പിണറായി സര്‍ക്കാരില്‍ നിന്ന് നീതികിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം, അവരെ ചൂണ്ടിക്കാട്ടി രാഹുലിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നോക്കരുത്: പി വി അന്‍വര്‍

സിപിഐഎം ആരോപണവിധേയരായ ചിലരെ സംരക്ഷിക്കുന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പി വി അന്‍വര്‍. രാഹുല്‍ ചില സ്ത്രീകളുമായി നടത്തിയ സംഭാഷണങ്ങള്‍ പുറത്തുവന്നതാണ് ഇപ്പോള്‍ സമൂഹത്തിന് മുന്നിലുള്ളതെന്നും അത് കെട്ടിച്ചമച്ചതാണെങ്കില്‍ ഇതിനോടകം രാഹുല്‍ അത് തള്ളിപ്പറഞ്ഞ് രംഗത്തെത്തുമായിരുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു. അതിനാല്‍ രാഹുലിനെതിരായ ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് പൊതുസമൂഹം ഉറപ്പിക്കുന്നുവെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. (pv anvar on allegations against rahul mamkoottathil)
സിപിഐഎം ചെയ്തില്ലേ എന്ന് ചോദിച്ച് രാഹുലിനെ സംരക്ഷിക്കുന്നത് നീതികരിക്കാനാകാത്ത നിലപാടാണെന്ന് അന്‍വര്‍ പറയുന്നു. ചെറിയ കാര്യങ്ങളില്‍ ആരോപണ വിധേയരായ ആളുകള്‍ പോലും മാറിനിന്ന് അന്വേഷണം നേരിട്ടിട്ടുള്ള പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നിങ്ങള്‍ അമ്മയെ തല്ലിയില്ലേ എന്ന് ചോദിച്ചാല്‍ അടുത്ത വീട്ടിലുള്ളവര്‍ അമ്മയെ തല്ലിയതിനെക്കുറിച്ച് ഒന്നും പറയാനില്ലേ എന്ന് ചോദിക്കുന്നത് ശരിയില്ല. പിണറായി സര്‍ക്കാരില്‍ നിന്ന് ആര്‍ക്കും നീതി കിട്ടില്ലെന്ന് പലഘട്ടങ്ങളിലായി ബോധ്യപ്പെട്ടതാണ്. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ വായുവില്‍ നില്‍ക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം ഉയര്‍ന്ന് ചിന്തിക്കണം. കേരളത്തിലെ മൂന്നര കോടി ജനങ്ങള്‍ ഇത് കാണുന്നുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ കൈവിട്ടതിനാല്‍ രാജി വൈകിയേക്കില്ലെന്നാണ് സൂചന. രാഹുല്‍ രാജിവെച്ചാല്‍ എതിരാളികള്‍ക്കു മേല്‍ മുന്‍തൂക്കം നേടാമെന്നാണ് വിഡി സതീശന്റെ നിലപാട്. വിഡി സതീശനെ പിന്തുണയ്ക്കുന്നവര്‍ക്കും ഇതേ നിലപാടാണ്. കുറച്ചുകൂടി കാത്തിരിക്കാമെന്ന് മറുപക്ഷം പറയുന്നുന്നത്. പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അടൂരിലെ വസതിയില്‍ തുടരുകയാണ്.
Story Highlights : pv anvar on allegations against rahul mamkoottathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here