വ്യക്തി- രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർവകലാശാലകളെ വേദി ആക്കരുത്; പ്രതിപക്ഷനേതാവ്

കേരളം സർവകലാശാല തർക്കത്തിൽ ഇരകളാകുന്നത് വിദ്യാർഥികളാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സർവകലാശാലയുടെ ചരിത്രത്തിൽ തന്നെ ഇത്രയും ഗതികെട്ട ഒരു കാലം ഉണ്ടായിട്ടില്ല. വിഷയത്തിൽ ഇരുകൂട്ടരും കുറ്റക്കാരാണ്. എളുപ്പത്തിൽ പരിഹരിക്കാവുന്ന നിസ്സാരകാര്യങ്ങൾക്ക് വേണ്ടിയാണിപ്പോൾ തമ്മിലടിക്കുന്നതെന്ന് വി ഡി സതീശൻ വിമർശിച്ചു.
വ്യക്തിവൈരാഗ്യം തീർക്കാനും രാഷ്ട്രീയ വൈരാഗ്യം തീർക്കാനും സർവകലാശാലകളെ വേദി ആക്കരുത് ഇത് ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല. കുട്ടികളെ ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ടുതന്നെ ഈ വിഷയം അടിയന്തരമായി അവസാനിപ്പിക്കണം. രാജ്ഭവൻ രാഷ്ട്രീയ പ്രചരണത്തിനും മത പ്രചരണത്തിനായി ഉപയോഗിക്കാൻ പാടില്ലെന്ന് നിയമം ഉണ്ട്. രാജ്ഭവനിൽ ആർഎസ്എസ് നേതാവിനെ കൊണ്ടുവന്ന് പ്രസംഗിപ്പിച്ചപ്പോൾ ഞങ്ങൾ അത് തടഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രി ഈ സാഹചര്യം തടയുകയോ മുന്നറിയിപ്പ് നൽകുകയോ ചെയ്തിരുന്നില്ല. അതുകൊണ്ടാണ് ഇത് വീണ്ടും തുടരുന്നത്.
സർവകലാശാലയുടെ ചാൻസലർ വരുന്ന പരിപാടി രജിസ്ട്രാർക്ക് റദ്ദ് ചെയ്യാൻ കഴിയുമോ? ഇത് അങ്ങോട്ടുമിങ്ങോട്ടും ചേർന്നുള്ള നാടകമാണ് അതിൽ ഏറ്റവും കൂടുതൽ നഷ്ട്ടമുണ്ടാകുന്നത് വിദ്യാർഥികൾക്ക് മാത്രമാണെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
സിസ തോമസിനോട് ഗവൺമെന്റ് ചെയ്തത് എന്താണ്. കോടതി തന്നെ ഇടപെട്ട് ചെയ്യാൻ പാടില്ല എന്ന് പറഞ്ഞതല്ലേ.ആരോഗ്യമേഖലയിൽ വീണാ ജോർജ് മാത്രമല്ല കെ കെ ശൈലജയും മോശക്കാരി എന്നാണ് സിപിഐഎമ്മിലെ തർക്കം. അതാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞതും. പ്രതിപക്ഷ നേതാക്കൾ റോഡിലിറങ്ങി പ്രതിഷേധിക്കുന്നു. ആദ്യമായാണോ മന്ത്രിമാർക്കെതിരെ കേരളത്തിൽ സമരം ഉണ്ടാകുന്നത് വി ഡി സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം, യൂട്യൂബർ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനത്തിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് വി ഡി സതീശൻ സ്വീകരിച്ചത്. ജ്യോതി മൽഹോത്ര കേരളത്തിൽ എത്തുമ്പോൾ അവർ ചാര പ്രവർത്തകയാണെന്ന് മന്ത്രിക്ക് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വ്ളോഗർ എന്ന നിലയിലാണ് അവർ വന്നത്. ടൂറിസം വകുപ്പിനെയും ടൂറിസം മന്ത്രിയും ഈ വിഷയത്തിൽ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
Story Highlights : Universities should not be used as a platform to settle political disputes; VD Satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here