ഇംഗ്ലീഷ് ക്ലബ് ഫുട്ബോൾ ലീഗിന് ഇനി മണിക്കൂറുകൾ മാത്രം

ആരാധകരെ ആവേശത്തിലാഴ്ത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗിന് തുടക്കമാകുന്നു . നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും ബോൺമൗത്തും തമ്മിലുള്ള മത്സരത്തോടെയാണ് പ്രീമിയർ ലീഗ് ആരവങ്ങൾക്ക് ആരംഭം കുറിക്കുക. പ്രവചനകളും കണക്കുകൂട്ടലുകളും എല്ലാം തെറ്റിച്ചുകൊണ്ട് കുഞ്ഞൻ ടീമുകൾ വമ്പൻ ടീമുകളെ മലർത്തിയടിക്കുന്ന മത്സരങ്ങൾക്ക് വരെ സാക്ഷ്യം വഹിക്കുന്ന ലീഗ് ഓഗസ്റ്റ് 16, 12:30 ന് ആരംഭിച്ച്, 2026 മെയ് 24ന് അവസാനിക്കും.
കോച്ച് യൂർഗൻ ക്ലോപ്പ് ലിവർപൂളിൽ നിന്ന് പടിയിറങ്ങിയതോടെ പുതിയ കപ്പിത്താനായുള്ള തിരച്ചിലായിരുന്നു ക്ലബ്. ഒടുവിൽ ആർനെ സ്ലോട്ട് എന്ന ഡച്ച് പരിശീലകനെ ടീമിൽ എത്തിച്ചെങ്കിലും ആരും വലിയ പ്രതീക്ഷകൾ അർപ്പിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ പ്രീമിയർ ലീഗ് കിരീടം സ്ലോട്ടിന്റെ കീഴിൽ ലിവർപൂൾ സ്വന്തമാക്കി. വിര്‍ജില്‍ വാന്‍ ഡൈക്കിന്‍റെ നേതൃത്വത്തില്‍ ഇത്തവണയും കളത്തിലിറങ്ങാൻ ഒരുങ്ങുന്ന ലിവര്‍പൂള്‍ പുതിയ സൈനിംഗുകൾ നടത്തുന്നതിലും മുന്നിൽ തന്നെയാണ്. സൂപ്പര്‍ താരം ഫ്ലോറിയാന്‍ വീര്‍റ്റ്സിനെ ലിവർപൂൾ തങ്ങളുടെ ടീമിലെത്തിച്ചത് ഏകദേശം 1164 കോടി രൂപ മുടക്കി. ഇത്തവണത്തെ ഏറ്റവും വിലയേറിയ ട്രാൻസ്ഫർ എന്ന റെക്കോർഡും ഈ സൈനിങ്ങിനുണ്ട്.
യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ട പിഎസ്ജിയെ അട്ടിമറിച്ചുകൊണ്ട് ക്ലബ് ലോകകപ്പ് കിരീടം സ്വന്തമാക്കിയ ചെൽസിയാണ് വമ്പന്മാരുടെ കണക്കിൽ പിന്നീട് മുന്നിട്ടു നിൽക്കുന്നത്. മത്സരത്തിന് മുന്നേ തന്നെ പിഎസ്ജിയാണ് ചാമ്പ്യന്മാരെന്ന് പ്രവചിച്ചിരുന്നു. എന്നാൽ, എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തികൊണ്ട് കോൾ പാമറിന്റെ ഉജ്ജ്വല പ്രകടനത്തോടെ ചെൽസി കിരീടം സ്വന്തമാക്കി. ഇതേ അട്ടിമറി പ്രീമിയർ ലീഗിലും സംഭവിക്കാൻ സാധ്യതകൾ ഏറെയാണ്. വമ്പൻ ടീമുകളെ അടക്കം പോരാടി വിജയിക്കാനുള്ളത് ആത്മവിശ്വത്തോടെയാണ് ക്ലബ്ബിന്റെ വരവ്.
കഴിഞ്ഞ വർഷം പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്മാരാകും എന്ന സ്വപ്നം കണ്ടിരുന്നു പലരും. തുടർച്ചയായി നാല് തവണ ചാമ്പ്യന്മാരായി പ്രീമിയർ ലീഗിൽ പൂർണാധിപത്യം സ്ഥാപിക്കാൻ ആഗ്രഹിച്ച സിറ്റിക്ക് ഈ തകർച്ച വലിയ തിരിച്ചടിയാണ് നൽകിയിരുന്നത്. എന്നാൽ, കഴിഞ്ഞ സീസണില്‍ പരുക്ക് മൂലം കൂടുതല്‍ സമയവും പുറത്തിരിക്കേണ്ടി വന്ന റോഡ്രി പരുക്കുകളില്‍ നിന്ന് മുക്തനായി തിരികെ കളത്തിലേക്ക് എത്തുന്നു എന്നത് ഈ സീസണില്‍ സിറ്റിക്ക് ആത്മവിശ്വാസമേകുന്ന ഘടകമാണ്.
താരതമ്യേന ലിവർപൂളിനെക്കാൾ ദുർബലരാണ് എതിരാളികളെങ്കിലും ആവേശപ്പോരാട്ടം തന്നെ ഉറ്റുനോക്കുകയാണ് ആരാധകർ. ഒരു നിമിഷം മതി എല്ലാം മാറിമറിയാൻ. അതുകൊണ്ടുതന്നെ അട്ടിമറിയുടെ ഫുട്ബോൾ മത്സരങ്ങൾക്കും ലീഗ് സാക്ഷ്യം വഹിക്കാനുള്ള സാധ്യതകൾ ഏറെയാണ്.
Story Highlights : English Club Football League is just hours away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here