16,000 കോടി നിക്ഷേപം, 3,500 പേർക്ക് ജോലി; തമിഴ്നാട്ടിൽ വിൻഫാസ്റ്റിന്റെ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

ഇന്ത്യയിലേക്കുള്ള എൻട്രി അതിവേഗത്തിലാക്കി കൊണ്ടിരിക്കുകയാണ് വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ്. ഇപ്പോഴിതാ തമിഴ്നാട്ടിലെ പ്ലാന്റിൽ നിന്ന് ആദ്യ വാഹനവും നിർമ്മിച്ച് പുറത്തിറക്കിയിരിക്കുകയാണ് വിൻഫാസ്റ്റ്. 16,000 കോടി രൂപയുടെ നിക്ഷേപത്തോടെയാണ് തമിഴ്നാട്ടിലെ തൂത്തുകുടിയിൽ കമ്പനി പ്ലാന്റ് ആരംഭിച്ചിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. പ്ലാന്റിൽ 3,500 പേർക്ക് തൊഴിൽ നൽകാനും കഴിഞ്ഞിട്ടുണ്ട്.
വിഎഫ്7 മോഡലാണ് പ്ലാന്റിൽ ആദ്യമായി നിർമ്മിച്ച വാഹനം. വിഎഫ്6, വിഎഫ്7 മോഡലുകളായിരിക്കും ഇന്ത്യയിൽ പുറത്തിറക്കുകയെന്ന് വിൻഫാസ്റ്റ് വ്യക്തമാക്കിയിരുന്നു. വർഷം 1.5 ലക്ഷം യൂണിറ്റുകളുടെ നിർമാണം ആണ് ഈ പ്ലാൻ്റിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലൂടെയാണ് വിൻഫാസ്റ്റിന്റെ ഇവികൾ ഇന്ത്യയിൽ അവതരിപ്പിച്ചത്.
വിഎഫ്6 മോഡലിന് 25 ലക്ഷം രൂപ മുതലും വിഎഫ്7 മോഡലിന് 50 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ട്. അഞ്ചു സീറ്റർ ഇലക്ട്രിക് എസ് യു വി വിഭാഗത്തിലേക്കു വി എഫ് 7 ,വിഎഫ് 6 എന്നിവ എത്തുന്നത്. 4,238 എംഎം നീളം, 1,820 എംഎം വീതി, 1,594 എംഎം ഉയരം, കൂടാതെ 2,730mm നീളമുള്ള വീൽബേസുമാണ് വിഎഫ് 6ന് വരുന്നത്. രണ്ട് വേരിയന്റുകളിലാണ് വിഎഫ്7 വിൻഫാസ്റ്റ് വിദേശ വിപണികളിൽ അവതരിപ്പിച്ചത്. ഇക്കോ, പ്ലസ് എന്നിവയാണ് അവ.
ഗുജറാത്തിലെ സൂറത്തിലെ പിപ്ലോഡ് മേഖലയിൽ വിൻഫാസ്റ്റ് തങ്ങളുടെ ആദ്യത്തെ ഷോറൂം തുറന്നിരുന്നു. 27 നഗര കേന്ദ്രങ്ങളിലായി 32 റീട്ടെയിൽ പോയിന്റുകൾ സ്ഥാപിക്കുന്നതിനായി 13 ഡീലർഷിപ്പ് ഗ്രൂപ്പുകളുമായി സഹകരിച്ചാണ് വിൻഫാസ്റ്റ് ഇപ്പോൾ പ്രവർത്തിക്കുന്നത്. വാഹനങ്ങളുടെ ബുക്കിങ് ആരംഭിച്ചിരുന്നു. 21,000 രൂപയാണ് ടോക്കൺ തുകയായി കൊടുക്കേണ്ടത്. VF7, VF6 ഇലക്ട്രിക് എസ്‌യുവികളുടെ ലോഞ്ച് ഓഗസ്റ്റ് മാസമാണ് നടക്കുക.
Story Highlights : VinFast inaugurates its EV assembly plant in Tamil Nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here