വ്യവസായികളെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുവന്ന കേസ്; ഒരാൾ കൂടി അറസ്റ്റിൽ

പാറശ്ശാലയിൽ തമിഴ്നാട്ടിലെ വ്യവസായികളെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുവന്ന സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. സേലം, കുപ്പ നായഗനൂർ സ്വദേശിയായ സുരേഷ് (42) നെയാണ് പാറശ്ശാല പൊലീസിന് തമിഴ്നാട് പൊലീസ് കൈമാറിയത്.
തമിഴ്നാട് സ്വദേശികളായ രണ്ട് വ്യവസായികളെ സേലം സ്വദേശിയായ പ്രതി സുരേഷ് ഓസൂറിൽ വിൽപ്പനയ്ക്കുള്ള വസ്തു കാണിച്ചു തരാം എന്ന വ്യാജേന ബംഗ്ലൂരിലേക്ക് തട്ടിക്കൊണ്ടുപോകുകയും ആളില്ലാത്ത സ്ഥലത്ത് എത്തിക്കുകയുമായിരുന്നു.
സംഭവത്തിൽ നേരത്തെ ഇന്റലിജൻസ് വിവരശേഖരണം തുടങ്ങിയിരുന്നു. കേരള പൊലീസിന്റെ യൂണിഫോം അണിഞായിരുന്നു തട്ടിക്കൊണ്ടു പോകലും ലഹരി കടത്തും. പ്രതികൾ പൊലീസ് ചമഞ്ഞു തട്ടിക്കൊണ്ടുപോകൽ പലതവണ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. റിലീസ് ചിത്രീകരണത്തിനാണ് പൊലീസ് യൂണിഫോം നിർമ്മിച്ചതെന്ന് പ്രതികൾ പറഞ്ഞെങ്കിലും തോക്കും തിരകളും വ്യാജ തിരിച്ചറിയൽ കാർഡും വിലങ്ങും ലഭിച്ചതോടെ കളവ് പൊളിഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിൽ പൊലീസ് ചമഞ്ഞു കൂടുതൽ തട്ടിപ്പും ലഹരി കടത്തും തട്ടിക്കൊണ്ടുപോലും നടത്തിയതായി പ്രതികൾ കുറ്റസമ്മതം നടത്തി.
എന്നാൽ പാറശ്ശാലയിലെ ഈ ഗൂഢ സംഘത്തിലെ പ്രധാനിയും സൂത്രധാരനും നെയ്യാറ്റിൻകരയിലെ സ്വദേശിയായ കൊലക്കേസ് പ്രതിയാണ്. തമിഴ്നാട്ടിൽ നിയമവിരുദ്ധമായി പണം സമ്പാദിക്കുന്ന വ്യവസായികളെ കണ്ടെത്തിയായിരുന്നു അതിവിദഗ്ധമായി ഇവരെ വലയിലാക്കിയിരുന്നത്. കേരള പൊലീസിന്റെ വേഷത്തിൽ തമിഴ്നാട്ടിൽ എത്തുന്ന സംഘം കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇവർ പ്രതികൾ ആണെന്ന് ധരിപ്പിക്കുകയും എസ്പിയുടെ മുൻപിൽ ഹാജരാകണമെന്നും അറിയിക്കും. വിലങ്ങു വെച്ച് വാഹനത്തിൽ കയറ്റി യാത്രയിൽ ഉടനീളം ക്രൂരമായ മർദ്ദിച്ച് പണവും സ്വർണ്ണവും അപഹരിക്കും. രാത്രിയോടെ കേരള തമിഴ്നാട് അതിർത്തിയിലെ വാടക വീട്ടിലെത്തിച്ച് മോചന ദ്രവ്യം ആവശ്യപ്പെടും. പാറശ്ശാല ഉദിയൻകുളങ്ങര കൊച്ചൊട്ടുകോണം കരിക്കിൻ വിളയിൽ പുറത്തുനിന്ന് വാതിൽ ആണി അടിച്ചു ഉറപ്പിച്ച വാടകവീട്ടിൽ നിന്നാണ് ചങ്ങല കൊണ്ട് ബന്ധിപ്പിച്ചു വായിൽ തുണി തിരികിയ നിലയിൽ രണ്ട് വ്യാപാരികളെ ഇന്നലെ കണ്ടെത്തിയത്.
Story Highlights : One arrested in case of kidnapping of industrialists to Parassala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here