‘അമ്മയെ വഴക്കു പറഞ്ഞതിലുള്ള പ്രതികാരം’; കോടനാട് വയോധികയുടെ കൊലക്കേസിൽ പ്രതി പിടിയിൽ

എറണാകുളം കോടനാട് വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. 24 വയസ്സുകാരാൻ അദ്വൈത് ഷിബുവാണ് ബെംഗളൂരുവിൽ നിന്ന് പിടിയിലായത്. കൊല്ലപ്പെട്ട അന്നമ്മയുടെ അയൽവാസിയാണ് പ്രതി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം 74 കാരിയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. അതിന് ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അതിവേഗം പിടികൂടാൻ സാധിച്ചത്. എസ്പിയുടെ പ്രത്യേക സംഘവും കോടനാട് പൊലീസും സംയുക്തമായി ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ഒറ്റയ്ക്കാണ് കൊലപാതകം ചെയ്തത്. അന്നമ്മയുടെ സ്വർണാഭരണങ്ങൾ പ്രതി മോഷ്ടിക്കുകയും കൊലയ്ക്ക് ശേഷം അദ്വൈത് ബെംഗളൂരുവിലേക്ക് കടന്നുകളയുകയും ചെയ്തു.
പ്രതിയുടെ അമ്മയും അന്നമ്മയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അന്നമ്മ അദ്വൈതിന്റെ അമ്മയെ വഴക്കുപറഞ്ഞതിലുണ്ടായ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിന് കാരണം. കൊലപാതകം നടത്തിയത് ഇതരസംസ്ഥാന തൊഴിലാളി ആണെന്ന നിഗമനത്തിലായിരുന്നു പൊലീസ് എന്നാൽ അങ്ങിനെ അല്ലെന്നും അന്നമ്മയുടെ പരിസരം നല്ലപോലെ അറിയാവുന്ന ആളാണ് കൊലയ്ക്ക് പിന്നിൽ എന്നുമായിരുന്നു പൊലീസിന്റെ നിഗമനം. അങ്ങിനെയാണ് ബെംഗളൂരുവിലേക്ക് കടന്ന പ്രതിയിലേക്ക് പൊലീസ് എത്തുന്നത്. അന്നമ്മയുടെ ദിനചര്യ മനസിലാക്കിയ പ്രതി മുൻകൂട്ടി പദ്ധതി തയ്യാറാക്കിയാണ് കൃത്യം നടത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് ലഭിച്ച സൂചനകളുടെയും പ്രദേശത്തെ CCTV ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവുമാണ് പ്രതിയെ കുടുക്കിയത്.
അതേസമയം, അന്നമ്മയുടെ ശരീരത്തിൽ ബലപ്രയോഗം നടന്നത്തിന്റെ പാടുകളുണ്ട്. അന്നമ്മയുടെ കയ്യിലും മുഖത്തും തലയിലും പരുക്കുകളും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. അന്നമ്മ ധരിച്ചിരുന്ന സ്വർണവളകളും കമ്മലും ബലം പ്രയോഗിച്ച് ഊരിയെടുത്തുവെന്നാണ് കണ്ടെത്തൽ. വീടിന് സമീപമുള്ള ജാതിത്തോട്ടത്തിൽ നിന്ന് ജാതിക്കായ് ശേഖരിക്കാനാണ് പതിവുപോലെ അന്നമ്മ വീട്ടിൽനിന്ന് ഇറങ്ങിയത്. രാത്രി വൈകിയും തിരിച്ചെത്താത്തതിനാൽ നടത്തിയ അന്വേഷണത്തിലാണ് തോട്ടത്തിൽ മരിച്ച നിലയിൽ അന്നമ്മയെ കണ്ടെത്തിയത്.
Story Highlights : Accused arrested in Kodanad elderly woman’s murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here