വിദേശ പഠനത്തിനായി യു എസ് തിരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ ഇടിവ്; സിംഗപ്പൂർ, ഫ്രാൻസ്, ജപ്പാൻ എന്നിവിടങ്ങൾ പുതിയ പഠന കേന്ദ്രങ്ങളാകുന്നു

അമേരിക്കയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി കാര്യങ്ങൾ അത്ര എളുപ്പമല്ല. മുൻപ് അമേരിക്ക, യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളായിരുന്നു വിദ്യാർത്ഥികളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ. എന്നാൽ കാര്യങ്ങൾ മാറിയിരിക്കുന്നു. വിസ അപ്പോയിന്റ്‌മെന്റുകൾ നിർത്തിവെച്ചതും, വിസ കൈവരിക്കുന്നതിൽ കർശനമായ നിയമങ്ങൾ കൊണ്ടുവന്നതും വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ കാര്യമായി ബാധിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരസ്യമാക്കേണ്ടതും യുഎസ് നിയമങ്ങളും, ഇമിഗ്രേഷൻ നിയമങ്ങളും ലംഘിച്ചാൽ വിസ റദ്ദാക്കപ്പെടുമെന്നതും വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തി. ഇത് അമേരിക്കയിലേക്ക് ചേക്കേറാൻ ആഗ്രഹിച്ചവരെ മറ്റ് സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചു.
[Indian students choosing US to study abroad declines]
മറ്റേതൊരു രാജ്യത്തേക്കാളും യുഎസിലേക്ക് വിദ്യാർത്ഥികളെ അയക്കുന്നത് ഇന്ത്യയാണ്. സമീപ വർഷങ്ങളിൽ വിദേശത്തേക്ക് ഉപരിപഠനത്തിനായിപ്പോയ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. കോവിഡ് -19 ന് മുൻപ്, 2018 ൽ വിദേശത്തേക്ക് ചേക്കേറിയത് 5 ലക്ഷത്തിലധികം വിദ്യാർത്ഥികൾ. എന്നാൽ, 2019 ൽ ഇത് 5.86 ലക്ഷത്തിലെത്തി. കോവിഡ് മഹാമാരി കാരണം 2020 ൽ അത് പകുതിയായി കുറഞ്ഞു. ലോക്ക്ഡൗണുകളും യാത്രാ നിയന്ത്രണങ്ങളും ഈ കുറവിന് കാരണമായി. കോവിഡ് ഭീതിക്ക് തൊട്ടുപിന്നാലെ, 2021 ൽ വിദ്യാർത്ഥികളുടെ എണ്ണം വീണ്ടും ഉയർന്ന് 4.4 ലക്ഷത്തിലെത്തി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ 2021 നെ അപേക്ഷിച്ച് ഏകദേശം 70% വർദ്ധിച്ചു. ദി ഓപ്പൺ ഡോർസ് റിപ്പോർട്ട് പ്രകാരം 2023-24 അധ്യയന വർഷത്തേക്ക് ഇന്ത്യ 331,600 ൽ അധികം വിദ്യാർത്ഥികളെ അയച്ചപ്പോൾ ചൈന അയച്ചത് ഏകദേശം 277,398 പേരെ.
Read Also: ശമ്പളം തുറന്ന് പറയാൻ മടിയില്ല, ദാരിദ്രം അനുഭവിച്ചിട്ടുണ്ട്, രൂപയുടെ വിലയറിയാം ; ലോകേഷ് കനഗരാജ്
ഇപ്പോൾ സിംഗപ്പൂർ, ജർമ്മനി, ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകളും ഇന്ത്യയിലെ തന്നെ ചില സ്ഥാപനങ്ങളും വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി തിരഞ്ഞെടുക്കുന്നുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽമാരും വിദ്യാഭ്യാസ കൺസൾട്ടന്റുമാരും പറയുന്നു. യോഗ്യത മാനദണ്ഡങ്ങൾ പലതുണ്ടെങ്കിലും സിംഗപ്പൂർ വിദ്യാർത്ഥികൾക്ക് ഒരു മികച്ച ഓപ്ഷനായി മാറിയിട്ടുണ്ട്. ഇന്ത്യയോട് അടുത്ത് കിടക്കുന്നു എന്നതാണ് അതിന് പ്രധാന കാരണം. ജപ്പാൻ, നെതർലാൻഡ്‌സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ കുറഞ്ഞ ചെലവിൽ പഠനം വാഗ്ദാനം ചെയ്യുന്നതും വിദ്യാർത്ഥികളെ ആകർഷിക്കുന്നു. ഫിൻലൻഡ് പോലുള്ള രാജ്യങ്ങളും ഇപ്പോൾ വിദ്യാർത്ഥികളുടെ ശ്രദ്ധ നേടുന്നുണ്ട്. മുൻപ് ബാക്കപ്പ് ഓപ്ഷനുകളായിരുന്ന ഈ രാജ്യങ്ങൾ ഇപ്പോൾ മിക്ക വിദ്യാർത്ഥികളുടെയും പ്രധാന ഓപ്ഷനാണ്.
ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അടുത്ത വർഷം (2026-ൽ) പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഇപ്പോൾ തന്നെ തങ്ങളുടെ ലക്ഷ്യസ്ഥാനം തീരുമാനിക്കുകയും, വിദേശത്തേക്ക് പോകുന്നതിന്റെ ലക്ഷ്യം രേഖപ്പെടുത്തുകയും വേണം. കാരണം സെപ്റ്റംബറോടെ അപേക്ഷാ നടപടികൾ ആരംഭിക്കും.
Story Highlights : Indian students choosing US to study abroad declines; Singapore, France, Japan become new study destinations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here