വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് സമാപനം; പദയാത്രയിൽ ഇന്ത്യാ സഖ്യ നേതാക്കൾ അണിനിരക്കും

ബിഹാറിൽ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് സമാപനം. പട്നയിലെ ഗാന്ധി മൈതാനത്ത് നിന്ന് ആരംഭിക്കുന്ന പദയാത്രയിൽ ഇന്ത്യാ സഖ്യത്തിലെ പ്രധാന നേതാക്കൾ അണിചേരും. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നൽകിയ 89 ലക്ഷം പരാതികളും തള്ളിയെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
മഹാരാഷ്ട്ര കർണാടകയടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായുള്ള തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര. വോട്ട് കൊളളയ്ക്കും വോട്ടർ പട്ടിക പരിഷ്കരണത്തിനുമെതിരെ ഓഗസ്റ്റ് 17ന് ബീഹാറിലെ കോൺഗ്രസ് ശക്തികേന്ദ്രമായ സാസ്റാമിൽ നിന്നാരംഭിച്ച പര്യടനം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ബിഹാർ കണ്ടതിൽ ഏറ്റവും വലിയ പ്രതിഷേധമായി അത് മാറി.
14 ദിവസം നീണ്ടു നിന്ന യാത്ര ബിഹാറിലെ 110 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോയി. നഗര ഗ്രാമ വ്യത്യാസമില്ലാതെ യാത്രയ്ക്ക് വലിയ ജന പിന്തുണയാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയ്ക്കും എതിരായ ആരോപണങ്ങൾ യാത്രയിലൂടെ നീളം രാഹുൽ ഗാന്ധി ആവർത്തിച്ചു.
1300 കിലോമീറ്റർ പിന്നിട്ടാണ് യാത്ര പട്നയിൽ എത്തിയത്. ഇന്ന് രാവിലെ 11 മണിയോടെ ഗാന്ധി മൈതാനത്ത് നിന്നും അംബേദ്കർ പാർക്കിലേക്ക് പദയാത്ര ആരംഭിക്കും. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ യാത്രയിൽ പങ്കെടുക്കും. ബിഹാറിലെ വോട്ടർ അധികാർ യാത്ര വൻവിജയം എന്നാണ് വിലയിരുത്തൽ. വോട്ടു കൊള്ളയ്ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കടുപ്പിക്കാൻ ആണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കം.
Story Highlights : Voter Adhikar Yatra concludes today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here