‘ജ്യോതിര്‍ഗമയ’ : SKN 40 രണ്ടാംഘട്ടത്തിന് തുടക്കം

എസ്‌കെഎന്‍ ഫോര്‍ട്ടിയുടെ രണ്ടാംഘട്ടമായ ജ്യോതിര്‍ഗമയ്ക്ക് തുടക്കം. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ലഹരി മാഫിയയുടെ പിടിയില്‍ നിന്നും കേരളത്തെ മോചിപ്പിക്കാനുള്ള ഒരു വര്‍ഷം നീളുന്ന പ്രചാരണ പരിപാടിക്കാണ് തുടക്കമായത്. വിദ്യാലയങ്ങളിലും കോളജുകളിലും വിപുലമായ ബോധവല്‍ക്കരണ പരിപാടികളാണ് ജ്യോതിര്‍ഗമയയുടെ ഭാഗമായി ട്വന്റിഫോര്‍ സംഘടിപ്പിക്കുന്നത്. മദ്യത്തിനും എല്ലാവിധ ലഹരികള്‍ക്കുമെതിരെ നിരന്തരം ശബ്ദിക്കുകയും അറിവ് എന്ന ലഹരിയിലേക്ക് കേരളത്തെ വളര്‍ത്തുകയും ചെയ്ത പ്രൊഫസര്‍ എം കെ സാനുവിനു മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് ജ്യോതിര്‍ഗമയ്ക്ക് തുടക്കം കുറിച്ചത്.
എക്സൈസ് മന്ത്രി എം ബി രാജേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എസ്‌കെഎന്‍ ഫോര്‍ട്ടി ആദ്യഘട്ടത്തിന്റെ ഭാഗമായി ട്വന്റിഫോര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെ ഗൗരവമായാണ് സര്‍ക്കാര്‍ കണ്ടതെന്നും നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചെന്നും എം ബി രാജേഷ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ജ്യോതിര്‍ഗമയ്ക്ക് ആശംസകള്‍ നേര്‍ന്നു. ലഹരിമാഫിയ കുട്ടികളെയാണ് ലക്ഷ്യമിടുന്നതെന്നും ലഹരി മാഫിയയുടെ പിടിയില്‍ നിന്നും കേരളത്തെ മോചിപ്പിക്കാനുള്ള ട്വന്റിഫോറിന്റെ ശ്രമങ്ങള്‍ പൂര്‍ണപിന്തുണയെന്നും വി ഡി സതീശന്‍ പറഞ്ഞു.
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ ദിവ്യ എസ് അയ്യര്‍, ട്വന്റിഫോര്‍ എഡിറ്റര്‍ ഇന്‍ചാര്‍ജ് പി പി ജെയിംസ്, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മനശ്ശാസ്ത്ര വിഭാഗം മേധാവി ഡോക്ടര്‍ മോഹന്‍ റോയ്, തിരുവനന്തപുരം മാനസികരോഗാശുപത്രിയിലെ ഡീഅഡിക്ഷന്‍ സെന്റര്‍ മേധാവിയായ ഡോക്ടര്‍ ഷീന, കോട്ടണ്‍ഹില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗ്രീഷ്മ, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ജ്യോതിര്‍ഗമയയ്ക്ക് ആശംസകള്‍ നേര്‍ന്നു. അപകടം ആര്‍ക്കു സംഭവിച്ചാലും അത് ആവര്‍ത്തിക്കപ്പെടാതിരിക്കാനും നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും ജ്യോതിര്‍ഗമയ നാടിന്റെ എല്ലാ കോണുകളിലേക്കും എത്തട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
ട്വന്റിഫോര്‍ ചീഫ് എഡിറ്ററും ഫ്ളേവഴ്സ് മാനേജിങ് ഡയറക്ടറുമായ ആര്‍ ശ്രീകണ്ഠന്‍ നായര്‍ മാധ്യമജീവിതത്തില്‍ 40 വര്‍ഷം തികച്ചത് എസ്‌കെഎന്‍ ഫോര്‍ട്ടിയിലൂടെയാണ് ട്വന്റിഫോര്‍ അടയാളപ്പെടുത്തിയത്. എസ്‌കെഎന്‍ ഫോര്‍ട്ടിയുടെ ഭാഗമായി ആര്‍ ശ്രീകണ്ഠന്‍ നായര്‍ നയിച്ച ‘അരുത് അക്രമം അരുത് ലഹരി’ കേരള യാത്ര വന്‍വിജയമായിരുന്നു. മാര്‍ച്ച് 16-ന് തിരുവനന്തപുരത്തു നിന്നും ആരംഭിച്ച യാത്ര 14 ജില്ലകളും പിന്നിട്ട് ഏപ്രില്‍ 20-ന് കോഴിക്കോട് ബീച്ചില്‍ ജനലക്ഷങ്ങളുടെ സാന്നിധ്യത്തിലാണ് സമാപിച്ചത്. യാത്ര ആരംഭിക്കുന്നതിനു മുന്നോടിയായി ആര്‍ ശ്രീകണ്ഠന്‍ നായര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ യാത്രയില്‍ കണ്ടെത്തുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാരിന് വിശദമായ ഒരു റിപ്പോര്‍ട്ട് നല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. കേരളത്തിലെ മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ലഭിച്ച രഹസ്യ വിവരങ്ങളും ലഹരിവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ പേരുവിവരങ്ങളും മാഫിയയുടെ വിവിധയിടങ്ങളിലെ പ്രവര്‍ത്തനശൈലിയും വിശദമായി പ്രതിപാദിക്കുന്ന ഒരു സമഗ്ര അന്വേഷണ റിപ്പോര്‍ട്ടാണ് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. റിപ്പോര്‍ട്ട് പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും പ്രതികരിച്ചു.
Read Also: ‘വി സി നിയമനത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണം’; ഗവർണറുമായി കൂടിക്കാഴ്ച നടത്തി മന്ത്രിമാർ
കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ മുതല്‍ പ്രൊഫഷണലുകള്‍ വരെ ലഹരി മാഫിയയുടെ കാരിയര്‍മാരായി പലയിടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന നിര്‍ണായ വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മയക്കുമരുന്നിന്റെ ഉപയോഗം സമൂഹത്തിലുണ്ടാക്കുന്ന ആഘാതം, പൊതുജനാരോഗ്യ രംഗത്തിന് അതുണ്ടാക്കുന്ന വെല്ലുവിളികള്‍, സാമൂഹിക ബന്ധങ്ങളിലെ തകര്‍ച്ച, കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവ്, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ എന്നിവയെല്ലാം വിശദമായ ചര്‍ച്ച ചെയ്ത റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അടിയന്തര നടപടികളാണ് സ്വീകരിച്ചത്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പലരും അറസ്റ്റിലായി.
എസ് കെ എന്‍ 40-യുടെ രണ്ടാം ഘട്ടമായ ജ്യോതിര്‍ഗമയയുടെ ഭാഗമായി ‘മയക്കുമരുന്ന് മഹാവിപത്ത്’ എന്ന പുതിയ പ്രചാരണത്തിന് ട്വന്റിഫോറും ഫ്ളവേഴ്സും തുടക്കമിട്ടത്. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപഭോഗം പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. വിദ്യാലയങ്ങളും കോളെജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രചാരണങ്ങള്‍ നടത്തി, മഹാവിപത്തിനെപ്പറ്റി കുട്ടികളില്‍ അവബോധം സൃഷ്ടിക്കുകയാണ് ഈ പ്രചാരണ പരിപാടിയുടെ ലക്ഷ്യം.
Story Highlights : SKN 40 Phase 2 begins
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here