യുവതലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ച കലാം; എ പി ജെ അബ്ദുൾ കലാം ഓർമ്മയായിട്ട് 10 വർഷം

ഡോക്ടർ എ പി ജെ അബ്ദുൾ കലാം ഓർമ്മയായിട്ട് ഇന്നേക്ക് 10 വർഷം. ഇന്ത്യൻ യുവതയെ സ്വപ്നം കാണാൻ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു ആ വലിയ മനുഷ്യൻ. ജനതയോട് കർമ്മോത്സുകതയെ കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു ഡോക്ടർ എ പി ജെ അബ്ദുൾ കലാം. ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ രാഷ്ട്രപതി കുട്ടികളുമായി സംസാരിക്കാൻ ആഗ്രഹിച്ചു, അവരെ വാക്കുകളിലൂടെ പ്രചോദനം നൽകാൻ കൊതിച്ചു.
തമിഴ്നാട്ടിലെ രാമേശ്വരത്ത് പത്രവിതരണം നടത്തി വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്തിയിരുന്ന ബാലനിൽ നിന്നും ഇന്ത്യയുടെ രാഷ്ട്രപതിയിലേക്കും രാജ്യത്തെ പ്രചോദിപ്പിക്കുന്ന ധൈഷണിക വ്യക്തിത്വത്തിലേക്കുമുള്ള ഡോക്ടർ കലാമിന്റെ യാത്ര ഒരു പോരാട്ടമായിരുന്നു. ഫൈറ്റർ പൈലറ്റാകാനായിരുന്നു മോഹമെങ്കിലും ‘ഇന്ത്യയുടെ മിസൈൽമാൻ’ ആയാണ് പരിണമിച്ചത്. ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണങ്ങളുടെ നേതൃത്വം വഹിച്ചതും തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിന്റെ ഏകോപനച്ചുമതല വഹിച്ചതും ഡോക്ടർ കലാം ആയിരുന്നു.
ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയായി ചുമതലയേറ്റെടുത്ത ഡോക്ടർ അബ്ദുൾ കലാം രാഷ്ട്രത്തിന്റെ ഭാവിയെപ്പറ്റിയും രാജ്യത്തിന്റെ കരുത്തിനെപ്പറ്റിയും തലമുറകളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. കുട്ടികളുമായി സംവദിക്കാൻ രാഷ്ട്രപതിയായിരുന്നപ്പോഴും സ്ഥാനമൊഴിഞ്ഞശേഷവും സമയം കണ്ടെത്തി. 2015ൽ എൺപത്തിമൂന്നാം വയസ്സിൽ, ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിദ്യാർത്ഥികളുമായി സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണ്, ഉണരാത്ത ഉറക്കത്തിലേക്ക് വീഴുംവരേയും അത് തുടർന്നു.
Story Highlights : APJ Abdul Kalam’s 10th death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here