ജയിക്കാന്‍ കശ്മീരില്‍ നിന്ന് വരെ ആളെ ചേര്‍ക്കുമെന്ന് ബി ഗോപാലകൃഷ്ണന്‍; വിമര്‍ശിച്ച് സിപിഐഎം; ന്യായീകരണവുമായി എം ടി രമേശ്

വോട്ടുചേര്‍ക്കലില്‍ വിവാദ പ്രസ്താവനയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍. വേണ്ടിവന്നാല്‍ ജമ്മു കശ്മീരില്‍ നിന്ന് വരെ ആളെക്കൊണ്ടുവന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിക്കുമെന്നാണ് ബി ഗോപാലകൃഷ്ണന്റെ പരാമര്‍ശം. അത് നാളെയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. (mt ramesh on b gopalakrishnan’s controversial statement)
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുള്‍പ്പെടെ ബി ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നു. എവിടെനിന്നും വോട്ടുചേര്‍ക്കുമെന്ന് പറയുന്നതിന് പിന്നില്‍ ഫാസിസ്റ്റ് നിലപാടാണെന്നാണ് എം വി ഗോവിന്ദന്റെ വിമര്‍ശനം. എന്തിനാ കശ്മീരില്‍ നിന്നൊക്കെ ആളെ കൊണ്ടുവരുന്നതെന്നും ശശി തരൂര്‍ മുതല്‍ ഡി കെ ശിവകുമാര്‍ വരെയുള്ളവര്‍ ഇവിടെയുണ്ടല്ലോ എന്ന് മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെ പരിഹസിച്ചു.
പ്രസ്താവന വിവാദമായതോടെ ബി ഗോപാലകൃഷ്ണന്റെ ന്യായീകരണവുമായി ബിജെപി നേതാവ് എം ടി രമേശ് രംഗത്തെത്തി. നിയമാനുസൃതമെങ്കില്‍ ആര്‍ക്കും എവിടെയും വോട്ട് ചെയ്യാമല്ലോ എന്നായിരുന്നു എം ടി രമേശിന്റെ വിശദീകരണം. ജനപ്രാതിനിധ്യ നിമയമനുസരിച്ച് തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാകുകയും ആറ് മാസം ഒരിടത്ത് താമസിക്കുകയും ചെയ്താല്‍ ആര്‍ക്കും വോട്ട് ചേര്‍ക്കാമെന്ന് അദ്ദേഹം പറഞ്ഞു. നിയമാനുസൃതമെങ്കില്‍ തനിക്ക് കശ്മീരിലും വോട്ട് ചേര്‍ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : mt ramesh on b gopalakrishnan’s controversial statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here