Advertisement

ഹൈക്കോടതിയുടെ Al ക്യാമറ വിധി; പൊതുതാൽപര്യ ഹർജികൾ പബ്ലിസിറ്റിക്ക് വേണ്ടിയാകരുത്, വിധി ഉൾക്കൊണ്ട് മാപ്പ് പറയണം; മന്ത്രി പി രാജീവ്

10 hours ago
2 minutes Read
p rajeev

സേഫ് കേരള പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറ പദ്ധതിയിൽ 132 കോടിയുടെ അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. കോടതി വിധി വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവിനും മുഖത്തേറ്റ അടിയാണ്. കെൽട്രോണിനെ പ്രതിസന്ധിയിലാക്കാനാണ് ഇവർ ശ്രമിച്ചത്. വിധിയ്ക്ക് ശേഷം നടത്തിയ പ്രതികരണം കോടതിയെ സംശയത്തിൻ്റെ നിഴലിലാക്കുകയാണ് ഉണ്ടായതെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

പൊതുതാൽപര്യ ഹർജി നൽകിയവർക്ക് തെളിവിൻ്റെ ഒരു കണികപോലും നൽകാനായില്ല. അതാണ് വിധി തള്ളാൻ കാരണം.ഒരു തെളിവും ഇല്ലാതെ വെറുതെ ആരോപണം ഉന്നയിച്ചു. എന്നിട്ട് 90 പേജ് കുത്തിക്കുറിച്ച് കോടതിയിൽ പോയി.പൊതു താൽപര്യ ഹർജികൾ പബ്ലിസിറ്റിക്ക് വേണ്ടി ആകരുതെന്നും വിധി ഉൾക്കൊണ്ട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എ ഐ ക്യാമറ അഴിമതി ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ചേർന്നാണ് പൊതുതാൽപര്യ ഹർജി ഹൈക്കോടതിയിൽ നൽകിയത്. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
ആരോപണങ്ങൾ തെളിയിക്കാൻ ഹർജിക്കാർ മതിയായ രേഖകൾ ഹാജരാക്കിയില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പ്രതിപക്ഷ നേതാവിന്റെ ഹർജി തള്ളിയത്.

Story Highlights : AI Camera corruption allegation Highcourt verdict minister p rajeev reaction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top