ഷിരൂർ ദൗത്യം ഒരിക്കലും മറക്കാനാവില്ല; ‘കേരള ജനത നൽകിയത് സമാനതകളില്ലാത്ത സ്നേഹം’; കാർവാർ എംഎൽഎ

ഷിരൂർ ദൗത്യം ഒരിക്കലും മറക്കാനാവില്ലെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. കേരള ജനത നൽകിയത് സമാനതകളില്ലാത്ത സ്നേഹവും പിന്തുണയുമെന്നും സതീഷ് കൃഷ്ണ സെയിൽ ട്വന്റി ഫോറിനോട് പറഞ്ഞു. 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുമ്പോഴാണ് അദേഹത്തിന്റെ പ്രതികരണം. ഞെട്ടിപ്പോയെന്നും ജീവിതത്തിൽ ഇതുവരെ ഇങ്ങനെ സംഭവം ഉണ്ടായിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.
ഇങ്ങനെ ഒരു സംഭവം മറ്റൊരാൾക്കും ഉണ്ടാകാതിരിക്കട്ടെയെന്ന് സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. അർജുന്റെ കുടുംബത്തിന്റെയും നാട്ടുകാരുടെയും വലിയ സഹകരണം സഹായകരമായിരുന്നു. കേരളത്തിലെ ജനങ്ങൾക്ക് നന്ദി പറയുന്നതായും എംഎൽഎ പറഞ്ഞു. 2024 ജൂലൈ 16നായിരുന്നു കനത്ത മഴയിൽ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. 72 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ് അർജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് കണ്ടെടുത്തത്.
Read Also: ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം; മരിച്ചത് അർജുൻ ഉൾപ്പെടെ 11 പേർ
കഴിഞ്ഞ വർഷം ജൂലൈ 16-ന് ഷിരൂരിൽ രാവിലെയുണ്ടായ വൻ മണ്ണിടിച്ചിൽ വലിയ ദുരന്തമാണ് വിതച്ചത്. അർജുന്റെ തിരോധാനം സംഭവത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചു. കർണാടക ഷിരൂരിലെ ദേശീയപാത 66-ൽ ജൂലൈ പതിനാറിന് രാവിലെ എട്ടേ കാലോടെയാണ് ദുരന്തമുണ്ടായത്. മൂന്നു ഘട്ടങ്ങളായിട്ടായിരുന്നു തിരച്ചിൽ നടന്നത്. ഒടുവിൽ 72 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ സെപ്തംബർ 25ന് ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ പുഴയിൽ ലോറി കണ്ടെത്തി. കാബിനിൽ അർജുന്റെ മൃതദേഹഭാഗങ്ങളും കണ്ടെടുത്തു.
Story Highlights : Karwar MLA Satish Krishna Sail about Shirur Operation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here