‘സർക്കാരിൽ നിന്നും നീതി കിട്ടിയില്ല’; മാതാപിതാക്കളുടെ കല്ലറ പൊളിക്കാനൊരുങ്ങി മകൻ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വസ്തു ഒഴിപ്പിക്കലിനിടെ ഭാര്യയും ഭർത്താവും തീ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ വിവാദ വസ്തുവിലെ കല്ലറകൾ പൊളിക്കുമെന്ന് മകൻ. വസ്തു അയൽവാസിയായ വസന്തയുടേതെന്ന കോടതി വിധിക്ക് പിന്നാലെയാണ് മകന്റെ പ്രതിഷേധ നീക്കം. സർക്കാരിൽ നിന്നും നീതി കിട്ടിയില്ലെന്നാരോപിച്ചു മകൻ രഞ്ജിത് ബാങ്ക് രേഖകളും, വസ്തുവിന്റെ രേഖകളും കത്തിച്ചു പ്രതിഷേധിച്ചു.
അതിയന്നൂർ സ്വദേശി രാജന്റെയും അമ്പിളിയുടെയും മൃതദേഹം മറവു ചെയ്യാൻ മകൻ രഞ്ജിത് കുഴിയെടുക്കുന്ന ഈ ദൃശ്യം അന്ന് കേരളമാകെ ചർച്ച ചെയ്തതാണ്. 2020 ഡിസംബർ 28 നായിരുന്നു സംഭവം. പിന്നോക്ക വിഭാഗത്തിനു വേണ്ടി സർക്കാർ അനുവദിച്ച ഭൂമിയിൽ ആയിരുന്നു തർക്കം. അയൽവാസി വസന്ത ഭൂമിയിൽ ഉടമസ്ഥ അവകാശവുമായി കോടതിയിൽ നിന്നും അനുകൂല വിധി വാങ്ങി. ഒഴിപ്പിക്കൽ
നടപടിക്കിടെ രാജനും അമ്പിളിയും തലയിൽ കൂടി മണ്ണെണ്ണ ഒഴിച്ചു പ്രതിഷേധിച്ചു.
പിടിച്ചു മാറ്റുന്നതിനിടെ തീ പടർന്നു രാജനും അമ്പിളിയും മരിച്ചു.പിന്നാലെ സർക്കാർ
സഹായ ധനം ഉൾപ്പടെ അനുവദിച്ചിരുന്നു. വിവാദ ഭൂമിയിൽ തന്നെയാണ് രാജന്റെ
മക്കൾ കഴിഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര കോടതിയിൽ നിന്നും വീണ്ടും വസ്തു വസന്തയുടേത് തന്നെയെന്ന് വിധി വന്നു.ഇതോടെയാണ് മകൻ പ്രതിഷേധവുമായി രംഗത്തെത്തിയത്.
നെയ്യാറ്റിൻകരയിൽ തെളിഞ്ഞത് സർക്കാരില്ലായ്മയെന്നു പ്രതിപക്ഷ നേതാവ്
വിഡി സതീഷനും പ്രതികരിച്ചു. വിഷയത്തിൽ നാട്ടുകാർ ഇടപെട്ടു ഉന്നത കോടതികളെ സമീപിക്കുന്നത് സംബന്ധിച്ച് ആലോചന നടത്തുന്നുണ്ട്.
Story Highlights : Neyyattinkara couple death, Son against Govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here