അധ്യാപകരുടെ യോഗ്യത പരീക്ഷ; സുപ്രീം കോടതി ഉത്തരവിനെതിരെ ഹർജി നൽകാൻ സർക്കാർ

അധ്യാപകർ യോഗ്യത പരീക്ഷ വിജയിച്ചിരിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ നിയമ നടപടിക്ക് സർക്കാർ. സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജിയോ വ്യക്തത തേടിയുള്ള ഹർജിയോ സമർപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
സുപ്രീംകോടതി വിധി പ്രകാരം അഞ്ചോ അതിലധികമോ വർഷം സർവീസ് ബാക്കിയുള്ള അധ്യാപകർ 2027 സെപ്റ്റംബർ 1 നകം കെ -ടെറ്റ് യോഗ്യത നേടിയിരിക്കണം. യോഗ്യത നേടാത്തവർ നിർബന്ധിത വിരമിക്കൽ നടപടി നേരിടേണ്ടിവരും. നിലവിൽ സംസ്ഥാനത്ത് സർക്കാർ എയ്ഡഡ് മേഖലകളിലായി ആകെ 1.75 ലക്ഷം സ്കൂൾ അധ്യാപകരുണ്ട്. ഹയർ സെക്കൻഡറി ഒഴികെ 1 മുതൽ 10 വരെ ക്ലാസുകളിലുള്ള 1.5 ലക്ഷം അധ്യാപകർക്കാണ് കെ -ടെറ്റ് നിർബന്ധം. ഇതിൽ 70000 ത്തിലധികം അധ്യാപകർ കെ ടെറ്റ് നേടി നിയമിതരായവരാണ്. വിരമിക്കാൻ അഞ്ച് വർഷമുള്ളവർക്ക് ഇത് നിർബന്ധമല്ല.
അതേസമയം, ഈ വിഭാഗത്തിൽ 30000 അധ്യാപകർക്ക് കൂടി ഇളവ് ലഭിക്കും. ബാക്കി 50,000 അധ്യാപകർ രണ്ട് വർഷത്തിനകം യോഗ്യത നേടിയില്ലെങ്കിൽ പിരിഞ്ഞ് പോകേണ്ടി വരും. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്രം നിയമനിർമാണം നടത്തണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
Story Highlights : Teachers’ eligibility test; Government to file petition against Supreme Court order
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here