Advertisement

‘സംഘടനയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ തിരികെ കൊണ്ടുവരും; കേസില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകും’; ശ്വേതാ മേനോന്‍

21 hours ago
2 minutes Read
swetha

പുതിയ നേതൃത്വത്തിന്റെ പുത്തനുണര്‍വില്‍ അഭിനേതാക്കളുടെ സംഘടന ‘അമ്മ’. സംഘടനയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ തിരികെ കൊണ്ടുവരുമെന്ന് അമ്മയുടെ പുതിയ പ്രസിഡന്റ് ശ്വേതാ മേനോന്‍ ട്വന്റിഫോറിനോട് പറഞ്ഞു. തനിക്കെതിരായ കേസില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി. പ്രതിസന്ധി സമയത്ത് നല്‍കിയ പിന്തുണയ്ക്ക് ട്വന്റിഫോറിന് ശ്വേതാ മേനോന്‍ നന്ദിയറിയിച്ചു. ഗുഡ് മോര്‍ണിങ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഷോയിലായിരുന്നു ശ്വേതാ മേനോന്‍ മനസ് തുറന്നത്.

ഇത് A M M A അല്ല, ‘ അമ്മ’ യാണ്. എല്ലാവരെയും കേള്‍ക്കണം, പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് അജണ്ട. തിരഞ്ഞെടുപ്പില്‍ ഇത്ര ശക്തമായ ഒരു മത്സരം പ്രതീക്ഷിച്ചിരുന്നില്ല. 300ഓളം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. അത് വല്ലാത്ത സന്തോഷം ആയിരുന്നു – ശ്വേത വ്യക്തമാക്കി.

Read Also: വോട്ടര്‍ പട്ടിക ക്രമക്കേട്; കാസര്‍ഗോഡ് കുറ്റിക്കോല്‍ പഞ്ചായത്തില്‍ മാത്രം നൂറിലധികം ക്രമക്കേടുകള്‍

തനിക്കെതിരായ കേസിനെ കുറിച്ചും അതിലെ നിയമ നടപടിയെ കുറിച്ചും ശ്വേത മനസുതുറന്നു. ചെറിയ കാര്യങ്ങള്‍ ഗൗനിക്കാത്ത ആളാണ് താന്‍. കേസില്‍ ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകും. വ്യക്തിപരമായി ഒരുപാട് വേദനിപ്പിച്ച സംഭവമാണ് – ശ്വേത പറഞ്ഞു. തന്നെ പിന്തുണച്ച ട്വന്റിഫോര്‍ ഉള്‍പ്പടെയുള്ള എല്ലാ മാധ്യമങ്ങള്‍ക്കും ശ്വേത നന്ദി പറഞ്ഞു.

അതേസമയം, തലപ്പത്തേക്ക് വനിതകള്‍ എത്തിയതോടെ പൂര്‍ണ്ണമായ മാറ്റത്തിനൊരുങ്ങുകയാണ് സംഘടന. ഈ മാസം 21ന് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടപ്പിലാക്കാനാഗ്രഹിക്കുന്ന പുത്തന്‍ ആശയങ്ങള്‍ അവതരിപ്പിക്കുമെന്നാണ് ഭാരവാഹികള്‍ വ്യക്തമാക്കിയിരിക്കുന്നത്. മികച്ച ഭരണസമിതിയെന്നും എല്ലാ പരാതികളും സംഘടനയ്ക്കുള്ളില്‍ പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നുമാണ് താരങ്ങളുടെ പ്രതികരണം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സംഘടനയ്ക്ക് അകത്തുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളും സിനിമ കോണ്‍ക്ലേവില്‍ ഉരുതിരിഞ്ഞ ആശയങ്ങളും ചര്‍ച്ചയാക്കാനാണ് തീരുമാനം. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Story Highlights : Shweta Menon about AMMA presidentship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top