Advertisement

വീണ്ടും ചര്‍ച്ചാകേന്ദ്രമായി ആരോഗ്യവകുപ്പ്; ഡോ. ഹാരിസിനെ പൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

1 day ago
2 minutes Read
veena

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കെടുകാര്യസ്ഥത തുറന്നുകാട്ടിയ ഡോ. ഹാരിസ് ഹസനെതിരെ വകുപ്പുതല നടപടിക്ക് നീക്കം. ഡോ. ഹാരിസ് വെളിപ്പെടുത്തിയതെല്ലാം അസത്യമാണെന്നാണ് ആരോഗ്യവകുപ്പ് നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയത്. ഇതോടെ, വാദി പ്രതിയാകുന്ന അവസ്ഥയാണ്. വകുപ്പുമന്ത്രി അവഹേളിക്കപ്പെടാനും, പ്രതിപക്ഷത്തിന് സമരത്തിനുള്ള വഴിയൊരുക്കാനും ഡോ. ഹാരിസ് ശ്രമിച്ചെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. ഡോക്ടറുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടിക്കുള്ളില്‍ പോലും ആരോഗ്യമന്ത്രിക്കെതിരെ ചര്‍ച്ചകള്‍ക്ക് വഴിവച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ലെന്ന ഡോ. ഹാരിസിന്റെ വെളിപ്പെടുത്തല്‍ ആരോഗ്യവകുപ്പിനെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിട്ടിരുന്നു. ആദ്യം ഡോ ഹാരിസിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയ ആരോഗ്യമന്ത്രി പിന്നീട് നിലപാട് മാറ്റി.
മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി ഡോ. ഹാരിസിനെ തള്ളി രംഗത്തുവന്നതോടെയാണ് മന്ത്രി വീണാ ജോര്‍ജും അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. ഹാരിസിന്റെ പരാമര്‍ശം ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

Read Also: സണ്ണി ജോസഫ് ഛത്തീസ്ഗഡിലേക്ക്; ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ കാണും

ഇതോടെ ഡോ. ഹാരിസിനെതിരെ ആരോപണവുമായി സിപിഐഎമ്മും രംഗത്തെത്തി. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഈ സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത് ഡോ. ഹാരിസിനെ പ്രതിക്കൂട്ടിലാക്കുന്ന വസ്തുതകളായിരുന്നു. ഡോ. ഹാരിസ് ചട്ടലംഘനം നടത്തിയതായും, ഉപകരണങ്ങള്‍ ഉണ്ടായിട്ടും ശസ്ത്രക്രിയ മുടക്കിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ശസ്ത്രക്രിയാ ഉപകരണങ്ങളില്‍ ചിലത് കാണാനില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ള മറ്റൊരു സുപ്രധാന ആരോപണം. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ കാണാനില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ എന്ന നിലയില്‍ ഡോ ഹാരിസിനെ കുരുക്കാനായുണ്ടാക്കിയതാണെന്നാണ് ഉയരുന്ന ആരോപണം. മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലെന്ന വിവരം ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ എന്ന നിലയില്‍ ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ മറ്റൊരു കണ്ടെത്തല്‍. എന്നാല്‍, ഇത് തെറ്റാണന്ന് ഡോ. ഹാരിസ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. ഡോ. ഹാരിസ് ബന്ധപ്പെട്ട അധികൃതര്‍ക്ക് അയച്ച കത്ത് പുറത്തായ സാഹചര്യത്തില്‍ അന്വേഷണസംഘം മനപൂര്‍വം ഡോക്ടറെ കുരുക്കിലാക്കാനായി ഉണ്ടാക്കിയ റിപ്പോര്‍ട്ടാണിതെന്ന് വ്യക്തം.

ഹാരിസിനോട് മൃദുസമീപനം വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതേസമയം, അദ്ദേഹത്തിനെതിരെ നിലപാട് സ്വീകരിച്ചാല്‍ അത് ജനം പ്രതികാരമായി വിലയിരുത്തുമെന്ന ആശങ്കയുമുണ്ട്. കാരണം കാണിക്കല്‍ നോട്ടീസാണ് ഡോ ഹാരിസിന് നല്‍കിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ വിഷയം ചര്‍ച്ചയാക്കിയത് തെറ്റായ നടപടിയാണെന്ന് ഡോ. ഹാരിസ് അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഉപകരണങ്ങള്‍ കാണാനില്ലെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ ഗൗരവതരമാണ്. വകുപ്പുമേധാവികൂടിയായ ഹാരിസ് ഈ ഉപകരണങ്ങളുടെ കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതായിവരും. ശസ്ത്രക്രിയ ഉപകണങ്ങള്‍ കുറവാണെന്ന് ഡോക്ടര്‍ ആവര്‍ത്തിക്കുകയാണ്. തനിക്ക് പ്രത്യേകിച്ച് ഓഫീസില്ല. ഒരു പ്രിന്റൗട്ട് എടുക്കാനുള്ള സൗകര്യംപോലുമില്ല. ഈ സാഹചര്യത്തിലാണ് സ്വന്തം നിലയില്‍ ആശുപത്രി അധികൃതരെ ഉപകരണക്ഷാമം സംബന്ധിച്ച് അറിയിച്ചതെന്നാണ് ഡോക്ടര്‍ രേഖകള്‍ സഹിതം വ്യക്തമാക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ ഉപകരണ ക്ഷാമം സംബന്ധിച്ചുള്ള വിവാദത്തിന് തൊട്ടുപിന്നാലെ കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുവീണ് വൈക്കം സ്വദേശിയായ ബിന്ദു മരിക്കാനിടയായ സംഭവവും ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും തുടര്‍ച്ചയായി വീഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മന്ത്രിയുടെ പിടിപ്പുകേടാണെന്നായിരുന്നു ആരോപണം. മന്ത്രിക്കെതിരെ പ്രതിപക്ഷം പ്രത്യക്ഷസമരം ആരംഭിച്ചതും ഇടത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തല്‍ നടത്തിയ ഡോ. ഹാരിസിനെതിരെ കടുത്ത നടപടിക്കുള്ള നീക്കമാണ് ആരോഗ്യവകുപ്പ് ആരംഭിച്ചിരിക്കുന്നത്. ഹാരിസിനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ശുപാര്‍ശ. കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി കടുത്തതാകും.

ഡോ. ഹാരിസിനെതിരെയുള്ള നീക്കത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയും ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും ആരോഗ്യവകുപ്പും തമ്മിലുള്ള പോരാട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കും. അതിനിടെ, ഡോ. ഹാരിസിന് പിന്തുണയുമായി സോഷ്യല്‍മീഡിയയിലും ചര്‍ച്ചകള്‍ സജീവമാവുകയാണ്.

Story Highlights : Health Department again at the center of discussion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top