Advertisement

ഫിഡെ വനിത ചെസ് ലോകകപ്പ് കിരീടം ദിവ്യ ദേശ്മുഖിന്; ചരിത്രനേട്ടത്തിന് ഇരട്ടിമധുരമായി ഗ്രാൻഡ് മാസ്റ്റർ പദവി

6 hours ago
Google News 2 minutes Read

ഫിഡെ വനിത ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ പത്തൊൻപതുകാരി ദിവ്യ ദേശ്മുഖിന്. ഫൈനലിൽ കൊനേരു ഹംപിയെ ടൈ ബ്രേക്കറിൽ വീഴ്ത്തിയാണ് ദിവ്യ ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയായത്. ചരിത്രനേട്ടത്തിന് ഇരട്ടിമധുരമായി ദിവ്യക്ക് ഗ്രാൻഡ് മാസ്റ്റർ പദവിയും ലഭിച്ചു. വനിത ചെസ് ലോകകപ്പ് ഇന്ത്യയിലെത്തിക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് ദിവ്യ ദേശ്മുഖ്.

രണ്ടാം റാപ്പിഡ് ഗെയിമിൽ ആണ് ദിവ്യയുടെ ജയം. രണ്ട് ക്ലാസിക്കൽ ഗെയിമുകളും സമനിലയിൽ അവസാനിച്ചതോടെയാണ് സമയനിയന്ത്രണമുള്ള ടൈബ്രേക്കർ വേണ്ടിവന്നത്. ജോർജിയയിലെ ബാത്തുമിയിലാണ് മത്സരം നടന്നത്. കിരീട നേട്ടത്തോടെയാണ് ദിവ്യയ്ക്ക് ഗ്രാൻഡ് മാസ്റ്റർ പദവിയും ലഭിച്ചത്. ​ഗ്രാൻഡ് മാസ്റ്റർ പദവി ലഭിക്കുന്ന നാലാമത്തെ ഇന്ത്യൻ‌ താരമാണ് ദിവ്യ.

ഇന്ന് നടന്ന ആദ്യ ടൈബ്രേക്കർ സമനിലയിലാണ് അവസാനിച്ചത്. തുടർന്ന് നടന്ന രണ്ടാം മത്സരത്തിൽ കറുത്ത കരുക്കളുമായി മത്സരിച്ച ദിവ്യ വിജയകിരീടം നേടുകയായിരുന്നു. ഫിഡേ വനിതാ റേറ്റിങ് പട്ടികയിൽ നിലവിൽ 18-ാം സ്ഥാനത്താണ് ദിവ്യ. കൊനേരു ഹംപി അ‍ഞ്ചാം സ്ഥാനത്തുമാണ്. പരിചയ സന്പത്തിനൊപ്പം നിലവിലെ റാപ്പിഡ് ലോകചാമ്പ്യനെന്നതും കൊനേരു ഹംപിക്ക് മുൻതൂക്കമായിരുന്നു. എന്നാൽ റാപ്പിഡ് ചാമ്പ്യനെ റാപ്പിഡ് റൗണ്ടിൽ തന്നെ വീഴ്ത്തിയാണ് ദിവ്യ കിരീടം ചൂടിയത്. ഒന്നര പോയിന്റിനെതിരെ രണ്ട് പോയിന്റുമായാണ് ദിവ്യയുടെ കിരീടനേട്ടം.

Story Highlights : Divya Deshmukh becomes Women’s World Cup champion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here