‘അമ്മയിലെ മാറ്റം നല്ലതിന്, വനിതകൾ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായം’; ആസിഫ് അലി

‘അമ്മ’ സംഘടനയിലെ പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് നടൻ ആസിഫ് അലി. വനിതകൾ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായമായിരുന്നു. ഇപ്പോൾ ഉണ്ടായിരിക്കുന്ന തീരുമാനങ്ങൾ സംഘടനയിൽ പോസിറ്റീവ് മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അമ്മ എന്നത് ഒരു കുടുംബമാണ്.
ആ കുടുംബത്തിൽ നിന്ന് ആർക്കും വിട്ടുനിൽക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, സംഘടനയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ തിരികെ കൊണ്ടുവരുമെന്ന് അമ്മയുടെ പുതിയ പ്രസിഡന്റ് ശ്വേതാ മേനോന്‍ ട്വന്റിഫോറിനോട് പറഞ്ഞു. തനിക്കെതിരായ കേസില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.
ഇത് A M M A അല്ല, ‘ അമ്മ’ യാണ്. എല്ലാവരെയും കേള്‍ക്കണം, പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് അജണ്ട. തിരഞ്ഞെടുപ്പില്‍ ഇത്ര ശക്തമായ ഒരു മത്സരം പ്രതീക്ഷിച്ചിരുന്നില്ല. 300ഓളം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. അത് വല്ലാത്ത സന്തോഷം ആയിരുന്നു – ശ്വേത വ്യക്തമാക്കി.
അതേസമയം, തലപ്പത്തേക്ക് വനിതകള്‍ എത്തിയതോടെ പൂര്‍ണ്ണമായ മാറ്റത്തിനൊരുങ്ങുകയാണ് സംഘടന. ഈ മാസം 21ന് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടപ്പിലാക്കാനാഗ്രഹിക്കുന്ന പുത്തന്‍ ആശയങ്ങള്‍ അവതരിപ്പിക്കുമെന്നാണ് ഭാരവാഹികള്‍ വ്യക്തമാക്കിയിരിക്കുന്നത്. മികച്ച ഭരണസമിതിയെന്നും എല്ലാ പരാതികളും സംഘടനയ്ക്കുള്ളില്‍ പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നുമാണ് താരങ്ങളുടെ പ്രതികരണം.
Story Highlights : Actor Asif Ali welcomes new changes in ‘AMMA’ Association
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here