ജമ്മു കശ്മീരിൽ വീണ്ടും മിന്നൽ പ്രളയം; 7 പേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

ജമ്മു കശ്മീരിൽ കിഷ്ത്വാറിന് പിന്നാലെ കത്വയിലും മേഘവിസ്ഫോടനം. മിന്നൽ പ്രളയത്തിൽ 7 പേർ മരിച്ചു. നൂറ് കണക്കിന് ആളുകളെ കാണാതായ കിഷ്ത്വാറിൽ നാലാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്.
ദേശിയ പാതകൾക്കും റെയിൽ പാളങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. നിലവിൽ എൻഡിആർഎഫിന്റെയും, എസ്ഡിആർഎഫിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീർ ലഫ്റ്റനൻഡ് ഗവർണറുമായി സംസാരിച്ചു.
കിഷ്ത്വാറിലെ ദുരന്ത ഭൂമിയിൽ നാലാം ദിവസവും രക്ഷാപ്രവർത്തനം
തുടരുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.ദുരന്തഭൂമിയിൽ വന്നടിഞ്ഞ വലിയ പാറകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊട്ടിച്ചെടുക്കാനാണ് ഇന്ന് ശ്രമം നടത്തുന്നത്. ഡ്രോണുകളും കഡാവർ നായ്ക്കളെയും ഉപയോഗിച്ചുള്ള തെരച്ചിലും പുരോഗമിക്കുകയാണ്.
ഇതിനിടെ ഹിമാചൽ പ്രദേശിലെ മാണ്ഡിയിലും മിന്നൽ പ്രളയം നാശം വിതച്ചു. മാണ്ഡി ജില്ലയിലെ പനാർസ, തക്കോലി, നാഗ്വെയിൻ, എന്നിവിടങ്ങളിലാണ് മിന്നൽ പ്രളയം ഉണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മണ്ണിടിച്ചിലിനെ തുടർന്ന് ഛണ്ഡീഗഡ് മണാലി ദേശിയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. അടുത്ത രണ്ട് ദിവസം കൂടി ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
Story Highlights : Flash floods again hit Jammu and Kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here