Advertisement

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി

11 hours ago
Google News 1 minute Read

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. നിലവിൽ പൊലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം.

മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട . സിഎൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക. കണ്ണൂരിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രത്യേക അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തത്.

കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായത് അത്യന്തം ഗൗരവം ഉള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അടുത്ത മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെൻസിങ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കണമെന്ന് തീരുമാനമെടുത്തു.

സൂക്ഷ്മതലത്തിൽ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇന്റലിജൻഡ് സിസിടിവി നാല് പ്രധാന ജയിലുകളിൽ സ്ഥാപിക്കും. ഇതിനുള്ള നടപടി അടിയന്തരമായി തുടങ്ങും. ജയിൽ ജീവനക്കാർ തുടർച്ചയായി ഒരേ സ്ഥലത്ത് തുടരുന്നത് കണക്കിലെടുത്ത്, അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഓരോ സ്ഥലത്തും അഞ്ചുവർഷം പൂർത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് മാറ്റും.

ജയിലിനകത്ത് ഇൻ്റലിജൻസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ശിക്ഷിക്കപ്പെട്ട കൊടും ക്രിമിനലുകളിൽ പലരെയും ഇപ്പോൾ അതീവ സുരക്ഷാ ജയിലിലാണ് പാർപ്പിക്കുന്നത്. ഇത്തരക്കാർക്ക് അന്തർ സംസ്ഥാന ജയിൽ മാറ്റം കൂടി ആലോചിക്കും. ജയിലുകളിൽ ഇപ്പോൾ വീഡിയോ കോൺഫറൻസിംഗ് സംവിധാനമുണ്ട്. അത് ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. ജയിലിനകത്ത് തടവുകാർക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും.

താങ്ങാനാവുന്നതിൽ കൂടുതൽ തടവുകാർ ജയിലുകളിൽ ഉള്ള സാഹചര്യത്തിൽ പുതിയ ഒരു സെൻട്രൽ ജയിൽ ആരംഭിക്കും. ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്താൻ ശ്രമിക്കുമെന്നും യോഗം തീരുമാനമെടുത്തു. നിലവിൽ നടക്കുന്ന അന്വേഷണങ്ങൾ അതിവേഗം പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

Story Highlights : pinarayi vijayan to investigate govindachami jail escape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here