുമ്പോൾ കോലവും മാറണം; രാഹുൽ ഗാന്ധി പോലും ടീഷർട്ട് സ്ഥിരമായി ധരിക്കുന്നു’: അബിൻ വർക്കി

മുതിർന്ന നേതാവ് അജയ് തറയിലിന്റെ ഖദർ വിമർശനത്തിൽ നിലപാട് വ്യക്തമാക്കി യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി. താൻ ഖദർ ധരിക്കുന്നയാളാണ് എന്നാൽ ഖദർ മാത്രം ധരിക്കുന്ന ആളല്ല. ഖദർ ഐഡൻറിറ്റിയോട് വിയോജിപ്പില്ല. കാലാനുസൃതമായ മാറ്റം രാഷ്ട്രീയത്തിലും സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിലും വസ്ത്രങ്ങളിലും ഉണ്ടായിട്ടുണ്ടെന്നും അബിൻ വർക്കി പറഞ്ഞു.
ഇപ്പോൾ വർഷം 2025 ആണ്. ഗാന്ധിജിയെ പോലെ അൽപ വസ്ത്രധാരിയായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന്റെ സാഹചര്യമോ അംഗീകാരമോ ഇന്നില്ല. രാഹുൽ ഗാന്ധി പോലും ടീഷർട്ട് സ്ഥിരമായി ധരിക്കുന്ന രാഷ്ട്രീയക്കാരനാണ്. ഖദർ മാത്രം ധരിക്കണമെന്ന് മാറ്റത്തിന്റെ മാറ്റൊലികൾ കേൾക്കാത്തവരുടെ അഭിപ്രായമെന്നും അബിൻ വർക്കി ഫേസ്ബുക്കിൽ കുറിച്ചു.
ഖദർ മുണ്ടും ഷർട്ടും ധരിച്ച് പുറത്തിറങ്ങണമെങ്കിൽ വസ്ത്രത്തിന്റെ വിലയേക്കാൾ കൂടുതൽ ചെലവാണ്. ഖദറും ഖാദി ബോർഡും കാലാനുസൃതമായ മാറ്റത്തിന് വിധേയമാകണം. ഞാൻ ഒന്നോ രണ്ടോ ദിവസം ഖദറും ബാക്കി ദിവസങ്ങളിൽ കളർ വസ്ത്രങ്ങളും ടീഷർട്ടും ജീൻസും ധരിക്കും. കാലം മാറുമ്പോൾ കോലവും മാറാൻ ഉള്ളതെന്നും അബിൻ വർക്കി പറഞ്ഞു.
അബിൻ വർക്കി ഫേസ്ബുക്കിൽ കുറിച്ചത്
ഖദർ ധരിക്കുന്ന ആളാണ്. പക്ഷേ ഖദർ മാത്രം ധരിക്കുന്ന ആളല്ല.
1920ലെ നാഗ്പൂർ കോൺഗ്രസ് സെഷനിൽ വച്ചാണ് കൺസ്ട്രക്ട്ടീവ് പ്രോഗ്രാമിന്റെ ഭാഗമായി ഖദർ വസ്ത്രം ധരിക്കണമെന്നും ചർക്ക കൊണ്ട് നൂല് നൂറ്റി വസ്ത്രങ്ങൾ ഉണ്ടാക്കി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടണമെന്നുള്ള തീരുമാനം മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ എടുക്കുന്നത്. അങ്ങനെ ഖദർ ഇന്ത്യൻ ജനതയുടെ ഐക്യത്തിന്റെയും, സ്വാതന്ത്ര്യസമരത്തിന്റെയും, കോൺഗ്രസിന്റെയും ഐഡന്റിറ്റി ആയി മാറി. ഖദർ വസ്ത്രം ധരിച്ചു തുടങ്ങുമ്പോഴാണ് ഒരു കോൺഗ്രസ് പ്രവർത്തകൻ ഐഡന്റിഫയ്ഡ് ആയി തുടങ്ങുന്നത്. അതു കൊണ്ടുതന്നെ ആ ഐഡന്റിറ്റിയോട് യാതൊരു വിയോജിപ്പും ഇല്ല.
പക്ഷെ ഇന്ന് 2025 ആണ്. കാലാനുസൃതമായ മാറ്റം രാഷ്ട്രീയത്തിലും, സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിലും, വസ്ത്രങ്ങളിലും ഉണ്ടായിട്ടുണ്ട്. 1920 ലെ ഇന്ത്യയുടെ അവസ്ഥ അല്ല ഇന്ന്. ഗാന്ധിജിയെ പോലെ അൽപ വസ്ത്രധാരിയായി ഇന്ത്യയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന്റെ സാഹചര്യമോ അംഗീകാരമോ ഇന്നില്ല.രാഹുൽ ഗാന്ധി പോലും സ്ഥിരമായി ടീഷർട്ട് ധരിക്കുന്ന രാഷ്ട്രീയക്കാരനാണ്. അതു കൊണ്ട് ഖദർ വസ്ത്രം മാത്രം ധരിക്കണമെന്നത് മാറ്റത്തിന്റെ മാറ്റൊലികൾ കേൾക്കാത്തവരുടെ അഭിപ്രായമാണ്. അതും മാത്രമല്ല ഇന്ന് ഒരു ഖദർ മുണ്ടും ഷർട്ടും ധരിച്ച് പുറത്തിറങ്ങണമെങ്കിൽ വസ്ത്രത്തിന്റെ വിലയെക്കാൾ കൂടുതൽ ചിലവാണ്. മാത്രമല്ല ഖദറിൽ ഡിസൈനുകളും കുറവാണ്. അതു കൊണ്ട് ഖദറും,ഖാദി ബോർഡും ഒക്കെ കാലാനുസൃതമായ മാറ്റത്തിന് വിധേയമാകണം.
ഈ കാരണങ്ങൾ കൊണ്ട് ഞാൻ ഖദർ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ആക്കി. ബാക്കി ദിവസങ്ങളിൽ കളർ വസ്ത്രങ്ങളും, ടീഷർട്ടുകളും , ജീൻസും ഒക്കെ ധരിക്കാറുണ്ട്. കാരണം കാലം മാറുമ്പോൾ കോലവും മാറാൻ ഉള്ളത് ആണല്ലോ. മാറുകയും വേണം.
Story Highlights : Abin varkey on khadar dress controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here