Advertisement

തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചു; പൂഴ്ത്തിവെച്ച ദൃശ്യങ്ങൾ പുറത്ത്

8 hours ago
2 minutes Read

തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് മർദ്ദനത്തിന് വിധേയനാക്കുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന്. ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ പൊലീസ് മർദ്ദിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം നടന്നത്. എസ്‌ഐ നുഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചത്.

വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ അകാരണമായി പോലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് സുജിത്തിനെ സ്റ്റേഷനിൽ‌ എത്തിച്ച് മർദിച്ചത്. സുജിത്തിനെതിരെ അന്ന് വ്യാജ എഫ്ഐആറും പൊലീസ് ഇട്ടിരുന്നു. എന്നാൽ കോടതിയിൽ സുജിത്ത് നിരപരാധി എന്ന് തെളിയുകയായിരുന്നു. ക്രൂരമർദ്ദനത്തിൽ സ്റ്റേഷനിലെ നാല് പോലീസുകാർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിടുകയും ചെയ്ത‍ിരുന്നു. പൊലീസ് പൂഴ്ത്തിവെച്ച സിസിടിവി ദൃശ്യങ്ങൾ നിയമ പോരാട്ടത്തിനൊടുവിലാണ് പുറത്തുവിട്ടത്.

മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് മർദിച്ച് സുജിത്തിനെ ബലമായി വാഹനത്തിൽ പൊലീസ് കയറ്റിക്കൊണ്ടിപോവുകയായിരുന്നു. സ്‌റ്റേഷനിലെത്തിച്ച ശേഷം ജീപ്പിൽ നിന്ന് ഇറക്കുന്നത് മുതലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങളാണിത്. സ്റ്റേഷനിൽ സുജിത്തിനെ എത്തിച്ച ഉടനെ തന്നെ എസ്‌ഐ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയും. ഈ അടിയിലാണ് സുജിത്തിന്റെ കേൾവി ശക്തി അടക്കം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായത്. പിന്നീട് ആളൊഴിഞ്ഞ സിസിടിവി ഇല്ലാത്ത മുറിയിൽ സുജിത്തിനെ എത്തിച്ച് അതിക്രൂരമായി മർദിക്കുന്നുണ്ട്.

Read Also: ‘ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിൽ സുതാര്യത ഇല്ല’; ഹൈക്കോടതി

സുജിത്ത് മദ്യപിച്ച് പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് വ്യാജ എഫ്‌ഐആർ പൊലീസ് ഇടുകയും ചെയ്തു. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതോടുകൂടി ചാവക്കാട് മജിസ്‌ട്രേറ്റ് സുജിത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ മജിസ്‌ട്രേറ്റ് തിരക്കുന്നതിനിടെയാണ് ചെവിക്ക് അടിയേറ്റിട്ടുണ്ടെന്ന് സുജിത്ത് പറയുന്നത്. തുടർന്ന് വൈദ്യ പരിശോധനയ്ക്ക് മജിസ്‌ട്രേറ്റ് നിർദേശിക്കുകയായിരുന്നു. തുടർന്നാണ് സുജിത്ത് ക്രൂരമായ മർദനത്തിന് ഇരയായെന്ന് കണ്ടെത്തിയത്.

പിന്നീട് കുന്നംകുളം മജിസ്‌ട്രേറ്റ് ഇടപെട്ട് കേസിൽ വിശദമായ പരിശോധനയിലേക്ക് കടന്നത്. തുടർന്ന് കേസെടുക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. ദൃശ്യങ്ങളടക്കം ഉണ്ടായിട്ടും പൊലീസ് ഉദ്യോ​ഗസ്ഥർ‌ക്കെതിരെ കാര്യമായ നടപടിയെടുത്തില്ല. ഇവരെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്.

Story Highlights : Youth Congress leader brutally beaten at Thrissur station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top