‘അവനെ കൈയ്യിൽ കിട്ടിയപ്പോഴേ കൊല്ലമായിരുന്നില്ലേ, ആ ക്രിമിനലിനെ വെറുതെ വിടരുത്, തൂക്കിക്കൊല്ലണം’; സൗമ്യയുടെ അമ്മ

ഗോവിന്ദച്ചാമിക്ക് ഇനിയെങ്കിലും തൂക്കുകയർ നൽകണമെന്ന് സൗമ്യയുടെ അമ്മ സുമതി. ജയിൽചാടാൻ പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ട്. ഗോവിന്ദച്ചാമിയെ ഇനി പുറത്തു കടക്കാൻ അനുവദിക്കരുത്. കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.
അവനെ പുറം ലോകം കാണിക്കാത്ത രീതിയിൽ ശിക്ഷ കൊടുത്താണ്. അവൻ ഈ ഒറ്റകൈ കൊണ്ടാണ് ഇതെല്ലാം ചെയ്തത്. പക്ഷെ ജയിലിലെ ആ വലിയ മതിൽ ചാടിക്കടയ്ക്കാൻ ഒരാളുടെ സഹായമില്ലാതെ അവന് സാധിക്കില്ല. അവനെ കൈയിൽ കിട്ടിയിരുന്നെങ്കിൽ കൊന്ന് കളഞ്ഞേനെ എന്നാണ് ഇന്നും എന്നെ വിളിച്ച ഒരാൾ പറഞ്ഞത്. അത്ര അമർഷമാണ് ഗോവിന്ദച്ചാമിയോട് ജനങ്ങൾക്കുള്ളത്. അത് സൗമ്യ എന്ന പെൺകുട്ടിയെ ജനങ്ങൾ ഇതുവരെ മറക്കാത്തത് കൊണ്ടാണ്. അവനെ കൈയിൽ കിട്ടിയപ്പോഴേ കൊല്ലമായിരുന്നില്ലേ എന്തിനാണ് പൊലീസിനും നിയമത്തിനും അവനെ വിട്ടുകൊടുക്കുന്നത്. ഇനി അവന് കിട്ടാനുള്ളത് തൂക്കുകയറാണ്. അതിലും വലിയ ശിക്ഷ അവന് കിട്ടാനില്ല. എത്രയും വേഗം ആ ശിക്ഷ നമ്മുടെ രാജ്യത്ത് നിലവിൽ വന്നാൽ വലിയ സന്തോഷം തന്നെയാണെന്നും സുമതി പറഞ്ഞു.
2011 ഫെബ്രുവരി ഒന്നിനാണ് കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസ് നടന്നത്. എറണാകുളത്തു നിന്നും ഷൊർണൂരിലേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ സൗമ്യ ആക്രമിക്കപ്പെട്ടു . ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു. ഫെബ്രുവരി മൂന്നിന് പാലക്കാട് റെയിൽവേസ്റ്റേഷനിൽ തമിഴ്നാട് സ്വദേശി ഗോവിന്ദച്ചാമി പിടിയിലായി. ഫെബ്രുവരി 4ന് അറസ്റ്റ് രേഖപ്പെടുത്തി. ജൂൺ ആറിന് തൃശൂരിലെ അതിവേഗ കോടതിയിൽ വിസ്താരം തുടങ്ങി. വിചാരണ നടപടികൾ അഞ്ചുമാസം കൊണ്ട് പൂർത്തിയായി. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ സാക്ഷിമൊഴികളുടേയും സാഹചര്യത്തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിചാരണ പൂർത്തിയാക്കിയത്. നവംബർ 11ന് ഗോവിന്ദച്ചാമിയെ വധശിക്ഷയ്ക്ക് വിധിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കോടതി കണ്ടെത്തി. പ്രതി മുമ്പും ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് കോടതി കണ്ടെത്തി.
2013 ഡിസംബർ 17ന് അതിവേഗ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. 2014 ജൂണ്‍ 9 വധശിക്ഷ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമി സുപ്രിംകോടതിയിൽ ഹർജി നൽകി. 2016 സെപ്റ്റംബർ 15 ന് സുപ്രിംകോടതി കൊലപാതകക്കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിധിക്കുകയും വധശിക്ഷ ഏഴുവർഷത്തെ കഠിനതടവായി കുറയ്ക്കുകയും ചെയ്തു. ബലാത്സംഗക്കുറ്റം അംഗീകരിക്കുകയും ഗുരുതരമായി പരുക്കേറ്റു കിടന്ന ഇരയോടു കാണിച്ച ക്രൂരത കണക്കിലെടുത്ത് കീഴ്കോടതി അതിനു നല്കിയ ജീവപര്യന്തം തടവുശിക്ഷ അംഗീകരിച്ചു.
Story Highlights :Soumya’s mother Sumathi wants Govindachamy to be hanged
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here