‘സിഎച്ച് ഉയര്‍ത്തിയ വാഴ്സിറ്റിയില്‍ തട്ടമിട്ട പികെ ഷിഫാനയെന്ന എംഎസ്എഫുകാരി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍’; അഭിനന്ദനവുമായി കെഎം ഷാജി

കാലിക്കറ്റ് സര്‍വകലാശാലയിലെ എംഎസ്എഫിന്റെ ആദ്യ വനിതാ ചെയര്‍പേഴ്‌സണായി പി കെ ഷിഫാന. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എംഎസ്എഫ്- കെഎസ്‌യു മുന്നണിക്ക് മികച്ച വിജയം നേടിയപ്പോള്‍ പൂവണിഞ്ഞത് എംഎസ്എഫിന്റെ നാല് പതിറ്റാണ്ടത്തെ സ്വപ്‌നമാണ്. 45 വര്‍ഷം മുന്‍പ് എസ്എഫ്‌ഐ-എംഎസ്എഫ് മുന്നണിയില്‍ ടിവിപി ഖാസിം സാഹിബ് ചെയര്‍മാന്‍ ആയ ശേഷം ഇതാദ്യമായി എംഎസ്എഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി വിജയിക്കുന്നത്. അതിനും മുന്‍പ് 1979-ല്‍ പി.എം. മഹമൂദ്, 1982-ല്‍ സി.എം. യൂസുഫ് എന്നിവരും ചെയര്‍പേഴ്‌സണ്‍മാരായിരുന്നു.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് കോളജ് വിദ്യാര്‍ഥിനിയാണ് ഷിഫാന. പി കെ ഷിഫാനക്കും യുഡിഎസ്എഫിനും അഭിനന്ദനുമായി മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി രംഗത്തെത്തി. സി എച്ച് ഉയര്‍ത്തിയ വാഴ്സിറ്റിയില്‍ തട്ടമിട്ട പികെ ഷിഫാന എന്ന എംഎസ്എഫുകാരി യൂണിയന്‍ ചെയര്‍പേഴ്സണ്‍ ആയിരിക്കുന്നുവെന്ന് കെ എം ഷാജി ഫേസ്ബുക്കില്‍ കുറിച്ചു. കൈലി ഉടുത്ത കാക്കാമാരുടെയും കാച്ചി ഉടുത്ത മാപ്പിള പെണ്ണുങ്ങളുടെയും കാലം കഴിഞ്ഞാല്‍ മുസ്ലിം ലീഗ് ഇല്ല എന്ന് പരിഹസിച്ചിരുന്ന ആളുകള്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നിന്ന് സി എച്ചിന്റെ പിന്മുറക്കാര്‍ ഉന്നത കലാലയങ്ങളുടെ നടുത്തളങ്ങള്‍ അലങ്കരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു. പ്രിയ അനുജന്മാര്‍ നവാസിന്റെയും നജാഫിന്റെയും നേതൃത്വത്തിലുള്ള എംഎസ്എഫിന്റെ ചുണക്കുട്ടികളുടെ അഭിമാനര്‍ഹമായ പോരാട്ടത്തിന്റെ ഫലം കൂടിയാണ് ഈ നേട്ടങ്ങള്‍ എസ്എഫ്‌ഐയുടെ ഗുണ്ടായിസത്തെയും, ഭരണത്തിന്റെ ആനുകൂല്യത്തില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച എല്ലാ ജനാധിപത്യ വിരുദ്ധ നടപടികളെയും അതിജയിച്ചു തിളക്കമാര്‍ന്ന വിജയം വരിച്ച യുഡിഎസ്എഫ് സാരഥികള്‍ക്കും, അതിന് നേതൃത്വം നല്‍കിയ നവാസിനും നജാഫിനും എംഎസ്എഫ് ടീമിനും അഭിനന്ദനങ്ങള്‍ – ഷാജി വ്യക്തമാക്കി.
യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ അഞ്ച് ജനറല്‍ പോസ്റ്റിലും എംഎസ്എഫ്-കെഎസ്‌യു പ്രതിനിധികളാണ് വിജയിച്ചത്. ചെയര്‍പേഴ്സണ്‍- പി.കെ. ഷിഫാന (എംഎസ്എഫ്, കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് കോളജ്-തൃശൂര്‍), ജനറല്‍ സെക്രട്ടറി- സൂഫിയാന്‍ വില്ലന്‍ (എംഎഎസ്എഫ്, ഫറൂഖ് കോട്ടക്കല്‍), വൈസ് ചെയര്‍മാന്‍- മുഹമ്മദ് ഇര്‍ഫാന്‍ എ.സി. (എംഎസ്എഫ്), വൈസ് ചെയര്‍മാന്‍ (ലേഡി)- നാഫിയ ബിറ (എംഎസ്എഫ്), ജോയിന്റ് സെക്രട്ടറി- അനുഷ റോബി(കെഎസ്‌യു) – എന്നിവരാണ് വിജയികള്‍.
Story Highlights : PK Shifana becomes the first woman chairperson of MSF at Calicut University
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here