കിംഗ് ഖാന്റെ കിരീടത്തിലെ പുതിയ പൊൻതൂവൽ; 33 വർഷത്തെ കാത്തിരിപ്പിന് ശേഷം ദേശീയ പുരസ്കാരം

33 വർഷത്തെ സിനിമാ ജീവിതത്തിന് ശേഷം ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ ഷാരൂഖ് ഖാനെ തേടി ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം എത്തി. അറ്റ്ലീ സംവിധാനം ചെയ്ത ‘ജവാൻ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിനാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം ഷാരൂഖ് സ്വന്തമാക്കിയത്.
[Shah Rukh Khan got National Award after 33 years in cinema ]
നിരവധി ഫിലിംഫെയർ അവാർഡുകളും 2005-ലെ പത്മശ്രീ ബഹുമതിയും ലഭിച്ചിട്ടും ഒരു ദേശീയ പുരസ്‌കാരം ഷാരൂഖിന് എന്നും സ്വപ്നമായിരുന്നു. 59-ാം വയസ്സിൽ അദ്ദേഹത്തിന്റെ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും ലഭിച്ച ഈ അംഗീകാരം ആരാധകർക്ക് ഇടയിലും ഇരട്ടി മധുരമായി.
2023 ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നായിരുന്നു. ‘പത്താൻ’, ‘ജവാൻ’, ‘ഡങ്കി’ എന്നീ മൂന്ന് ചിത്രങ്ങളും ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് വൻ വിജയം നേടി. ഈ ചിത്രങ്ങൾ ആഗോളതലത്തിൽ 2500 കോടിയിലധികം രൂപ കളക്ട് ചെയ്ത്, ഒരു വർഷം കൊണ്ട് ഏറ്റവും വലിയ വരുമാനം നേടുന്ന ആദ്യ ഇന്ത്യൻ നടൻ എന്ന റെക്കോർഡ് ഷാരൂഖ് സ്വന്തമാക്കി. ഇന്ത്യൻ സിനിമയുടെ അന്താരാഷ്ട്ര അംബാസഡറായാണ് ഇന്ന് ഷാരൂഖ് അറിയപ്പെടുന്നത്.
1992-ൽ ‘ദീവാന’ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ‘ഡർ’, ‘ബാസിഗർ’ തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഷാരൂഖ് പിന്നീട് ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’, ‘കുച്ച് കുച്ച് ഹോതാ ഹേ’ പോലുള്ള റൊമാന്റിക് ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രണയ സങ്കൽപ്പങ്ങളെ രൂപപ്പെടുത്തി. ജൂഹി ചൗള, കാജോൾ, റാണി മുഖർജി എന്നിവരുമായുള്ള അദ്ദേഹത്തിന്റെ ഓൺ-സ്‌ക്രീൻ കെമിസ്ട്രിക്ക് വലിയ സ്വീകാര്യത ലഭിച്ചു. ഷാരൂഖിന് ‘ദേവദാസ്’, ‘വീർ സാറ’, ‘സ്വദേശ്’, ‘ചക് ദേ ഇന്ത്യ’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾക്ക് നേരത്തെ തന്നെ ദേശീയ പുരസ്കാരം ലഭിക്കേണ്ടതായിരുന്നുവെന്നും ചർച്ചകൾ മുൻപേ സജീവമായിരുന്നു.
ഷാരൂഖിന്റെ പുരസ്കാര നേട്ടത്തിനൊപ്പം ആരാധകരെ ആവേശത്തിലാക്കിയത് പ്രിയ നായിക റാണി മുഖർജിയുടെ നേട്ടം കൂടിയാണ്. ‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് റാണിക്കും ആദ്യമായി ദേശീയ പുരസ്കാരം ലഭിച്ചു. 30 വർഷത്തെ സിനിമാ ജീവിതത്തിൽ ഇതാദ്യമായാണ് റാണിക്കും ഈ നേട്ടം കൈവന്നത്. ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ജോഡികളായ ഈ താരങ്ങൾക്ക് ഒരേ വർഷം പുരസ്കാരം ലഭിച്ചത് ആരാധകർക്ക് വലിയ സന്തോഷം നൽകി.
നിലവിൽ ‘കിംഗ്’ എന്ന ആക്ഷൻ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഷാരൂഖ്. ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ മകൾ സുഹാന ഖാൻ ബിഗ് സ്ക്രീനിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. കരിയറിലെ വെല്ലുവിളികളെയും പരിക്കുകളെയും തരണം ചെയ്ത് ബോളിവുഡിലെ കിംഗ് ഖാനായി തന്നെ മുന്നോട്ട് പോകുന്ന താരത്തിന് ലഭിച്ച ഈ ദേശീയ പുരസ്കാരം ഷാരൂഖിന്റെ നീണ്ട സിനിമാ ജീവിതത്തിനുള്ള വലിയ അംഗീകാരമായി കണക്കാക്കപ്പെടുന്നു.
Story Highlights : Shah Rukh Khan wins first national film award after 33 years in cinema
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here