കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; റമീസിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ

കോതമംഗലത്തെ ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യയിൽ രണ്ട് പേർ കൂടി കസ്റ്റഡിയിൽ. ഒന്നാം പ്രതി റമീസിന്റെ മാതാപിതാക്കളാണ് കസ്റ്റഡിയിലായത്. തമിഴ്നാട്ടിൽ നിന്ന് പിടികൂടിയ പ്രതികളെ ഉടൻ കോതമംഗലത്ത് എത്തിക്കും. റമീസിന്റെ അറസ്റ്റിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു. കേസിലെ രണ്ടാം പ്രതിയായിട്ടുള്ള റഹീം, മൂന്നാം പ്രതിയായിട്ടുള്ള ഷെരീഫ എന്നിവരാണ് പിടിയിലായിട്ടുള്ളത്.
പ്രതികൾക്കായി പറവൂരുള്ള വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തമിഴ്നാട്ടിൽ ഉണ്ടെന്ന വിവരം ലഭിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയെ മതം മാറണമെന്ന കാര്യം പറഞ്ഞ് മാനസിക സമ്മർദത്തിലാക്കി മർദിക്കുന്ന സമയത്ത് ഇവർ ഇടപെട്ടില്ല. പെൺകുട്ടിയ്ക്ക് മാനസിക സമ്മർദം വർധിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഇവരുടെ ഭാഗത്ത് നിന്നുണ്ടായി.
പ്രതികളെ കോതമംഗലത്ത് എത്തിച്ച ശേഷം വിശദമായ മൊഴി രേഖപ്പെടുത്ത് കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം. അതേസമയം ഒന്നാം പ്രതിയായിട്ടുള്ള റമീസിനെ കസ്റ്റഡിയിൽ വാങ്ങാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ഹർജി പരിഗണിക്കും. ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേർന്ന് മതപരിവർത്തനത്തിന് നിർബന്ധിച്ചത് കൊണ്ടാണെന്നായിരുന്നു കുടുംബത്തിന്റെ പരാതി.
Story Highlights : Kothamangalam 23-year-old death case accused parents in custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here