കണ്ണൂരില്‍ വാടക വീടിനുള്ളില്‍ സ്‌ഫോടനം; ശരീര അവശിഷ്ടങ്ങള്‍ ചിതറിയ നിലയില്‍; അപകടം ബോംബ് നിര്‍മാണത്തിനിടെ എന്ന് സംശയം

കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വീടിനുള്ളില്‍ സ്‌ഫോടനം. വീടിനുള്ളില്‍ ശരീരാവിശിഷ്ടങ്ങള്‍ ചിതറിയ നിലയിലാണ്. ഒരാള്‍ മരിച്ചെന്നാണ് സൂചന. ഗോവിന്ദന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം ബോംബ് നിര്‍മാണത്തിനിടെയെന്നാണ് നാട്ടുകാരുടെ സംശയം. (bomb blast like Explosion inside rented house in Kannur)
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തുകയാണ്. ഫയര്‍ ഫോഴ്‌സും ഡോഗ് സ്‌ക്വാഡും വീട്ടിലും പരിസരത്തും പരിശോധനകള്‍ നടത്തിവരുന്നുണ്ട്. അനൂപ് എന്നയാള്‍ക്കാണ് ഗോവിന്ദന്‍ വീട് വാടകയ്ക്ക് നല്‍കിയത്. വീട്ടില്‍ ബോംബ് നിര്‍മാണം നടക്കുന്നതായി ഇതുവരെ സംശയം തോന്നിയിട്ടില്ലെന്ന് പ്രദേശവാസികള്‍ ട്വന്റിഫോര്‍ പറഞ്ഞു.
വീട്ടില്‍ ഇരുചക്രവാഹനങ്ങളില്‍ ആളുകള്‍ വന്നുപോകുന്നതായി കാണാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടില്‍ താമസിക്കുന്ന ആളെക്കുറിച്ച് പ്രദേശവാസികള്‍ക്ക് അധികമൊന്നും അറിയില്ല. വീടിന്റെ ജനലുകളും വാതിലുകളുമെല്ലാം തകര്‍ന്ന നിലയിലാണ്. വീടിന്റെ ഒരു ചെറിയ ഭാഗം ഒഴികെ മറ്റെല്ലാം തകര്‍ന്നു. ഓടിട്ട വീടാണ്. ബോംബ് പോലുള്ള വലിയ സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നും അതാണ് വീട് ഇങ്ങനെ തകര്‍ന്നതെന്നും നാട്ടുകാര്‍ പറയുന്നു. വീടിന്റെ പരിസരത്തുനിന്ന് ചില പൊട്ടാത്ത സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായും സൂചനയുണ്ട്.
Story Highlights : bomb blast like Explosion inside rented house in Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here