‘F1’, ‘ജുറാസിക് വേൾഡ് റീബർത്ത്’; കേരളത്തിൽ കാശുവാരി ഹോളിവുഡ് ചിത്രങ്ങൾ

കേരളത്തിലെ സിനിമാപ്രേമികൾക്കിടയിൽ ഹോളിവുഡ് ചിത്രങ്ങൾക്ക് എന്നും ഒരു പ്രത്യേക സ്ഥാനമുണ്ട്. സൂപ്പർഹീറോ ചിത്രങ്ങളും ആക്ഷൻ ത്രില്ലറുകളും സയൻസ് ഫിക്ഷൻ സിനിമകളുമെല്ലാം ഇവിടെ വലിയ വിജയങ്ങൾ കൊയ്യാറുണ്ട്. ഈ പതിവ് തെറ്റിക്കാതെ, നിലവിൽ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയിട്ടുള്ള രണ്ട് ഹോളിവുഡ് ചിത്രങ്ങളായ ‘F1’ ഉം ‘ജുറാസിക് വേൾഡ് റീബെർത്ത്’ ഉം കേരള ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. [‘F1’and ‘Jurassic World Rebirth’]
ജോസഫ് കോസിൻസ്കി സംവിധാനം ചെയ്ത ബ്രാഡ് പിറ്റ് ചിത്രം ‘F1’ ന് കേരളത്തിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫോർമുല വൺ റേസിംഗിന്റെ ലോകം പശ്ചാത്തലമാക്കിയെത്തുന്ന ഈ ചിത്രം, മികച്ച വിഷ്വൽസും ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നു. റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളിൽ ചിത്രം അഞ്ച് കോടി രൂപയാണ് കേരളത്തിൽ നിന്ന് നേടിയത്. ചിത്രത്തിനായി കേരളത്തിലെ ഐമാക്സ് സ്‌ക്രീനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചിത്രത്തിന്റെ സാങ്കേതിക മികവും വേഗത നിറഞ്ഞ ദൃശ്യങ്ങളും പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.

Read Also: ‘മാനേജ് സബ്‌സ്‌ക്രിപ്‌ഷൻ’ ഫീച്ചറുമായി ജിമെയിൽ; ഇൻബോക്സ് ഇനി കൂടുതൽ വൃത്തിയാക്കാം
മറുവശത്ത്, സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടായിട്ടും ‘ജുറാസിക് വേൾഡ് റീബെർത്ത്’ കേരളത്തിൽ കളക്ഷൻ നേടി മുന്നേറുകയാണ്. മൂന്ന് ദിവസം കൊണ്ട് ചിത്രം 2.7 കോടി രൂപയാണ് കേരളത്തിൽ നിന്ന് നേടിയത്. ആഗോള ബോക്സ് ഓഫീസിലും ചിത്രം നേട്ടമുണ്ടാക്കുന്നുണ്ട്. ‘ജുറാസിക് വേൾഡ്’ സീരീസിനെ ഇഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകർ കേരളത്തിലുണ്ട്. എന്നാൽ ‘ജുറാസിക് വേൾഡ്’ സീരീസിലെ ചിത്രങ്ങളെ അപേക്ഷിച്ച് ബോറടിപ്പിക്കുന്നതും പതിഞ്ഞ താളത്തിലുള്ളതുമാണ് ഈ ചിത്രമെന്ന് ചില വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും, ചിത്രത്തിന് മികച്ച ഫൈനൽ കളക്ഷൻ നേടാനാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

ഈ രണ്ട് ഹോളിവുഡ് ചിത്രങ്ങൾകൂടാതെ ജൂലൈ 11-ന് റിലീസിനൊരുങ്ങുന്ന ഡിസിയുടെ സൂപ്പർഹീറോ ചിത്രമായ ‘സൂപ്പർമാനും’ കേരളത്തിൽ വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഡേവിഡ് കൊറെൻസ്വെറ്റ് സൂപ്പർമാനായും റേച്ചൽ ബ്രൊസ്നഹാൻ ലൂയിസ് ലെയ്നായും എത്തുന്ന ഈ ചിത്രം ജെയിംസ് ഗൺ ആദ്യമായി സംവിധാനം ചെയ്യുന്ന ഡിസി ചിത്രമാണ്. ഐമാക്സ് സ്ക്രീനുകളിൽ ഉൾപ്പെടെ 3D-യിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Story Highlights : Hollywood films fill theaters in Kerala; ‘F-1’ and ‘Jurassic World Rebirth’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here