ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍

കണ്ണൂരില്‍ ജയില്‍ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്ത് അയച്ചിരിക്കുന്നത്. ഇന്ന് അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. ജയില്‍ മാറ്റം ജയില്‍ വകുപ്പ് തീരുമാന പ്രകാരമാണ്.
ഏറെ ദുരൂഹതകള്‍ നിറഞ്ഞ ഒരു ജയില്‍ ചാട്ടത്തിനാണ് കേരളം ഇന്ന് സാക്ഷ്യം വഹിച്ചത്. ജയില്‍ ചാടിയശേഷം കേരളം വിടാന്‍ പദ്ധതിയിട്ടിരുന്നെന്നാണ് ഗോവിന്ദച്ചാമി പൊലീസിന് നല്‍കിയ മൊഴി. കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന 68 സെല്ലുകളുള്ള പത്താം ബ്‌ളോക്ക് ബിയിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്നത്. അടുത്തിടെ വരെ സെല്ലില്‍ ഇയാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കുറച്ച് മാസങ്ങളായി ഒരു തമിഴ്‌നാട്ടുകാരന്‍ കൂടി ഈ സെല്ലില്‍ ഉണ്ട്.
ഒന്നരമാസം മുന്‍പ് തന്നെ ഗോവിന്ദച്ചാമി ജയില്‍ ചാടാനായി പദ്ധതിയിട്ടിരുന്നു. ഒപ്പം ചാടാന്‍ താനും പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ കമ്പിക്കുള്ളിലൂടെ പുറത്ത് ചാടാന്‍ കഴിയാത്തതിനാല്‍ പുറത്ത് കടക്കാന്‍ കഴിഞ്ഞില്ലെന്നും തടവുകാരന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
Read Also: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ: അടിയന്തര യോഗം വിളിച്ചു മുഖ്യമന്ത്രി
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെയാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളില്‍ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി.
ജയില്‍ അധികൃതരുടെ ഗുരുതരമായ കൃത്യവിലോപം മാത്രമാണോ ജയില്‍ ചാട്ടം എളുപ്പമാക്കിയതെന്ന ചോദ്യം അവശേഷിക്കുന്നു. വളരെയധികം കട്ടി കൂടിയ അഴികള്‍ മുറിച്ചതെങ്ങനെ. മതില്‍ ചാടാന്‍ തക്ക തുണികള്‍ ശേഖരിച്ചത് എവിടെ നിന്ന്. ഗോവിന്ദച്ചാമി ജയില്‍ ചാടി മൂന്നര മണിക്കൂറിന് ശേഷമാണ് അധികൃതര്‍ വിവരം അറിഞ്ഞതെന്നത് വിശ്വസനീയമോ. ഒരുപാട് ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്.
കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന 68 സെല്ലുകളുള്ള പത്താം ബ്‌ളോക്ക് ബിയിലാണ് ഗോവിന്ദച്ചാമിയെ ഇട്ടിരുന്നത്. അടുത്തിടെ വരെ സെല്ലില്‍ ഇയാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കുറച്ച് മാസങ്ങളായി ഒരു തമിഴ്‌നാട്ടുകാരന്‍ കൂടി ഈ സെല്ലില്‍ ഉണ്ട്. മണിക്കുറുകള്‍ സമയമെടുത്തല്ലാതെ അഴികള്‍ മുറിച്ചുമാറ്റാന്‍ കഴിയില്ലെന്നിരിക്കെ, സഹ തടവുകാരന്റെ സഹായം ഇയാള്‍ക്ക് ലഭിക്കാനുള്ള സാധ്യത ഏറെയാണ്. പത്താം ബ്‌ളോക്കില്‍ നിന്ന് പുറത്തെത്തണമെങ്കില്‍ രണ്ട് മതിലുകള്‍ ഗോവന്ദച്ചാമിക്ക് ചാടിക്കടക്കേണ്ടി വരും. ആദ്യ മതില്‍ ചാടാന്‍ സെല്ലിലെ കുടിവെള്ള കന്നാസ് ഉപയോഗിച്ചെന്നാണ് ജയില്‍ അധികൃതര്‍ വിശദീകരിക്കുന്നത്.
ഇലക്ട്രിക് ഫെന്‍സിങ്ങുള്ള 7 മീറ്റര്‍ ഉയരമുള്ള പുറം മതില്‍ ഒറ്റ കൈയ്യനായ ഗോവിന്ദച്ചാമി ചാടിക്കടക്കുമ്പോള്‍, മതിലില്‍ വൈദ്യുതി പ്രവാഹം ഇല്ലായിരുന്നു എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ജയില്‍പ്ഫുള്ളികളും, ഏതാനും ജയില്‍ ഉദ്യോഹസ്ഥരും ഗോവിന്ദച്ചാമിയെ സഹായിച്ചിരിക്കാം എന്നാണ് ജയില്‍ ഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ തന്നെ പ്രതികരിച്ചത്.
ഗോവിന്ദച്ചാമിക്ക് പുറം സഹായം ഉണ്ടെന്ന ആരോപണം നേരത്തെയും ഉണ്ടായിരുന്നു. ഇയാള്‍ക്ക് നിയമസഹായം നല്‍കാന്‍ വന്‍ തുക ചെലവഴിച്ചതായും കണ്ടെത്തിയിരുന്നു. കീഴ്‌ക്കോടതികള്‍ വധശിക്ഷ വിധിച്ച ഈയാള്‍ സുപ്രീം കോടതിയില്‍ പോയാണ് ഇളവ് സമ്പാദിച്ചത്. കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്ത സൗമ്യ വധക്കേസ് പ്രതി ജയില്‍ ചാടിയത് കേരളത്തിന് തന്നെ നാണക്കേടായി മാറിയിരിക്കയാണ്.
Story Highlights : Govindachamy remanded for 14 days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here